ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ആക്രമിക്കുന്നതെന്തിന്?: നൈല ഉഷ
ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ കിങ് ഓഫ് കൊത്തയ്‌ക്കെതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയ്‌നെതിരെ പ്രതികരണവുമായി നൈല ഉഷ. ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ഇങ്ങനെ ആക്രമിക്കുന്നത് ശരിയല്ലെന്നും ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപമാണ് നടക്കുന്നതെന്നും നൈല ഉഷ പറഞ്ഞു.
''ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കുന്നതെന്തിന്? ഈ സിനിമയിലെ താരങ്ങള്‍ക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നത് '' - നൈല ഉഷ പറഞ്ഞു. ''സിനിമയുടെ അണിയറക്കാര്‍ക്ക് ഞാന്‍ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും അറിയില്ല. പക്ഷേ എനിക്കിത് പറയണമെന്നുതോന്നി. എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറേ ആളുകള്‍ പ്രചരിപ്പിക്കുന്നത്? അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എല്ലാവരും സിനിമ തിയറ്ററില്‍ കാണട്ടെ, അതിന് അവസരം കൊടുക്കൂ. അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്, ഇവര്‍ വലിയ ആളുകളുടെ മക്കള്‍ ആണെന്നൊക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല .ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നേ ഞാന്‍ പറയൂ''. നൈല പറഞ്ഞു.
സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനെതിരെ നടന്‍ ഷമ്മി തിലകനും നേരത്തെ പ്രതികരിച്ചിരുന്നു. മലയാളത്തില്‍ ഇതുപോലുള്ള വലിയ ക്യാന്‍വാസ് ചിത്രങ്ങള്‍ ഉണ്ടാകണമെന്നും ദുല്‍ഖറിന്റെ മികച്ച ഒരു ചിത്രം നിറഞ്ഞ സദസ്സില്‍ ഹൗസ് ഫുള്‍ ഷോകളുമായി മുന്നോട്ടു പോകുമ്പോള്‍ നെഗറ്റീവ് പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയോടുള്ള സ്‌നേഹമാണ് ആവശ്യമെന്ന് നിര്‍മാതാവും പ്രമുഖ ഡിസ്ട്രിബൂട്ടറുമായ ഷിബു തമീന്‍സും എക്സില്‍ പ്രതികരിച്ചു.
അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം സീ സ്റ്റുഡിയോസും വേഫറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, ശാന്തി കൃഷ്ണ, അനിഖ തുടങ്ങി നിരവധി താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായാണ് എത്തിയത്.