പറമ്പിലെ അരളിയല്ല പാട്ടിലെ അരളി

പറമ്പിലെ അരളിയല്ല പാട്ടിലെ അരളി

പറമ്പിലെ വിഷാംശമുള്ള അരളി വേറെ, പാട്ടിലെ അരളി വേറെ. സംശയമുണ്ടെങ്കിൽ പഴയ ചലച്ചിത്രഗാനങ്ങൾ കേട്ടുനോക്കുക
Updated on
2 min read

പറമ്പിലെ അരളിയിൽ വിഷാംശമുണ്ടെന്നാണ് സസ്യഗവേഷകരുടെ കണ്ടെത്തൽ; ഇലയിലും വേരിലും മാത്രമല്ല, കായിലും പൂവിലുമെല്ലാം. എന്നാൽ പാട്ടിലെ അരളി എന്നും പ്രണയസുരഭിലം. "പൊന്നരളിപ്പൂവൊന്നു മുടിയിൽ ചൂടി, കന്നിനിലാ കസവൊളി പുടവ ചുറ്റി, കുന്നത്തെക്കാവിൽ വിളക്കുകാണാൻ വന്ന ഉൾനാടൻ പെൺകിടാവേ, എന്റെ ഉള്ളിൽ മയങ്ങുന്ന മാൻകിടാവേ..." എന്നെഴുതുമ്പോൾ ഒ എൻ വിയുടെ മനസ്സിൽ നിറഞ്ഞുനിന്നത് അതേ പ്രണയഭാവമല്ലേ? 'കത്തി' എന്ന സിനിമയ്ക്കുവേണ്ടി എം ബി ശ്രീനിവാസന്റെ ഈണത്തിൽ വി ടി മുരളി പാടിയ ഈ ഗാനത്തിൽനിന്ന് പൊന്നരളിയെ അടർത്തിമാറ്റുക അസാധ്യം.

അരളികൾ പൂക്കുന്ന കരയിൽനിന്ന മലവേടച്ചെറുക്കന്റെ മനം തുടിച്ചതിനെക്കുറിച്ച്‌ പി ഭാസ്കരൻ എഴുതിയത് "പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ" എന്ന സൂപ്പർ ഹിറ്റ് ഗാനത്തിൽ (ചിത്രം: പ്രസാദം). പ്രണയമാണ് ഇവിടെയും വിഷയം. "അവളുടെ പാട്ടിന്റെ ലഹരിയിലവൻ മുങ്ങി, ഇളംകാറ്റിൽ ഇളകുന്ന വല്ലി പോലെ.." ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ യേശുദാസും ജാനകിയും വെവ്വേറെ സോളോ ആയി പാടിയിട്ടുണ്ട് ഈ സുന്ദരഗാനം.

വയലാറിന്റെ ഒരു ഗാനം തുടങ്ങുന്നത് തന്നെ അരളിയിലാണ്. എന്നാൽ ഒ എൻ വിയുടെ രചനകളിലാണ് അരളിയുടെ സാന്നിധ്യം ഏറെയും

വയലാറിന്റെ ഒരു ഗാനം തുടങ്ങുന്നത് തന്നെ അരളിയിലാണ്. 'തരൂ ഇനിയൊരു ജന്മം കൂടി' എന്ന ചിത്രത്തിൽ എം ബി എസ്സിന്റെ ഈണത്തിൽ ജാനകി പാടിയ "അരളി തുളസി രാജമല്ലി അരമണി ചാർത്തിയ മുല്ലവള്ളി, വസന്തത്തിൻ നന്ദിനികൾ നിങ്ങൾ വസുമതി വളർത്തും സുന്ദരികൾ..." പ്രകൃതിയും പ്രണയവും കൈകോർത്തു നിൽക്കുന്നു ഈ പാട്ടിൽ.

പറമ്പിലെ അരളിയല്ല പാട്ടിലെ അരളി
പൂവച്ചല്‍ ഖാദറിന്റെ 'കുഞ്ചിരാമന്‍' മുതല്‍ റഫീഖ് അഹമ്മദിന്റെ 'നേതാവ്' വരെ; രാഷ്ട്രീയക്കാരെ കുത്തിനോവിച്ച മലയാള ഗാനങ്ങള്‍

ഒ എൻ വിയുടെ രചനകളിലാണ് അരളിയുടെ സാന്നിധ്യം ഏറെയും. 'ജാതക'ത്തിലെ "അരളിയും കദളിയും പൂവിടും കാടിന്റെ കരളിലിരുന്ന് പൊന്മുരളിയൂതും അറിയാത്ത പാട്ടുകാരാ നിന്റെ അരികിലേക്കിന്നു ഞാൻ ഓടിവന്നു" എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത് ജയറാമും സിതാരയും. സോമശേഖരനാണ് പാട്ട് ചിട്ടപ്പെടുത്തിയത്; പാടിയത് ചിത്രയും. അന്തരീക്ഷം സ്വാഭാവികമായും പ്രണയഭരിതം.

"തൊണ്ടിമുതലും ദൃക്‌സാക്ഷിയും" എന്ന ചിത്രത്തിൽ റഫീക്ക് അഹമ്മദ് എഴുതിയ മനോഹര പ്രണയഗാനത്തിലുമുണ്ട് ഓർമകളുടെ പൊന്നരളിപ്പൂവ് നുള്ളുന്ന ഒരു കാമുകൻ

'നീലഗിരി'യിൽ പി കെ ഗോപി എഴുതി കീരവാണി സ്വരപ്പെടുത്തിയ മറ്റൊരു പ്രണയഗാനം തുടങ്ങുന്നതിങ്ങനെ: "പൊന്നരളിക്കൊമ്പിലെ കുയിലേ പറയൂ, നിന്റെയുള്ളു നിറയെ പ്രണയമോ, ഈ മൗനമുത്തങ്ങളാരോമലേ ഒളിച്ചുവെക്കുന്നു ഞാൻ, നിനക്ക് കൈമാറുവാൻ..". എം ജി ശ്രീകുമാറും ചിത്രയുമാണ് ഗായകർ. "നാടകമേ ഉലകം" എന്ന ചിത്രത്തിൽ കൈതപ്രം- ജോൺസൺ കൂട്ടുകെട്ടിന് വേണ്ടി യേശുദാസ് പാടിയ "തേവാരപ്പൂമാലയിൽ" എന്ന പാട്ടിലുമുണ്ട് അരളിയുടെ മിന്നലാട്ടം: "കളിയൂഞ്ഞാലാടുന്നു താളിയോല പൈങ്കിളികൾ പൊന്നരളി പൂമരത്തിൻ ചന്തമുള്ള ചില്ലകളിൽ, അകലെ അങ്ങകലെ കണികാണും ദൂരത്ത് നന്മകൾ പൂവണിയുന്നൊരു വാസരം ഉദിച്ചുയരും..." ബിച്ചു തിരുമലയുടെ "അരളിപ്പൂങ്കാടുകൾ വളരിപ്പുൽ മേടുകൾ " (ഇണ) എങ്ങനെ മറക്കും? കൃഷ്ണചന്ദ്രന്റെ മികച്ച ഗാനങ്ങളിൽ ഒന്ന്.

"പൊന്നരളി" എന്ന പ്രയോഗത്തിൽ നിറയുന്നത് ഭാവനയുടെ സൗന്ദര്യമാണെങ്കിലും 'മഞ്ഞരളി' ഒരു യാഥാർഥ്യമാണ്. നാട്ടിൻപുറങ്ങളിലെ വേലികളാണ് 'യെല്ലോ ഒലിയാണ്ടർ' എന്ന ഈ സസ്യത്തിന്റെ ആവാസകേന്ദ്രം

"മംഗളമാം ശംഖൊലിയിൽ ചന്തമുള്ള ചിന്തുണരും ആഴ്വാംകോവിൽ അന്തിത്തിരിക്കതിരാടും വേളകളിൽ, പെരുമാളിൻ തേരുരുൾ കേട്ടൊരിളമാനായ് കാതരയായ്, പൊന്നരളിപ്പൂവേ പോരൂ പുലർകാലം നീളേ" എന്നെഴുതിയത് ഗിരീഷ് പുത്തഞ്ചേരി (മേലേപ്പറമ്പിൽ ആൺവീടിലെ ഊരുസനം എന്ന പാട്ടിൽ).

"തൊണ്ടിമുതലും ദൃക്‌സാക്ഷിയും" എന്ന ചിത്രത്തിൽ റഫീക്ക് അഹമ്മദ് എഴുതിയ മനോഹര പ്രണയഗാനത്തിലുമുണ്ട് (സംഗീതം:ബിജിബാൽ) ഓർമകളുടെ പൊന്നരളിപ്പൂവ് നുള്ളുന്ന ഒരു കാമുകൻ. "കണ്ണിലെ പൊയ്കയില് കുഞ്ഞലമാലയില് ഞാനോ മീനോ കാണാത്തീരം തേടിപ്പോകും പൊൻകിനാത്തോണികളോ പൊന്നരയന്നങ്ങളോ ചാഞ്ഞിറങ്ങണ ചന്ദനവെയിലില് ഞാനലിഞ്ഞൊരു വേളയില് പൊന്നരളിപ്പൂവ് നുള്ളി നിന്നെ ഞാൻ ഓർത്തതല്ലേ.."

പറമ്പിലെ അരളിയല്ല പാട്ടിലെ അരളി
'നഗരം നഗരം മഹാസാഗരം'; ജീവിതവീക്ഷണം പകര്‍ത്തിയെഴുതിയ ഭാസ്‌കരന്‍ മാഷ്

"പൊന്നരളി" എന്ന പ്രയോഗത്തിൽ നിറയുന്നത് ഭാവനയുടെ സൗന്ദര്യമാണെങ്കിലും 'മഞ്ഞരളി' ഒരു യാഥാർഥ്യമാണ്. നാട്ടിൻപുറങ്ങളിലെ വേലികളാണ് 'യെല്ലോ ഒലിയാണ്ടർ' എന്ന ഈ സസ്യത്തിന്റെ ആവാസകേന്ദ്രം. മഞ്ഞരളിയുടെ കാണ്ഡവും ഇലകളും പൂക്കളും കായ്‌കളുമെല്ലാം വിഷമയമെന്ന് പറയുന്നു സസ്യശാസ്ത്രജ്ഞർ.

കവിത വേറെ, ജീവിതം വേറെ. പൊന്നരളി പൂത്തുനിൽക്കുന്ന വേറെയും മനോഹരഗാനങ്ങളുണ്ട് മലയാളത്തിൽ. അരളിയെ അകറ്റിനിർത്തിയാലും അരളിപ്പാട്ടുകളെ അകറ്റിനിർത്താനാകുമോ മലയാളിക്ക് ?

logo
The Fourth
www.thefourthnews.in