ലഹരി പാർട്ടിയിൽ പ്രയാഗ മാർട്ടിൻ പങ്കെടുത്തിരുന്നില്ലെന്ന നിഗമനത്തിൽ പോലീസ്; ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്തേക്കും
കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ പ്രയാഗ മാർട്ടിൻ പങ്കെടുത്തിരുന്നില്ലെന്ന നിഗമനത്തിൽ പോലീസ്. വ്യാഴാഴ്ച നടത്തിയ ചോദ്യംചെയ്യലിൽ പ്രയാഗ നൽകിയ മൊഴി വിശ്വാസയോഗ്യമായതിനാൽ ഇവരെ കേസിൽനിന്ന് ഒഴിവാക്കാനാണ് തീരുമാനം. കൂട്ടുകാർക്കൊപ്പം മറൈൻഡ്രൈവിലെ ഒരു ഹോട്ടലിലായിരുന്ന താൻ ശ്രീനാഥ് ഭാസി വിളിച്ചതിനെത്തുടർന്ന് മരടിലെ ഹോട്ടലിലേക്ക് പോയതെന്നായിരുന്നു പ്രയാഗയുടെ മൊഴി. ഓംപ്രകാശിനെ മുൻപരിചയമില്ലെന്നും സുഹൃത്തുക്കളല്ലെന്നും പ്രയാഗ മുമ്പ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു.
കേസിൽ ഓംപ്രകാശ്, കൂട്ടാളി ഷിഫാസ്, താരങ്ങളെ ഹോട്ടലിൽ എത്തിച്ച ബിനു ജോസഫ് എന്നിവരായിരുന്നു അറസ്റ്റിലായത്. ഏഴുപേരെ ചോദ്യം ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്തേക്കും. ഹോട്ടലിലെ സി.സി. ടി.വി. ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞ ബാക്കിയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ശേഷം, ശ്രീനാഥ് ഭാസി നൽകിയ മൊഴിയും ഇവരുടെ മൊഴികളും തമ്മിൽ പൊരുത്തക്കേട് തോന്നിയാൽ ഭാസിയെ വീണ്ടും വിളിപ്പിക്കാനാണ് തീരുമാനം.
വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലിൽ ലഹരി പാർട്ടിയിൽ പങ്കെടുത്തില്ലെന്നായിരുന്നു പ്രയാഗയും ശ്രീനാഥ് ഭാസിയും മൊഴിനൽകിയത്. ശ്രീനാഥ് ഭാസിയെ അഞ്ചു മണിക്കൂറും പ്രയാഗയെ രണ്ട് മണിക്കൂറുമാണ് ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റിലായ ബിനു ജോസഫെന്ന വ്യക്തിയെ പരിചയമുള്ളതായി ശ്രീനാഥ് ഭാസി അന്വേഷക സംഘത്തോട് പറഞ്ഞിരുന്നു. ഇയാളുടെ ഇടപാടകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതിനിടെ, ഹോട്ടലിൽ നിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യത്തിൽ മറ്റൊരു നടിയുമുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചു. പക്ഷെ, ഇവർക്ക് അന്നേ ദിവസം നടന്ന ലഹരി പാർട്ടിയുമായി ബന്ധമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല.