ഭരണകൂടം സിനിമയെ ഭയപ്പെടുന്നതിന് തെളിവാണ് സെൻസറിങ്; ജിയോബേബി

ഭരണകൂടം സിനിമയെ ഭയപ്പെടുന്നതിന് തെളിവാണ് സെൻസറിങ്; ജിയോബേബി

ബംഗാളി സിനിമകൾ ഇതിഹാസതുല്യരായ പ്രതിഭകളുടെ നിഴലിലാണെന്നും അവരുടെ സ്വാധീന വലയം മറികടക്കാൻ നവാഗതർക്ക് കഴിയുന്നില്ലെന്നും ഇന്ദ്രസിസ് ആചാര്യ
Updated on
1 min read

തുറന്ന ചർച്ചയ്ക്കുള്ള വേദിയായി രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറവും മീറ്റ് ദ് ഡയറക്ടറും. സിനിമയെ ഭരണകൂടം ഭയക്കുന്നുവെന്നും അതിനു തെളിവാണ് സെൻസറിങ് എന്നും സംവിധായകൻ ജിയോ ബേബി . സെൻസറിങ്ങിനെ എങ്ങനെ മറികടക്കാമെന്നുള്ളത് ഭാവി സംവിധായകർ കാണിച്ചു തരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാ വിമർശകരേയും വിമർശനത്തേയും കുറിച്ച് ചർച്ചയിൽ പരാമർശമുണ്ടായി. സിനിമയെ വിമർശിക്കാൻ ആർക്കും അവകാശമുണ്ട്, അത് അതേപോലെ ഒരു ഫിലിം മേക്കർ ഉൾക്കൊള്ളുക എന്നതാണ് പ്രധാനം. എല്ലാ ചലച്ചിത്ര നിരൂപണങ്ങളും ശെരിയാകണമെന്നില്ല എന്നത് സത്യമാണെന്നും ബാലിശമായി തോന്നുന്നവ അവഗണിക്കണമെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു.

അതേസമയം സിനിമ ഉൾപ്പടെയുള്ള എല്ലാ കലകളും ജനാധിപത്യവൽക്കരിക്കപ്പെടുന്നു എന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ് ഹരീഷ് അഭിപ്രായപ്പെട്ടു. കൂടുതൽ പേർക്ക് സിനിമ ചെയ്യാൻ പറ്റുന്നതുപോലെ തന്നെ എല്ലാവരും വിമർശകരായും മാറുന്നുണ്ട്. അജു കെ നാരായണൻ, സംവിധായകനായ കെ എം കമൽ, മനോജ് കാനാ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ബംഗാളി സിനിമകൾ ഇതിഹാസതുല്യരായ പ്രതിഭകളുടെ നിഴലിലാണെന്നും അവരുടെ സ്വാധീന വലയം മറികടക്കാൻ നവാഗതർക്ക് കഴിയുന്നില്ലെന്നും മീറ്റ് ദി ഡയറക്ടറിൽ ബംഗാളി സംവിധായകൻ ഇന്ദ്രസിസ് ആചാര്യ പറഞ്ഞു. തിയേറ്റർ നിറഞ്ഞു കവിയുന്ന രാജ്യാന്തര മേളയിലെ ആവേശം ഇതര ഭാഷകളിലെ സംവിധായകർക്ക് സന്തോഷം പകരുന്നുവെന്ന് പറഞ്ഞ് മണിപ്പൂരി സംവിധായകൻ റോമി മെയ്‌തേയ് തന്റെ സന്തോഷം പങ്കിട്ടു. മായ് ന്യുയെൻ, റോമി മെയ്‌തേയ്, മസൂദ് റഹ്മാൻ പ്രൊശൂൺ , അമിൽ ശിവ്ജി ,അമൻ സച്ച്ദേവ്, ഐമർ ലബാക്കി, ഇന്ദ്രസിസ് ആചാര്യ, പ്രിയനന്ദനൻ ,ബാലു കിരിയത്ത് തുടങ്ങിയവർ മീറ്റ് ദ് ഡയറക്ടറിൽ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in