മുത്തശ്ശിക്കഥകളിലെ രാജകുമാരൻ, ഹോളിവുഡിനെ അമ്പരപ്പിച്ച സിൽവെസ്റ്റർ സ്റ്റാലോൺ

മുത്തശ്ശിക്കഥകളിലെ രാജകുമാരൻ, ഹോളിവുഡിനെ അമ്പരപ്പിച്ച സിൽവെസ്റ്റർ സ്റ്റാലോൺ

റാംബോ ചലച്ചിത്ര പരമ്പരയിലൂടെ ലോകപ്രശസ്തനായി മാറിയ സിൽവെസ്റ്റർ സ്റ്റാലോൺ
Updated on
3 min read

ഒന്നുമില്ലായ്മയിൽ നിന്ന് ലോകമറിയുന്ന അം​ഗീകാരങ്ങൾക്ക് അർഹനായ ഹോളിവുഡ് താരം സിൽവെസ്റ്റർ സ്റ്റാലോണിന്റേത് ആരെയും പ്രചോദിപ്പിക്കുന്ന ജീവിതകഥയാണ്. ഫ്രാങ്ക് സ്റ്റാലിന്റെയും ജാക്വിലിന്റെയും മകനായി 1946 ജൂലൈ 6ന് അമേരിക്കയിലാണ് സിൽവസ്റ്റർ സ്റ്റാലന്റെ ജനനം. ഒൻപതാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു. തുടർന്നുളള ജീവിതം അമ്മയോടൊപ്പം. പഠനത്തിൽ പിന്നോട്ടായിരുന്ന സ്റ്റലോൺ പലപ്പോഴും കായിക ക്ഷമതയിൽ മിടുക്ക് തെളിയിച്ചിരുന്നു. വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കുമ്പോൾ സിനിമാനടനാവാൻ പരിശ്രമിക്കണം എന്നതായിരുന്നു സ്റ്റാലോണിന്റെ തീരുമാനം.

കുഞ്ഞുനാൾ മുതലുളള ആ​ഗ്രഹം പ്രവർത്തികമാക്കാനായി അദ്ദേഹം സഞ്ചരിച്ച വഴികളും ശേഷം വന്നുചേർന്ന അം​ഗീകാരങ്ങളും കെട്ടുകഥകളിലെന്നപോലെ അമ്പരപ്പിക്കുന്നതാണ്. ഗർഭാവസ്ഥയിൽ നിന്നു പുറത്തെടുക്കാൻ ഉപയോഗിച്ച ഉപകരണത്തിൽ നിന്നുണ്ടായ പരുക്കു മൂലം അദ്ദേഹത്തിന്റെ മുഖത്ത് ചിലയിടങ്ങളിലെ പേശികൾ ചലനമറ്റു പോവുകയും സംസാര വൈകല്യത്തിന് കാരണമാവുകയും ചെയ്തിരുന്നു.

ആ വൈകല്യത്തെ ചൊല്ലി അഭിനയമോഹം കൊണ്ടുനടന്ന സ്റ്റാലോണിന് സിനിമാ സെറ്റുകളിൽ നിന്നു നേരിടേണ്ടി വന്നത് അവഗണനയും തിരസ്കാരങ്ങളും മാത്രം. പക്ഷs പ്രതീക്ഷ വിടാതെ സ്റ്റാലോൺ ലക്ഷ്യത്തിനായി പരിശ്രമിച്ചുകൊണ്ടേ ഇരുന്നു. സാമ്പത്തിക അടിത്തറ ഇല്ലാതിരുന്നതും ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ അദ്ദേഹത്തെ തളർത്തിയിരുന്നു. ഒരു കാലത്ത് വീട്ടുവാടക കൊടുക്കാൻ ഗതിയില്ലാതെ ഒരു മാസക്കാലം ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങേണ്ടി വന്നതായും സ്റ്റാലോണിന്റെ ജീവിതകഥയിൽ പറയുന്നു. ആഹാരം കഴിക്കാൻ പണമില്ലാതെ തന്റെ പ്രിയപ്പെട്ട നായയെ വെറും 25 ഡോളറിനു വിൽക്കുമ്പോൾ അദ്ദേഹം കരുതിയിരുന്നില്ല, ഒരുനാൾ അവൻ തന്നിലേക്കുതന്നെ തിരിച്ചെത്തുമെന്ന്.

റാംബോ ചലച്ചിത്ര പരമ്പരയിലൂടെ ഇന്ന് ലോകപ്രശസ്തനായി മാറിയ സിൽവെസ്റ്റർ സ്റ്റാലോൺ, നടൻ, സംവിധായകൻ, തിരകഥാകൃത്ത്, എന്നീ നിലകളിലൊക്കെ ശ്രദ്ധിക്കപ്പെട്ടത് അത്ര എളുപ്പത്തിലായിരുന്നില്ല. അവസരങ്ങൾ തേടി അദ്ദേഹം അലഞ്ഞു കൊണ്ടേയിരുന്നു. ഇടയ്ക്കു ചെറിയ വേഷങ്ങൾ ലഭിച്ചുവെങ്കിലും അവയൊന്നും തന്നെ ശ്രദ്ധിക്കപ്പെട്ടില്ല. 1975 ൽ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയും ചക്ക് വെപ്നറുമായി നടന്ന ഒരു ബോക്സിങ് മാച്ചിനെ പറ്റിയുള്ള ആർട്ടിക്കിൾ പത്രത്തിൽ കാണാനിടയായത് സ്റ്റാലോണിന്റെ ജീവിതത്തിൽ വഴിത്തിരിവായി.

അന്ന് മുഹമ്മദ് അലിക്ക് എതിരാളിയായിരുന്ന ചക്ക് വെപ്നറിനെ നായകനായി മനസിൽ കണ്ട് സ്റ്റാലോൺ ഒരു തിരക്കഥ എഴുതി. നിർധന കുടുംബത്തിൽ നിന്നൊരാൾ ബോക്സിങ് താരമാകുന്നതായിരുന്നു സ്റ്റാലോണിന്റെ തിരക്കഥയിലെ കാതൽ. ശേഷം അദ്ദേഹം ആ തിരക്കഥയുമായി നിർമാതാക്കളെയും താരങ്ങളെയുമടക്കം നിരവധി സിനിമാക്കാരെ സമീപിച്ചു. ആർക്കും സ്റ്റാലോണിന്റെ കഥയിൽ വിശ്വാസം തോന്നിയില്ല. ചിലർ തിരക്കഥ വിലയ്ക്കുവാങ്ങാൻ തയ്യാറായി. പക്ഷേ അങ്ങനെ വിറ്റു കാശുവാങ്ങാൻ സ്റ്റാലോൺ ഒരുക്കമായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ ലക്ഷ്യം സംവിധായകനോ തിരക്കഥാകൃത്തോ ആവണമെന്നായിരുന്നില്ല, നടനാവുക എന്നതായിരുന്നു. തിരക്കഥ തരണമെങ്കിൽ തന്നെ ആ സിനിമയിൽ നായകനാക്കണം എന്ന നിബന്ധന സ്റ്റാലോൺ മുന്നോട്ടുവെച്ചു. ഈ വ്യവസ്ഥ അം​ഗീകരിക്കാൻ അദ്ദേഹം സമീപിച്ച നിർമാതാക്കളാരും തന്നെ ഒരുക്കമായിരുന്നില്ല.

ഒടുവിൽ മുപ്പത്തി അയ്യായിരം ഡോളർ പ്രതിഫലത്തിൽ സ്റ്റാലോണിനെ നായകനാക്കാൻ ഒരു കൂട്ടർ തയ്യാറായി. അങ്ങനെ അദ്ദേഹത്തിന്റെ എന്നാളത്തെയും ആ​ഗ്രഹം ഒടുവിൽ സാധ്യമായി. പിന്നെ സംഭവിച്ചത് ചരിത്രം. സ്വന്തം തിരക്കഥയിൽ സ്റ്റാലോൺ നായകനായ ആ ചിത്രമാണ് ഓസ്കർ പുരസ്കാരത്തിനായി പത്ത് നാമനിർദേശങ്ങളും, മൂന്നു പുരസ്കാരങ്ങളും നേടിയ 1976ൽ ഇറങ്ങിയ റോക്കി.

സിൽവസ്റ്റർ സ്റ്റാലോണിന് മികച്ച നടൻ, മികച്ച തിരക്കഥ എന്നിങ്ങനെ രണ്ട് നോമിനേഷനുകൾ ലഭിച്ചു. മുത്തശ്ശിക്കഥപോലെ അവിശ്വസനീയമെന്ന് സിനിമാലോകം ഉറക്കെപ്പറഞ്ഞു. 1970 – 1990 കാലഘട്ടങ്ങളിലായിരുന്നു സ്റ്റാലോന്റെ എറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ സംഭവിക്കുന്നത്. 1982 ലാണ് റാംബോ ശ്രേണിയിലെ ആദ്യ ചിത്രം പുറത്തു വരുന്നത്. ലക്ഷ്യം പ്രാവർത്തികമാക്കിയ 36-ാം വയസ്സിൽ വാങ്ങിയതിന്റെ പത്തു മടങ്ങ് പണം തിരികെ നൽകി തന്റെ വളർത്തുനായയെ സ്വന്തമാക്കിയത്, തന്നെ അതുവരെയുളള തിരസ്കരിച്ചവർക്കുളള സ്റ്റാലോണിന്റെ മറുപടി കൂടിയായിരുന്നു.

logo
The Fourth
www.thefourthnews.in