തമ്പിയിലെ കാമുകനെ തിരിച്ചറിയുന്ന ജയചന്ദ്രനിലെ കാമുകൻ

തമ്പിയിലെ കാമുകനെ തിരിച്ചറിയുന്ന ജയചന്ദ്രനിലെ കാമുകൻ

ചില ഭാവസ്പർശങ്ങൾ, ചില ശബ്ദവ്യതിയാനങ്ങൾ ആർക്കും പിടികൊടുക്കാതെ നിൽക്കുന്നു ജയചന്ദ്രഗീതങ്ങളിൽ
Updated on
2 min read

കാലത്തുണരുമ്പോൾ ഒരു പാട്ടുണ്ടാകും ഉപബോധമനസിൽ; ചിലപ്പോൾ ചുണ്ടിലും. ഇന്നലെ അത് "നിൻ മണിയറയിലെ നിർമലശയ്യയിലെ'' ആയിരുന്നു. മിനിയാന്ന് "രാജീവനയനേ നീയുറങ്ങൂ." അതിന് മുൻപത്തെ നാൾ "സ്വർണഗോപുര നർത്തകീ ശിൽപ്പം.." ഉണർന്ന് കൺതുറന്ന് കിടക്കുമ്പോൾ വെറുതെ ആലോചിച്ചു: ഇതെന്തത്ഭുതം! എല്ലാ ദിവസവും തുടങ്ങുന്നത് ശ്രീകുമാരൻ തമ്പി എഴുതി ജയചന്ദ്രൻ പാടിയ പാട്ടുകളിൽ നിന്ന്.

Summary

തൊട്ടതെല്ലാം പൊന്നാക്കിയ കോംബിനേഷനാണ് ശ്രീകുമാരൻ തമ്പിയും ജയചന്ദ്രനും. ആ കൂട്ടുകെട്ടിൽ മലയാളസിനിമയിൽ പിറന്ന നൂറോളം പാട്ടുകളിൽ 99 ശതമാനവും എന്റെ ഇഷ്ടഗാനങ്ങളായി മാറിയതെങ്ങനെ എന്നോർത്തുനോക്കിയിട്ടുണ്ട്

ഒന്നോർത്താൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. കേൾക്കാൻ മാത്രമല്ല ഏറ്റുപാടാൻ കൂടി എന്നെപ്പോലുള്ള സാധാരണക്കാരായ ഗാനാഗ്രഹികളെ പ്രലോഭിപ്പിക്കുന്ന പാട്ടുകളാണവ. ചിലപ്പോൾ ആലാപനത്തിൽ ജയേട്ടൻ കൊണ്ടുവന്നിട്ടുള്ള അനായാസതയുടെ പ്രതീതി കൊണ്ടാവാം. (യേശുദാസിന്റെ പാട്ടുകൾ എന്നെപ്പോലുള്ള കുളിമുറിപ്പാട്ടുകാർക്ക് തൊടാൻ പോലും പറ്റില്ലല്ലോ). പക്ഷേ പാടിത്തുടങ്ങുന്നതോടെ ആ അനായാസത വെറുമൊരു തോന്നൽ മാത്രമാണെന്ന് തിരിച്ചറിയുന്നു നാം. ചില ഭാവസ്പർശങ്ങൾ, ചില ശബ്ദവ്യതിയാനങ്ങൾ ആർക്കും പിടികൊടുക്കാതെ നിൽക്കുന്നു ജയചന്ദ്രഗീതങ്ങളിൽ. നിശബ്ദമായി നമ്മെ നോക്കി മന്ദഹസിക്കുന്നു ആ "കുണുക്കുകൾ". കുസൃതിയോടെ വെല്ലുവിളിക്കുന്നു.

അതുകൊണ്ടാവാം മറ്റു ഭൂരിഭാഗം ഗായകർക്കും നാടൊട്ടുക്കും അനുകർത്താക്കൾ ഉണ്ടായപ്പോൾ ജയേട്ടന്റെ ശബ്ദവും ആലാപനശൈലിയും അധികമാർക്കും പിടികൊടുക്കാതെ "സ്വതന്ത്രമായി" നിൽക്കുന്നതും.

തമ്പിയിലെ കാമുകനെ തിരിച്ചറിയുന്ന ജയചന്ദ്രനിലെ കാമുകൻ
ചിട്ടി ആയീ ഹേ...മണ്ണിന്റെ മണമുള്ള ആ കത്ത് ഇനി ഓർമ

തൊട്ടതെല്ലാം പൊന്നാക്കിയ കോംബിനേഷനാണ് ശ്രീകുമാരൻ തമ്പിയും ജയചന്ദ്രനും. ആ കൂട്ടുകെട്ടിൽ മലയാളസിനിമയിൽ പിറന്ന നൂറോളം പാട്ടുകളിൽ (അവലംബം: malayalasangeetham.info) 99 ശതമാനവും എന്റെ ഇഷ്ടഗാനങ്ങളായി മാറിയതെങ്ങനെ എന്നോർത്തുനോക്കിയിട്ടുണ്ട്. തമ്പിസാറിന്റെ വരികളിലെ പ്രണയകല്പനകൾക്ക് പൂർണതയേകുന്ന ശബ്ദമാണ് ജയേട്ടന്റേത്. തമ്പിയിലെ കാമുകനെ ജയചന്ദ്രനിലെ കാമുകൻ തിരിച്ചറിയുക മാത്രമല്ല ആശ്ലേഷിക്കുകയും ചിലപ്പോഴൊക്കെ ഉമ്മവെക്കുകയും കൂടി ചെയ്യുന്നു ആ പാട്ടുകളിൽ.

പി ജയചന്ദ്രനും ലേഖകനും
പി ജയചന്ദ്രനും ലേഖകനും

ആ പാട്ടുകളോരോന്നും എന്നെ തിരിച്ചുനടത്തുന്നത് ബാല്യകൗമാരങ്ങളിലേക്കാണ്. അമ്പതു പൈസ ടിക്കറ്റെടുത്ത് ചുണ്ടേൽ രോഷൻ ടോക്കീസിന്റെ മുൻബെഞ്ചിലിരുന്ന് സി ഐ ഡിപ്പടങ്ങൾ അന്തം വിട്ട് ആസ്വദിച്ചിരുന്ന കാലം. എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിന്റെ പിന്നിലുള്ള വിജനമായ കുന്നിൻ മുകളിലെ പേരമരത്തിൽ കയറിയിരുന്ന് ആകാശം നോക്കി എനിക്ക് കേൾക്കാൻ വേണ്ടി മാത്രം ഉറക്കെ പാടിയിരുന്ന കാലം. സ്കൂൾ വിട്ട് തേയിലക്കാടിന് നടുവിലൂടെ സന്ധ്യക്ക് ഏകനായി വീട്ടിലേക്ക് നടക്കുമ്പോൾ സ്വയം റേഡിയോ ആയി മാറി കുട്ടിയേശുദാസും കുട്ടിജയചന്ദ്രനുമായി പകർന്നാടിയിരുന്ന കാലം.

തമ്പിയും ജയചന്ദ്രനും ചേർന്നൊരുക്കിയ പാട്ടുകൾ ഘോഷയാത്രയായി മനസ്സിൽ കടന്നുവരുന്നു: മല്ലികപ്പൂവിൻ മധുരഗന്ധം, മരുഭൂമിയിൽ മലർ വിരിയുകയോ, യദുകുലരതിദേവനെവിടെ, കർപ്പൂരദീപത്തിൻ കാന്തിയിൽ, സന്ധ്യക്കെന്തിന് സിന്ദൂരം, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, മലയാളഭാഷ തൻ, ഹൃദയേശ്വരി നിൻ, മലരമ്പനറിഞ്ഞില്ല, തുള്ളിയോടും പുള്ളിമാനെ, അശ്വതി നക്ഷത്രമേ, മലരമ്പനെഴുതിയ, സ്വാതിതിരുനാളിൻ കാമിനി, നന്ത്യാർവട്ടപ്പൂ ചിരിച്ചു, ആറന്മുള ഭഗവാന്റെ, പൊന്നുഷസ്സിൻ ഉപവനങ്ങൾ, നിൻ പദങ്ങളിൽ, സൗഗന്ധികങ്ങളേ വിടരുവിൻ.... പിന്നെ ഇത്രത്തോളം ജനപ്രിയമാകാതെ പോയ വേറെ ചില ഇഷ്ടഗാനങ്ങൾ: മംഗലപ്പാല തൻ, കടലും കരയും ചുംബനത്തിൽ, ചെമ്പകമല്ല നീ, അന്തരംഗം ഒരു ചെന്താമര, ജാതിമല്ലി പൂമഴയിൽ, ശ്രുംഗാരഭാവനയോ, ഇന്ദ്രനീലാംബരം, ഒരു പ്രേമകവിത തൻ, പ്രിയേ നിനക്ക് വേണ്ടി......

സ്കൂൾ വിട്ട് തേയിലക്കാടിന് നടുവിലൂടെ സന്ധ്യക്ക് ഏകനായി വീട്ടിലേക്ക് നടക്കുമ്പോൾ സ്വയം റേഡിയോ ആയി മാറി കുട്ടിയേശുദാസും കുട്ടിജയചന്ദ്രനുമായി പകർന്നാടി

ഓരോ കേൾവിയിലും പുതുമ തോന്നിക്കുന്ന സവിശേഷമായ ചില ജയചന്ദ്രപ്രയോഗങ്ങളുണ്ട് ആ പാട്ടുകളിൽ: നിൻ മണിയറയിലെ എന്ന പാട്ടിലെ "നിൻ" എന്ന തുടക്കം; രാജീവനയനേയുടെ ചരണത്തിലെ " എൻ പ്രേമ ഗാനത്തിൻ ഭാവം'' എന്ന വരിയിലെ "ഭാവ"ത്തിന്റെ ആവർത്തനം. കർപ്പൂരദീപത്തിൻ കാന്തിയുടെ ആരംഭത്തിലെ "കർപ്പൂരം." ഹൃദയേശ്വരിയുടെ തുടക്കത്തിൽ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നു വരുന്ന ആ "ഹൃ". സ്വാതിതിരുനാളിൻ കാമിനിയുടെ ചരണത്തിലെ പകരം വെക്കാനില്ലാത്ത ആ "രഞ്ജിനീ." മലരമ്പനെഴുതിയ മലയാളകവിതേയിലെ പ്രണയാർദ്രമായ ആ "കവിതേ." യദുകുലരതിദേവനിൽ "താരണിമധുമഞ്ചം"പാടിക്കൊണ്ടുള്ള രാജകീയമായ എൻട്രി..... അങ്ങനെ പലതും.

തമ്പിയിലെ കാമുകനെ തിരിച്ചറിയുന്ന ജയചന്ദ്രനിലെ കാമുകൻ
ശ്രീകുമാരന്‍ തമ്പിയുടെ പൂക്കളം

ജയചന്ദ്രന് ഞായറാഴ്ച എൺപത് തികയുന്നു. ശ്രീകുമാരൻ തമ്പിക്ക് രണ്ടാഴ്ച്ച കൂടി കഴിഞ്ഞാൽ (മാർച്ച് 16) എൺപത്തിനാലും. നന്ദി, ഇരുവർക്കും .... ജീവിതം സാർത്ഥകമാക്കിയ ഒരു കാലഘട്ടം സൃഷ്ടിച്ചു നൽകിയതിന്....

logo
The Fourth
www.thefourthnews.in