ആസിഫ് അലിയെ അപമാനിച്ചു? രമേഷ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം

ആസിഫ് അലിയെ അപമാനിച്ചു? രമേഷ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം

എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി 'മനോരഥങ്ങൾ' ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം
Updated on
2 min read

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ 'മനോരഥങ്ങൾ' ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.

പരിപാടിയിൽ പങ്കെടുത്ത രമേഷ് നാരായണന് മെമന്റോ സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു വേദിയിലേക്കു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേഷ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. ആസിഫിന്റെ കൈയിൽനിന്ന് മെമന്റോ എടുത്ത രമേഷ് നാരായണൻ, സംവിധായകൻ ജയരാജിനെ വേദിയിലേക്കു വിളിച്ചുവരുത്തി അദ്ദേഹത്തിനു കൈമാറി. തുടർന്ന് ജയരാജിൽനിന്ന് പുരസ്കാരം സ്വീകരിക്കുകയായിരുന്നു.

ആസിഫ് അലിയെ അപമാനിച്ചു? രമേഷ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം
'ആസിഫ് അലിയെ അപമാനിച്ചിട്ടില്ല, ആര് ആർക്കാണ് മെമന്റോ നൽകുന്നതെന്ന് മനസിലായില്ല'; പ്രതികരണവുമായി രമേഷ് നാരായണൻ

ആസിഫ് അലിയോട് സംസാരിക്കാനോ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനോ രമേഷ് നാരായണൻ തയാറായില്ല. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേഷ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേഷ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ. സംഭവത്തിൽ ആസിഫ് അലി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം കൊച്ചിയിലാണ് മനോരഥങ്ങൾ എന്ന ആന്തോളജിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തത്. ചിത്രം ഓഗസ്റ്റ് 15 ന് സീ 5 ലൂടെ റിലീസ് ചെയ്യും.

ഉലകനായകൻ കമൽഹാസനാണ് ചിത്രം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. പ്രിയദർശൻ, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവൻ, മഹേഷ് നാരായണൻ, രഞ്ജിത്ത്, രതീഷ് അമ്പാട്ട്, എംടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി എന്നിവരാണ് ആന്തോളജി ചിത്രങ്ങൾ സംവിധാനം ചെയ്തത്.

ആസിഫ് അലിയെ അപമാനിച്ചു? രമേഷ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം
പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ എന്നിവരാണ് വിവിധ ചിത്രങ്ങളിൽ അഭിനയിക്കുന്നത്.

രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനാണ്.'ഓളവും തീരവും' എന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. 'ശിലാലിഖിതം' എന്ന ചിത്രത്തിൽ ബിജു മേനോനും.

'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന സിനിമ സംവിധായകൻ രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. എം ടി വാസുദേവൻ നായരുടെ ആത്മകഥാംശമുള്ള പി കെ വേണുഗോപാൽ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'നിന്റെ ഓർമയ്ക്ക്' എന്ന ചെറുകഥയുടെ തുടർച്ചയെന്ന നിലയ്ക്ക് എം ടി വാസുദേവൻ നായർ എഴുതിയ യാത്രാക്കുറിപ്പാണ് 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്'.

'ഷെർലക്ക്' എന്ന ചെറുകഥ സിനിമയാക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന 'അഭയം തേടി വീണ്ടും', സന്തോഷ് ശിവനും നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച 'സ്വർഗം തുറക്കുന്ന സമയം' ജയരാജും സംവിധാനം ചെയ്തു. പാർവതി തിരുവോത്ത് അഭിനയിച്ച 'കാഴ്ച'യുടെ സംവിധായകൻ ശ്യാമപ്രസാദാണ്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'കടൽക്കാറ്റ്' എന്ന ചിത്രത്തിൽ ഇന്ദ്രജിത്തും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം ടിയുടെ മകൾ അശ്വതി ശ്രീകാന്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം ടിയുടെ 'വിൽപ്പന' എന്ന ചെറുകഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. സംവിധായിക എന്നതിനൊപ്പം ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറും കൂടിയാണ് അശ്വതി.

logo
The Fourth
www.thefourthnews.in