'300 രൂപയിൽ തുടങ്ങിയ യാത്ര', ഉള്ളൊഴുക്കിന്റെ വഴികള്‍ | ക്രിസ്റ്റോ ടോമി - അഭിമുഖം

'300 രൂപയിൽ തുടങ്ങിയ യാത്ര', ഉള്ളൊഴുക്കിന്റെ വഴികള്‍ | ക്രിസ്റ്റോ ടോമി - അഭിമുഖം

ഉള്ളൊഴുക്കിനെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും സംവിധായകൻ ക്രിസ്റ്റോ ടോമി ദ ഫോർത്തുമായി സംസാരിക്കുന്നു.
Updated on
3 min read

പഠിക്കുന്ന കാലത്ത് കോഴ്സിന്റെ ഭാഗമായി തയ്യാറാക്കിയ രണ്ട് സിനിമകൾക്കും ദേശീയപുരസ്‌കാരം നേടിയ സംവിധായകനാണ് ക്രിസ്റ്റോ ടോമി. 2018 ൽ സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം സിനിസ്താൻ ഇന്ത്യയുടെ മികച്ച തിരക്കഥയുള്ള മത്സരത്തിന് തന്റെ പുതിയ തിരക്കഥ അയച്ചു കൊടുക്കുന്നു. ആമിർഖാനും, രാജ് കുമാർ ഹിറാനിയുമടങ്ങുന്ന ജൂറി ആ തിരക്കഥയ്ക്ക് ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നൽകുന്നു. വർഷങ്ങൾക്ക് ശേഷം ആ തിരക്കഥ മലയാളത്തിലെ മികച്ച രണ്ട് അഭിനേത്രികളായ ഉർവശിയെയും പാർവതിയേയും വെച്ച് ഉള്ളൊഴുക്ക് എന്ന പേരിൽ ഒരുങ്ങുകയാണ്. ചിത്രത്തിനെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും സംവിധായകൻ ക്രിസ്റ്റോ ടോമി ദ ഫോർത്തുമായി സംസാരിക്കുന്നു.

ഉർവശിയുടെയും പാർവതിയുടെയും വരവ്

2016 മുതൽ തന്നെ ഉള്ളൊഴുക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സ്‌ക്രിപ്റ്റ് ആദ്യ ഡ്രാഫ്റ്റ് പൂർത്തിയാക്കിയപ്പോൾ സുഹൃത്തും ഈ സിനിമയുടെ സിനിമോട്ടോഗ്രാഫറുമായ ഷഹനാദ് ആണ് ഉർവശി ചേച്ചിയുടെ പേര് നിർദ്ദേശിക്കുന്നത്. അന്ന് ചേച്ചി മലയാളത്തിൽ ഒരിടവേള ഒക്കെ എടുത്ത് നിൽക്കുന്ന സമയമായിരുന്നു. ടൊവിനോ നായകനായ എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലായിരുന്നു ഷഹനാദ് ആ സമയത്ത് വർക്ക് ചെയ്തത്. അങ്ങനെയാണ് ഉർവശി ചേച്ചിയുടെ പേര് ചർച്ചയിലേക്ക് വരുന്നത്. ചേച്ചിയുടെ പേര് വന്നതിന് ശേഷം വേറെ ആരെ വെച്ചാലും അത് വലിയ കോംപ്രമൈസ് ആയി പോകുമെന്ന് തോന്നി.

ആദ്യ തവണ സിനിമ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതിന്റെ പത്ത് ദിവസം മുമ്പ് ഷൂട്ടിങ് നിന്നുപോയി

ചേച്ചിയോട് കഥ പറഞ്ഞു, പക്ഷെ സിനിമ ചെയ്യുന്നതിനിടെയ്ക്ക് പല തരത്തിൽ സിനിമ നീണ്ടു പോയി, കോവിഡ് അടക്കമുള്ള കാരണങ്ങളായിരുന്നു അതിന് കാരണം. ആദ്യ തവണ സിനിമ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതിന്റെ പത്ത് ദിവസം മുമ്പ് ഷൂട്ടിങ് നിന്നുപോയി. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനോടെല്ലാം ഉർവശി ചേച്ചി സഹകരിച്ചതിന്റെ കൂടി ഫലമാണ് ഇപ്പോൾ തീയേറ്ററിൽ എത്തിയ ചിത്രം.

ഉയരെയും വൈറസുമെല്ലാം ചെയ്യുന്ന സമയത്താണ് പാർവതിയോട് ചിത്രത്തിന്റെ കഥ പറയുന്നത്. എന്നാൽ ആദ്യ കേൾവിയിൽ പാർവതിക്ക് ചിത്രം തീവ്രമായ പ്രമേയമാണെന്ന് തോന്നിയിരുന്നു. അതുകൊണ്ട് ആദ്യം ചെയ്യുന്നില്ലെന്ന് പറഞ്ഞു. പിന്നീട് ഞാൻ ഈ തിരക്കഥയിൽ വർക്ക് ചെയ്യുകയും മറ്റും ചെയ്യുമ്പോഴെക്കെ ചിത്രം എന്തായി എന്നൊക്കെ പാർവതി ചോദിക്കാറുണ്ടായിരുന്നു. പിന്നീട് ഇതിന്റെ ഒരു ഫൈനൽ വേർഷൻ ഒക്കെ ആയപ്പോഴാണ്. ഈ സ്‌ക്രിപ്റ്റ് ഒന്നുകൂടി ഒന്ന് കേൾക്കാമോ എന്ന് ചോദിക്കുന്നത്. അങ്ങനെ സ്‌ക്രിപ്റ്റ് അയച്ചുകൊടുത്തു. പിന്നീട് ചെന്നൈയിൽ പാർവതിയെ പോയി കാണുകയും കഥ പറയുകയും ചെയ്തു. അങ്ങനെയാണ് രണ്ട് പേരും സിനിമയിലേക്ക് എത്തുന്നത്.

'300 രൂപയിൽ തുടങ്ങിയ യാത്ര', ഉള്ളൊഴുക്കിന്റെ വഴികള്‍ | ക്രിസ്റ്റോ ടോമി - അഭിമുഖം
Review | സ്ത്രീ ശരികളുടെ 'ഉള്ളൊഴുക്ക്'

ഉള്ളൊഴുക്ക് എന്ന പേരും കഥാപാത്രമാവുന്ന വെള്ളപ്പൊക്കവും

ചിത്രത്തിന് ആദ്യം മറ്റൊരു പേരായിരുന്നു താൽക്കാലികമായി ഇട്ടിരുന്നത്. പിന്നീട് ചിത്രത്തിന്റെ പണികളിലേക്ക് കടന്നപ്പോഴാണ് പല പേരുകളെ കുറിച്ച് ചർച്ചകൾ ഉയർന്നത്. ഇതിനിടെയാണ് ഉള്ളൊഴുക്ക് എന്ന പേര് ഉയർന്നുവരുന്നത്. ആ പേരിന് അപ്പുറത്തേക്ക് മറ്റൊരു പേര് ഈ ചിത്രത്തിന് ഇടാനില്ല. ഒരേസമയം വെള്ളത്തിന്റെ ഒഴുക്ക് എന്നും അർഥമുണ്ട്, അതേസമയം ആളുകളുടെ ഉള്ളിൽ നടക്കുന്ന സംഘർഷം എന്നൊരു അർത്ഥവും ചിത്രത്തിനുണ്ട്.

ചിത്രത്തിൽ വെള്ളപ്പൊക്കം ഏറ്റവും നിർണായകമായ ഒന്നാണ്. സിനിമയുടെ കഥാഗതിയെ തന്നെ ഈ വെള്ളപ്പൊക്കം സ്വാധീനിക്കുന്നുണ്ട്. ചിത്രത്തിലെ ചില രംഗങ്ങൾക്ക് വേണ്ടി വെള്ളപൊക്കം ക്രിയേറ്റ് ചെയ്തതാണ്. എന്നാൽ മറ്റു ചില രംഗങ്ങൾ യഥാർഥത്തിലുള്ള വെള്ളപ്പൊക്കത്തിലുമാണ് ചിത്രീകരിച്ചത്. വേനൽ കാലത്ത് പോയി സിനിമ ചിത്രീകരിക്കാൻ എനിക്കോ ഇതിന്റെ ക്യാമറാമാൻ ആയ ഷഹനാദിനോ താൽപ്പര്യമുണ്ടായിരുന്നില്ല. സിനിമയുടെ ഒരു രംഗത്ത് ബോട്ടിൽ ശവപെട്ടിയുമായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അടക്കം എല്ലാവരും പോകുന്ന ഒരു രംഗമുണ്ട്. ആ രംഗം യഥാർത്ഥ വെള്ളപൊക്കത്തിൽ തന്നെയാണ് ചിത്രീകരിച്ചത്.

കൈയ്യിലുണ്ടായിരുന്ന 300 രൂപയും സിനിസ്താൻ പുരസ്‌കാരവും

ഉള്ളൊഴുക്കിന്റെ തിരക്കഥയുടെ അവസാനഘട്ട ഡ്രാഫ്റ്റ് ഒക്കെ ആയിരിക്കുമ്പോളാണ് ഒരു സുഹൃത്ത് സിനിസ്താൻ ഇന്ത്യയുടെ മികച്ച തിരക്കഥയുള്ള മത്സരത്തിനെ കുറിച്ച് പറയുന്നത്. ഇതിനെ കുറിച്ച് മുമ്പൊന്നും കേൾക്കാത്തത് കൊണ്ട് ഒരു ആശങ്കയുണ്ടായിരുന്നു. എന്നാലും ഇംഗ്ലീഷിലേക്ക് ട്രാൻസ്‌ലേറ്റ് ചെയ്ത് മത്സരത്തിന് അയച്ചു. അത്രയും ലാഘവത്തോടെയാണ് അത് അയച്ചത്.

സമ്മാനം ലഭിക്കുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കാരണം 3700 ഓളം പേരാണ് തിരക്കഥ അയച്ചിരുന്നത്. അതിൽ നിന്ന് ഷോർട് ലിസ്റ്റ് ചെയ്ത് മുംബൈയിലേക്ക് വരാൻ പറഞ്ഞു വിളി വന്നു. 300 രൂപയാണ് അന്ന് പോക്കറ്റിൽ ഉണ്ടായിരുന്നത്. സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടിലായിരുന്ന ഒരു സമയം കൂടിയായിരുന്നു അത്. ഏതെങ്കിലും ഒരു സമ്മാനം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ 25 ലക്ഷത്തിന്റെ ഒന്നാം സമ്മാനം ലഭിക്കുമെന്ന് കരുതിയിരുന്നില്ല.

കറി & സയനൈഡും വിമർശനങ്ങളും

7-8 വർഷത്തോളമായി ഉള്ളൊഴുക്കിന്റെ പിന്നാലെയായിരുന്നു ഞാൻ. ഇതിനിടയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഓഫർ വരുന്നത്. ആദ്യം ഇത് ഏറ്റെടുക്കാൻ ആശങ്കയുണ്ടായിരുന്നു. പിന്നീട് ഗീതു മോഹൻദാസ് ആണ് പ്രോജക്റ്റ് ഏറ്റെടുക്കാൻ പറയുന്നത്. നമ്മൾ ഷൂട്ട് ചെയ്ത ഡോക്യൂമെന്ററിയിൽ നിയമപരമായ ചില വിമർശനങ്ങൾ വന്നത് കണ്ടിരുന്നു. അതിന് മറുപടി പറയേണ്ടത് നെറ്റ്ഫ്‌ളിക്‌സിന്റെ ലീഗൽ ടീം ആണ്.

'300 രൂപയിൽ തുടങ്ങിയ യാത്ര', ഉള്ളൊഴുക്കിന്റെ വഴികള്‍ | ക്രിസ്റ്റോ ടോമി - അഭിമുഖം
ഹർജി അടിസ്ഥാനരഹിതം; ആമിർഖാന്റെ മകന്റെ സിനിമ മഹാരാജിന് പ്രദർശനാനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി

കൂടുന്ന ഉത്തരവാദിത്തങ്ങളും സഹപ്രവർത്തകരുടെ പിന്തുണയും

പുരസ്‌കാരങ്ങളും കറി ആൻഡ് സയനൈഡ് ഉണ്ടാക്കുന്ന പ്രതീക്ഷകളും ക്രിയേറ്റർ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തങ്ങളാണ് ഉണ്ടാക്കുന്നത്. ആളുകളുടെ പ്രതീക്ഷ കൂടുന്നതിന് അനുസരിച്ച് ആശങ്കകളും ഉയരുന്നുണ്ട്. അടുത്ത ഒരു സിനിമ ഇതിൽ നിന്ന് എല്ലാം വ്യത്യസ്തമായ ഒന്നായിരിക്കണമെന്നാണ് ആഗ്രഹം. ഒരേ രീതിയിൽ ഉള്ള ചിത്രങ്ങളും കഥ പറച്ചിലുകൾക്കും എനിക്ക് താൽപ്പര്യമില്ല.

ഉള്ളൊഴുക്ക് തീയേറ്ററുകളിൽ എത്തുമ്പോൾ എന്റെ സഹപ്രവർത്തകരുടെ പിന്തുണ വളരെ വലുതാണ്, ഷെഹനാദ് ഈ ചിത്രത്തിന്റെ ഡിഒപിയാണ് ചിത്രത്തിന്റെ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്ന വ്യക്തികളിൽ ഒരാളാണ് ഷെഹനാദ്. പിന്നെ ഈ ചിത്രത്തിന്റെ ആർടും സിങ്ക് സൗണ്ടും ഒരുക്കിയെ ജെഡി എന്ന ജയദേവൻ ചക്കാടത്തും അനിൽ രാധാകൃഷ്ണനും ഇതേപോലെ തന്നെ തുടക്കം മുതൽ ഉണ്ടായിരുന്ന ആളാണ്. പിന്നീട് ജെഡിയാണ് സുഷിന്റെ കാര്യം പറയുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന്റെ സമയത്താണ് സുഷിനെ ഈ സിനിമയുമായി ബന്ധപ്പെട്ട് കാണന്നത്. അന്ന് മുതൽ സുഷിന്റെ പിന്തുണയും ഈ ചിത്രത്തിനുണ്ട്.

logo
The Fourth
www.thefourthnews.in