ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും ഓസ്കാർ എൻട്രി ചുരുക്കപ്പട്ടികയിൽ ഇടം നേടി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'
ഒരേ സമയം ഇന്ത്യയുടെയും ഫ്രാൻസിന്റെയും ഓസ്കാർ എൻട്രി ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. 2024 ലെ കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടിയ ആദ്യ ഇന്ത്യൻ സിനിമയെന്ന നിലയിൽ ലോക ശ്രദ്ധ നേടിയ ചിത്രം ഇതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഫ്രാൻസിലെ ഓസ്‌കാർ കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയിലും ഇടം നേടിയതോടെ 2025 ലെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഫ്രാൻസ്, ഇന്ത്യ എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ഓസ്കാർ എൻട്രിയായി ചിത്രം മാറിയേക്കും.
ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' നിർമ്മിച്ചത്. തെലുങ്ക് നടൻ റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷൻ ബാനറായ സ്പിരിറ്റ് മീഡിയയാണ് അടുത്തിടെ ഇന്ത്യയിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.
2024-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയറായി പ്രദർശിപ്പിച്ച അലക്‌സാണ്ടർ ഡുമാസിന്റെ അഡാപ്റ്റേഷനായ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, ജാക്വസ് ഓഡിയാർഡിൻ്റെ എമിലിയ പെരസ്, അലൈൻ ഗ്യൂറോഡിയുടെ മിസ്രികോർഡിയ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തെയും ഫ്രാൻസിലെ ഓസ്‌കാർ കമ്മിറ്റി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.
മുംബൈയിലെ നഴ്സുമാരായ പ്രഭ, അനു എന്നിവരിലൂടെയാണ് ചിത്രം കഥ പറയുന്നത്. കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം എന്നിവരാണ് സിനിമയിലെ പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങളായെത്തുന്നത്. മുംബൈയിലും രത്‌നഗിരിയിലുമായി 40 ദിവസം നീണ്ട ഷൂട്ടിങ് ഷെഡ്യൂൾ ആയിരുന്നു ചിത്രത്തിന്റേത്. സംവിധായികയായ പായല്‍ കപാഡിയ തന്നെയാണ് ചിത്രത്തിനായി തിരക്കഥയും ഒരുക്കിയത്. 2021ൽ 'എ നൈറ്റ് ഓഫ് നോയിങ് നതിങ്' എന്ന ഡോക്യൂമെന്ററിയുമായി പായൽ കാൻ ഫിലിം ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. ഡയറക്ടർസ് ഫോർട്ട്നൈറ്റ് എന്ന സെക്ഷനിൽ പ്രദർശിപ്പിച്ച ഡോക്യൂമെന്ററിക്ക് 'ഗോൾഡൻ ഐ' പുരസ്കാരവും ലഭിച്ചിരുന്നു.