ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷം; കാനില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടി 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'
കാന്‍സ് ചലച്ചിത്രമേളയില്‍ ചരിത്രം കുറിച്ച് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ഗ്രാന്‍ഡ് പ്രി ജൂറി പുരസ്‌കാരം.
ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ നടിയും എഴുത്തുകാരിയുമായ ഗ്രേറ്റ ഗെര്‍വിക് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
30 വര്‍ഷത്തിനുശേഷം കാന്‍ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റി'നുണ്ട്. 'പാം ദിയോര്‍' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃധു ഹാറൂണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' എന്ന സിനിമ മുബൈയിലെത്തുന്ന രണ്ട് മലയാളി നഴ്‌സുമാരുടെ കഥയാണ് പറയുന്നത്. ഈ കഥാപാത്രങ്ങളെയാണ് കനി കുസൃതിയും ദിവ്യ പ്രഭയും അവതരിപ്പിച്ചത്.
പാരീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലക്‌സ്‌ബോക്‌സാണ് ചിത്രം ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. പായല്‍ കപാഡിയ ചെയ്ത 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്' എന്ന ഡോക്യുമെന്ററി 2021ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുകയും 'ഗോള്‍ഡന്‍ ഐ' പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സര്‍വകലാശാല വിദ്യാര്‍ഥികളുടെ ജീവിതം അവതരിപ്പിക്കുന്ന ഡോക്യൂമെന്ററിയാണ് 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്'.
നേരത്തെ കാനില്‍ എത്തിയ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്'ന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. എട്ട് മിനിറ്റ് നീണ്ട് നിന്ന കൈയടികള്‍ക്കൊപ്പമുള്ള കനിയുടെയും ദിവ്യ പ്രഭയുടെയും എന്‍ട്രി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായിട്ടായിരുന്നു കനി കുസൃതി കാന്‍സ് വേദിയുടെ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത്.