കാതലിനു കയ്യടിക്കുന്നവർ എന്റെ സിനിമയ്ക്ക് നേരെ കല്ലെറിഞ്ഞു: എംബി പദ്മകുമാർ
കാതൽ സിനിമ വലിയതോതിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സ്വവർഗ പ്രണയം പ്രമേയമാക്കി താൻ മുമ്പ് ചെയ്ത സിനിമയെ ഓർമ്മപ്പെടുത്തി സംവിധായകനും നടനുമായ എം ബി പദ്മകുമാർ. അന്ന് താൻ നേരിട്ട ദുരനുഭവം ഫേസ്ബുക് വീഡിയോയിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. 2014ൽ ഇറങ്ങിയ 'മൈ ലൈഫ് പാര്‍ട്ണര്‍' എന്ന തന്റെ സിനിമ തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയെന്നും, അത്തരമൊരു പ്രമേയം അവതരിപ്പിച്ചതിന്റെ പേരിൽ താൻ ക്രൂശിക്കപ്പെട്ടുവെന്നും പദ്മകുമാർ പറയുന്നു.
സമൂഹത്തിനു നേരെ തിരിച്ചുവച്ച കണ്ണാടിയായിരുന്നു ആ സിനിമയെന്നും. 2014-ൽ താൻ വലിയരീതിയിൽ കല്ലേറ് നേരിടേണ്ടി വന്നുവെന്നും പദ്മകുമാർ പറയുന്നു. തന്റെ മക്കൾ സ്കൂളിൽ പോകുമ്പോൾ തുണ്ട് പടം സംവിധായകന്റെ മക്കൾ എന്ന് ആളുകൾ വിളിച്ചിരുന്നു. ഈ സംഭവങ്ങൾ തന്റെ മനസിനെയും ശരീരത്തെയും കുത്തി നോവിച്ചെന്നും പദ്മകുമാർ പറയുന്നു. ആ സിനിമ കാണിക്കാനും അഭിപ്രായം അറിയാനും വേണ്ടി പല സൂപ്പർ താരങ്ങളെയും സമീപിച്ചിരുന്നെങ്കിലും അടുത്ത് പോലും എത്താൻ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
ആ സിനിമ പുറത്തിറങ്ങി ആദ്യത്തെ ഷോ കാണാൻ തിയേറ്ററിൽ ചെന്നിരുന്നപ്പോൾ, ആരെങ്കിലും സിനിമ കാണാൻ വരണേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന, എന്നാൽ അധികംപേരൊന്നും ആ സിനിമ കാണാൻ വന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുതലേദിവസം നാൽപ്പത് തിയേറ്ററുകളിലുണ്ടായിരുന്ന സിനിമ ഒരുദിവസത്തിനിപ്പുറം മിക്ക തിയേറ്ററുകളിൽനിന്നും എടുത്ത് മാറ്റപ്പെട്ടു. മറ്റ് സിനിമകൾക്ക് ആ സ്ക്രീനുകൾ നൽകപ്പെട്ടു, പദ്മകുമാർ പറയുന്നു.
സ്വവർഗ്ഗ പ്രണയത്തിലേർപ്പെടുന്നത് ഏതെങ്കിലും സൂപ്പർ താരങ്ങളാണെങ്കിൽ തങ്ങൾ സ്ക്രീൻ നൽകാം എന്നായിരുന്നു അവർ പറഞ്ഞത്. സിനിമ ആരും ശ്രദ്ധിച്ചില്ലെങ്കിലും ആ വർഷം നാല് സംസ്ഥാന പുരസ്കാരങ്ങൾ ആ സിനിമയ്ക്ക് ലഭിച്ചെന്നും പദ്മകുമാർ പറയുന്നു. അതിന്റെ ഓൺലൈൻ റൈറ്റ്സ് നിർമ്മാതാവ് മറ്റു പലർക്കും നൽകിയിരുന്നെങ്കിലും അവർ പലഭാഗങ്ങളാക്കി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതോടെ ആരും ആ സിനിമ മുഴുവനായി കാണാതായി.