ദുരന്തത്തെ അതിജീവിച്ച 'കുവി' ഇനി സിനിമയിലും നായിക
രണ്ടുവര്‍ഷം മുമ്പുണ്ടായ മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരിച്ച മൂന്ന് വയസ്സുകാരി ധനുഷ്‌കയുടെ പ്രിയങ്കരിയായിരുന്ന 'കുവി'യെന്ന നായയെ മലയാളിക്ക് പെട്ടെന്ന് മറക്കാനാവില്ല. ധനുഷ്‌കയുടെ മൃതദേഹം നാല് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലും കാണാത്ത സാഹചര്യത്തില്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്നും കുവിയാണ് കണ്ടെടുത്തത്. തന്റെ പ്രിയ കൂട്ടുകാരിയെ കുവി കണ്ടെടുത്ത ആ കാഴ്ച്ച കണ്ടവരെല്ലാം തന്നെ അന്ന് കരഞ്ഞുപോയിരുന്നു.
ആ 'കുവി' ഇപ്പോള്‍ വെള്ളിത്തിരയിലും നായികയാകുന്ന സിനിമ ഒരുങ്ങുകയാണ്. 'നജസ്സ്' എന്ന് പേരിട്ട ചിത്രത്തില്‍ കുവി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കും. 2019ല്‍ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വരി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.
ഇപ്പോള്‍ രണ്ടുവയസ്സുള്ള കുവി അജിത്തിന്റെ ആലപ്പുഴ ചേര്‍ത്തലയിലെ വീട്ടില്‍ സുഖമായി കഴിയുകയാണ്
മൂന്നാര്‍ പെട്ടിമുടി ദുരന്തശേഷം ഇടുക്കി ജില്ലാ പോലീസാണ് കുവിയെ ഏറ്റെടുത്തത്. ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രെയിനര്‍ അജിത് മാധവനായിരുന്നു പരിശീലകന്‍. എട്ട് മാസത്തിന്‌ശേഷം കുവിയെ പെട്ടിമുടിയിലെ പളനിയമ്മ വാങ്ങിയെങ്കിലും അവര്‍ തിരിച്ചേല്‍പ്പിച്ചു. കൊച്ചി സിറ്റി പൊലീസ് രഘു നിയമപരമായി കുവിയുടെ സംരക്ഷണം അജിത് മാധവനെ തന്നെ പിന്നീട് ഏല്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടുവയസ്സുള്ള കുവി അജിത്തിന്റെ ആലപ്പുഴ ചേര്‍ത്തലയിലെ വീട്ടില്‍ സുഖമായി കഴിയുകയാണ്.
മനുഷ്യരോട് ഇണങ്ങാനും സാഹചര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള കുവിയുടെ സവിശേഷത ആരെയും അമ്പരപ്പിക്കും
ശ്രീജിത് അജിത് മാധവനെ ബന്ധപ്പെട്ടതോടെയാണ് വെള്ളിത്തിരയിലേക്കുള്ള വഴി തുറന്നത്. ഇടുക്കി പോലീസിലെ കെ. കെ9 സ്‌ക്വാഡിലെത്തിയ സമയത്ത് പോലീസ് പരിശീലനം നല്‍കിയതൊഴിച്ചാല്‍ കുവിക്ക് മറ്റ് പരിശീലനങ്ങളൊന്നും നല്‍കിയിട്ടില്ല. പക്ഷേ മനുഷ്യരോട് ഇണങ്ങാനും സാഹചര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള കുവിയുടെ സവിശേഷതയാണ് ആരെയും അമ്പരപ്പിക്കുക. വൈഡ് സ്‌ക്രീന്‍ മീഡിയയുടെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഒമ്പതാമത്തെ സിനിമയായ 'നജസ്സി'ന്റെ ഛായാഗ്രഹണം വിപിന്‍ ചന്ദ്രന്‍ നിര്‍വഹിക്കുന്നു. എഡിറ്റിംഗ്-രത്തിന്‍ രാധാകൃഷ്ണന്‍. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോക്ടര്‍ സി രാവുണ്ണി, ബാപ്പു വെള്ളിപ്പറമ്പ് എന്നിവരുടെ വരികള്‍ക്ക് സുനില്‍ കുമാർ പി കെയാണ് സംഗീതം നല്‍കുന്നത്