ഒടിയനുശേഷവും എന്നെ ചേര്‍ത്തുനിര്‍ത്തി, അതാണ് ആരോപണങ്ങൾക്ക് ലാലേട്ടന്റെ മറുപടി: ശ്രീകുമാർ മേനോൻ
ശ്രീകുമാര്‍ മേനോന്‍, ഒടിയനെന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമ സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ച സംവിധായകന്‍. ഒടിയനുശേഷം മോഹന്‍ലാലിനൊപ്പമുള്ള പരസ്യചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് ശ്രീകുമാര്‍ മേനോന്‍. പക്ഷേ സമീപകാലത്ത് മലയാള സിനിമയില്‍ ഇത്രയധികം ട്രോള്‍ ഏറ്റുവാങ്ങിയ മറ്റൊരു സംവിധായകന്‍ ഇല്ല. ട്രോളുകളെ എങ്ങനെ കാണുന്നു? ഒടിയനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ശരിയാണോ? മോഹന്‍ലാലിനൊപ്പമുള്ള പുതിയ പരസ്യ ചിത്രത്തെക്കുറിച്ചും ട്രോളുകളെക്കുറിച്ചും ശ്രീകുമാര്‍ മേനോന്‍ ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു.
മോഹന്‍ലാല്‍ പവര്‍ഫുള്‍ ബ്രാന്‍ഡ്
ലാലേട്ടനൊപ്പമുള്ള പരസ്യചിത്രം 20ന് എത്തും. പ്രൊഡക്ട് എന്താണെന്നത് സസ്പെന്‍സാണ്. കേരളത്തില്‍ ഒരു പ്രൊഡക്ട് മാര്‍ക്കറ്റ് ചെയ്യാന്‍ ഇത്രയും പവര്‍ഫുള്ളായിട്ടുള്ള മറ്റൊരു താരമുണ്ടോയെന്ന് സംശയമാണ്. അതുകൊണ്ടുതന്നെയാണ് ഈ പ്രൊഡക്ടിലേക്കും ലാലേട്ടനെ തിരഞ്ഞെടുത്തത്. പിന്നെ ലാലേട്ടന്‍ വെറുതെ വന്നൊരു പരസ്യം ചെയ്യില്ല. ആ പ്രൊഡക്ടിനെക്കുറിച്ചും കമ്പനിയെക്കുറിച്ചുമൊക്കെ നന്നായി മനസിലാക്കിയശേഷമാണ് അദ്ദേഹം പരസ്യത്തില്‍ അഭിനയിക്കാറുള്ളൂ.
ട്രോളിനെ ട്രോളായി മാത്രമേ എടുക്കൂ
ട്രോളുകളൊക്കെ കാണാറുണ്ട്. പോസിറ്റീവ് ട്രോള്‍ കണ്ടാല്‍ സന്തോഷിക്കും. തമാശ കണ്ടാല്‍ ചിരിക്കും. വിമര്‍ശനങ്ങളാണെങ്കില്‍ തിരുത്തേണ്ടവ തിരുത്തും. അങ്ങനെ അല്ലേ വേണ്ടത്? ആ സ്പിരിറ്റുണ്ട്. അതിനുമപ്പുറം ഇതൊന്നും മനസിലേക്ക് എടുക്കാറില്ല. നല്ലതോ മോശമോ ആയ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടല്ലോ? അങ്ങനെ മാത്രമേ ട്രോളുകളെയും കാണുന്നുള്ളൂ.
ഇപ്പോഴും ചര്‍ച്ചയാകുന്ന ഒടിയന്‍
ഒടിയന്‍ മോശം ചിത്രമോ പരാജയ ചിത്രമോ അല്ല. ആ സത്യം പ്രേക്ഷകര്‍ക്കും സിനിമാക്കാര്‍ക്കും അറിയാം. ഏറ്റവും വലിയ സംഘടിത സൈബര്‍ ആക്രമണത്തെയും എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച സിനിമയാണ്. ഇവിടെ ഉന്നംവച്ചുള്ള സൈബര്‍ ഡീഗ്രേഡിങ്ങുണ്ടെന്ന് ആദ്യം പറഞ്ഞത് ഞാനാണ്. ഇന്ന് എല്ലാവരും പറയുന്നു.
ബ്രാന്‍ഡിങ് ഒരു സയന്‍സ് ആണ്. ബ്രാന്‍ഡ്രിങ് സ്ട്രാറ്റജിസ്റ്റ് എന്ന നിലയിലും പരസ്യചിത്ര സംവിധായകനെന്ന നിലയിലും ഞാന്‍ എന്റെ പ്രൊഡക്ട് ഏറ്റവും നന്നായി മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചു. അതില്‍ വിജയിച്ചുവെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഒടിയനുണ്ടാക്കിയ പല റെക്കോര്‍ഡുകളും തകര്‍ക്കപ്പെടാതെ കിടക്കുന്നത്. 23 രാജ്യങ്ങളില്‍ ഒരേസമയം ആദ്യം റിലീസ് ചെയ്ത മലയാള സിനിമ ഒടിയനാണ്. ഒരു മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തില്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെന്ന് മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ചിത്രം കൂടിയാണ് ഒടിയന്‍. ആ ബെഞ്ച്മാര്‍ക്കില്‍നിന്നാണ് പിന്നീട് പല ചിത്രങ്ങളും പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ മെനഞ്ഞത്. യാഥാര്‍ഥ്യങ്ങള്‍ ചിലപ്പോള്‍ മറച്ചുവയ്ക്കാനാകുമായിരിക്കും, പക്ഷേ തേച്ചുമാച്ചു കളയാനാകില്ല.
മെയിന്‍ സ്ട്രീം സിനിമയെന്ന മാധ്യമത്തില്‍നിന്ന് ഞാന്‍ അകന്നു പോയിട്ടില്ല. എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന പ്രൊജക്ടിനുവേണ്ടി കാത്തിരിക്കുകയാണ്
എല്ലാത്തിനും ഉത്തരം ലാലേട്ടന്‍ പറഞ്ഞിട്ടുണ്ട്
ഒടിയനുശേഷവും ലാലേട്ടന്‍ എന്നെ ചേര്‍ത്തുനിര്‍ത്തുന്നത് എനിക്ക് നേരെ ഉയരുന്ന എല്ലാ ആരോപണങ്ങള്‍ക്കുള്ള മറുപടിയില്ലേ? തന്റെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒടിയന്‍ ഉണ്ടെന്ന് അടുത്തിടെ നല്‍കിയ അഭിമുഖങ്ങളില്‍ പലതിലും ലാലേട്ടന്‍ പറയുമ്പോള്‍, സുചിത്ര ചേച്ചിയും അത് ആവര്‍ത്തിക്കുമ്പോള്‍, അതിലും വലിയ മറുപടി എനിക്ക് എന്താണുള്ളത്? മറ്റൊരു മറുപടി എനിക്കില്ല, അങ്ങനെ പറയുന്നതില്‍ അര്‍ഥവുമില്ല.
ഈ പറയുന്ന ആരോപണങ്ങളെയൊക്കെ അദ്ദേഹം എങ്ങനെ കാണുന്നുവെന്നത് മാത്രമാണ് ഞാന്‍ ആലോചിക്കേണ്ടത്. എന്റെ ഓഫീസില്‍ ആരവങ്ങളില്ലാതെ വന്നു, എന്റെ സഹപ്രവര്‍ത്തകരെ കുടുംബമായി ചേര്‍ത്തുനിര്‍ത്തി, പൂജാ മുറിയില്‍ കെടാവിളക്ക് കൊളുത്തിയ ലാലേട്ടന്‍ തന്റെ അഭ്യൂദയകാംഷികളോട് ആ മറുപടി പറയുന്നില്ലേ? നാല്‍പ്പതിലേറെ വര്‍ഷം ഇന്ത്യയുടെ എണ്ണം പറഞ്ഞ താരചക്രവര്‍ത്തികളില്‍ ഒരാളായി തുടരുന്ന അദ്ദേഹത്തിന്റെ സ്‌നേഹം നമ്മള്‍ സംശയിക്കേണ്ടതുണ്ടോ?
എനിക്കൊന്നും തെളിയിക്കാനില്ല
വിമര്‍ശനങ്ങള്‍ കൊണ്ടൊന്നുമല്ല ഒരു ഇടവേളയിലേക്കു പോയത്. പരസ്യരംഗത്ത് തിരക്കാണ്. കുറേയേറെ ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്നു. സിനിമക്കെടുത്ത ഇടവേളയ്ക്കു ശേഷം 33 വര്‍ഷമായി ഞാന്‍ ചെയ്യുന്ന പണിയിലേക്കു ഞാന്‍ തിരിച്ചുപോയി. അതും ക്രീയേറ്റിവ് പ്രോസസ് ആണല്ലോ. എല്ലാ പരസ്യചിത്രങ്ങളും ഓരോ ചെറിയ സിനിമകള്‍ തന്നെയാണ്. സിനിമയും പരസ്യവും രണ്ടും കഥപറച്ചിലുകളാണ്. മെയിന്‍ സ്ട്രീം സിനിമയെന്ന മാധ്യമത്തില്‍നിന്ന് ഞാന്‍ അകന്നു പോയിട്ടില്ല. എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന പ്രൊജക്ടിനുവേണ്ടി കാത്തിരിക്കുകയാണ്.
ലാലേട്ടനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കാത്തവരുണ്ടോ?
ലാലേട്ടനെ വച്ച് സിനിമ ചെയ്യാന്‍ ആഗ്രഹിക്കാത്തവരുണ്ടാകുമോ? അങ്ങനെ ഉണ്ടാകില്ലെന്നാണ് തോന്നിയിട്ടുള്ളത്. ഒടിയനുശേഷം ലാലേട്ടനൊപ്പമുള്ള രണ്ട് സിനിമകള്‍ ആലോചിച്ചിരുന്നു. രണ്ടാമൂഴവും മിഷന്‍ കൊങ്കണും. രണ്ട് ചിത്രങ്ങളും നടന്നില്ല. കോവിഡ് മൂന്നാംതരംഗം കാരണമാണ് മിഷന്‍ കൊങ്കണ്‍ നടക്കാതെ പോയത്. രണ്ടാമൂഴത്തിന്റെ കാര്യം എല്ലാവര്‍ക്കുമറിയാം. വ്യക്തിപരമായി 13 കോടി രൂപയോളം പ്രീ-പ്രൊഡക്ഷനില്‍ മുടക്കിയ ചിത്രമാണ് രണ്ടാമൂഴം. ഇനിയൊരു ചിത്രം സംഭവിക്കേണ്ടതാണെങ്കില്‍ സംഭവിക്കും. സംഭവിക്കണമെന്നാണ് ആഗ്രഹം. സമയമാകുമ്പോള്‍ എല്ലാം നടക്കട്ടെയെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂ.
മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് സിനിമകളുടെ നിര്‍മാണ പങ്കാളിയായ അഞ്ജന ഫിലിപ്പുമായി ചേര്‍ന്ന് സിനിമ കമ്പനി രൂപീകരിച്ചിട്ടുണ്ട്. അഞ്ജന- വാര്‍സ് എന്ന പ്ലാറ്റ്‌ഫോമില്‍ ആറ് സിനിമ പ്ലാന്‍ ചെയ്തിട്ടുണ്ട്. ആദ്യ സിനിമ ഫെബ്രുവരിയില്‍ പാലക്കാട് ഷൂട്ട് തുടങ്ങും.