പോക്‌സോ കേസിൽ പ്രതിയായ നടനായി അന്വേഷണം; ജയചന്ദ്രൻ ഒളിവിലെന്ന് കസബ പോലീസ്
പോക്‌സോ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പോലീസ്. പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് നടൻ ഒളിവിൽപ്പോയതെന്ന് കസബ പോലീസ് അറിയിച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ചുളള പരിശോധനയിലൊന്നും നടനെ കണ്ടെത്താനായില്ലെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രൻ കോഴിക്കോട് പോക്‌സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, ജൂലായ് 12-ന് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പിന്നീട് മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ അടുത്തയാഴ്ചയാണ് വാദംകേൾക്കൽ.
നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ നിയമ പ്രകാരം കേരള പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.കുടുംബ വഴക്കിൻ്റെ മറവിൽ ജയചന്ദ്രൻ കുട്ടിയെ മർദിച്ചെന്നും അമ്മയുടെ പരാതിയിലുണ്ട്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പോലീസ് കുട്ടിയുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
സിനിമകളിലും സ്റ്റേജ് ഷോകളിലും ടെലിവിഷനിലുമായി മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ജയചന്ദ്രൻ. മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ പ്രകടനമായിരുന്നു സമീപകാലത്ത് ജയചന്ദ്രന് ജനപ്രീതി നേടിക്കൊടുത്തത്.