ഐശ്വര്യ രജനീകാന്തിന്റെ സ്വർണാഭരണങ്ങൾ കാണാതായ കേസ്; പ്രതികളെ കണ്ടെത്തി പോലീസ്
സംവിധായിക ഐശ്വര്യ രജനീകാന്തിന്റെ ആഭരണങ്ങൾ കാണാതായ കേസിൽ പ്രതികളെ കണ്ടെത്തി പോലീസ്. ഐശ്വര്യയുടെ വീട്ടുജീവനക്കാരിയായ ഈശ്വരിയേയും അവരുടെ ഭർത്താവിനെയുമാണ് തേനാംപേട്ട് പോലീസ് പിടികൂടിയിരിക്കുന്നത്. ഇരുവരും തമ്മിൽ ഒന്നിലധികം തവണ പണമിടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഈശ്വരിയേയും ഭർത്താവിനേയും ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
2019ൽ ഭർതൃ സഹോദരി സൗന്ദര്യയുടെ വിവാഹത്തിന് ആഭരണങ്ങൾ ഉപയോഗിച്ച ശേഷം ലോക്കറിൽ തിരികെ വയ്ക്കുകയായിരുന്നു. 2021ൽ ലോക്കർ മൂന്നു സ്ഥലങ്ങളിലേക്ക് കൊണ്ടു പോയിരുന്നു. ഓഗസ്റ്റ് മാസം 21ന് മുൻ ഭർത്താവ് ധനുഷിന്റെ ഫ്ലാറ്റിലേക്കാണ് ആദ്യം കൊണ്ടുപോയത്. തുടർന്ന് 2021 സെപ്തംബറിൽ ചെന്നൈയിലുള്ള അപ്പാർട്മെന്റിലേക്കും പിന്നീട് 2022 ഏപ്രിലിൽ ഗാർഡൻ റെസിഡൻസിലേക്കും. എന്നാൽ ലോക്കറിന്റെ താക്കോൽ അപ്പോഴും ചെന്നൈയിലെ തന്റെ അപാർട്ട്മെന്റിലായിരുന്നു. ഫെബ്രുവരി 10ന് ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം അറിയുന്നത്.
3,60,000 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വർണവും കാണാനില്ലെന്നായിരുന്നു പരാതി. വീട്ടിലെ മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ എവിടെയാണെന്ന് ഈശ്വരി, ലക്ഷ്മി, ഡ്രൈവർ വെങ്കട്ട് എന്നിവർക്ക് അറിയാമെന്നായിരുന്നു ഐശ്വര്യയുടെ ആരോപണം.