പലസ്തീനെ പിന്തുണച്ച് താരങ്ങൾ, പിന്നാലെ 'ബോയ്‌കോട്ട് ബോളിവുഡ്' ട്രെൻഡിങ്ങിൽ; രൂക്ഷ വിമർശനവുമായി പൂജാ ഭട്ട്
സാമൂഹ്യ മാധ്യമങ്ങളിലെ 'ബോയ്‌കോട്ട് ബോളിവുഡ്' ട്രെൻഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായികയും നടിയുമായ പൂജാ ഭട്ട്. നിരവധി ബോളിവുഡ് താരങ്ങൾ പലസ്തീൻ ഐക്യദാർഢ്യവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ 'ബോയ്‌കോട്ട് ബോളിവുഡ്' ട്രെൻഡ് പ്രത്യക്ഷപ്പെട്ടത്. താരങ്ങൾ കൂട്ടായി സംസാരിക്കുമ്പോൾ ഇൻഡസ്ട്രിയെ ആക്രമിക്കുകയാണെന്ന് പൂജാ ഭട്ട് ആഞ്ഞടിച്ചു.
“ഇത് വീണ്ടും ആരംഭിക്കുന്നു! പലസ്തീനിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കൂട്ടായി സംസാരിക്കുന്നതിന് എന്റർടൈൻമെന്റ് ഇൻഡസ്ട്രി നൽകുന്ന വില.” ബോയ്‌കോട്ട് ബോളിവുഡ് ഹാഷ്ടാഗിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ട് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പൂജാ ഭട്ട് കുറിച്ചു. എല്ലാ കണ്ണുകളും റഫായിലേക്ക് എന്ന ഹാഷ്ടാഗും പൂജ കൂട്ടിച്ചേർത്തു.
പിന്നാലെ പോസ്റ്റിന് താഴെ പൂജയെ വിമർശിച്ച് കൊണ്ട് നിരവധി കമന്റുകളാണ് വന്ന് നിറഞ്ഞത്. കുറച്ച് മിനിറ്റുകൾക്ക് ശേഷം പൂജ പോസ്റ്റ് വീണ്ടും പങ്കിടുകയും കമന്റുകൾ പ്രവചിക്കാനാവുന്നതാണെന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു.
ലവ് ജിഹാദിനെതിരെയും, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് വേണ്ടി അപലപിക്കാനും ബോളിവുഡ് താരങ്ങൾ തയാറാകുന്നിലെന്നാണ് കമന്റുകളിൽ ചിലർ ഉന്നയിക്കുന്ന വിമർശനം.
പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബോളിവുഡിലെ നിരവധി പ്രമുഖ താരങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ആലിയ ഭട്ട് , കരീന കപൂർ, വരുൺ ധവാൻ തുടങ്ങിയ താരങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് പിന്തുണ അറിയിച്ചത്. തൊട്ടുപിന്നാലെയാണ് എക്‌സിൽ ബോയ്‌കോട്ട് ബോളിവുഡ് ട്രെൻഡ് പ്രത്യക്ഷപ്പെട്ടത്. സാമന്ത റൂഥ് പ്രഭു, തൃപ്തി ദിമ്രി , മാധുരി ദീക്ഷിത്, ഫാത്തിമ സന ഷെയ്ഖ്, ദിയാ മിർസ, സ്വര ഭാസ്കർ എന്നിവരാണ് ഐക്യദാർഢ്യവുമായി രംഗത്തെത്തിയ മറ്റ് ചില താരങ്ങൾ.
ഇൻസ്റ്റാഗ്രാമിൽ മാത്രം 24 മണിക്കൂറിനുള്ളിൽ 33 മില്യണിലധികം ആളുകളാണ് ‘All eyes on Rafa’ അഥവാ 'എല്ലാ കണ്ണുകളും റഫയിലേക്ക്' ക്യാമ്പിയനിലൂടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. നേരത്തെയും നിരവധി തവണ ബോയ്‌കോട്ട് ബോളിവുഡ് ഹാഷ്ടാഗ് എക്‌സിൽ ട്രെൻഡിങ് ആയിട്ടുണ്ട്. മത വികാരങ്ങളെ വൃണപ്പെടുത്തിയെന്നാരോപിച്ച് സമീപ വർഷങ്ങളിൽ പുറത്തിറങ്ങിയ നിരവധി സിനിമകൾക്കെതിരെ ഹിന്ദുസംഘടനകൾ ബോയ്‌കോട്ട് പ്രതിഷേധം നടത്തിയിട്ടുണ്ട്. ഇത്തരം പ്രവണതകൾ ചില പ്രത്യേക വിഷയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് സിനിമ നിർമ്മാതാക്കളും വെളിപ്പെടുത്തിയിരുന്നു.