വമ്പൻ റിലീസിനൊരുങ്ങി പ്രഭാസിന്റെ സലാർ; ലോകത്താകെ അയ്യായിരത്തിലേറെ സ്ക്രീനുകളിൽ പ്രദർശനം
റിലീസിന് മുൻപ് തന്നെ റെക്കോർഡ് നേട്ടവുമായി പ്രഭാസ് ചിത്രം സലാർ. ലോകമെമ്പാടുമുള്ള 5000-ത്തിലധികം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. വടക്കേ അമേരിക്കയിൽ മാത്രം 1980-ലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് സലാറിന്റെ വിദേശ വിതരണ കമ്പനികളിലൊന്നായ പ്രത്യാംഗിര സിനിമാസ് ട്വിറ്ററിൽ അറിയിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.
ബാഹുബലി 1, 2 ചിത്രങ്ങളുടെയും ആർആർആറിന്റെയും ലോകമെമ്പാടുമുള്ള വൻ വിജയത്തിന് ശേഷം, ആഗോളതലത്തിൽ വൻ പ്രതീക്ഷയോടെ റിലീസിന് എത്തുന്ന ചിത്രം കൂടിയാണ് സലാർ. സെപ്തംബർ 27 ന് യുഎസിൽ റിലീസ് ചെയ്യുന്ന സലാറിന് ഇതിനുമുമ്പ് മറ്റൊരു ഇന്ത്യൻ സിനിമയ്ക്കും ലഭിക്കാത്ത അത്രയും സ്ക്രീനുകളാണ് ലഭിച്ചിരിക്കുന്നത്. ചിത്രം 28 നാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തുക
കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. ബാഹുബലിയുടെ ഒന്നും രണ്ടും ചിത്രങ്ങളുടെ വിജയത്തിന് ശേഷം പ്രഭാസ് അഭിനയിച്ച ചിത്രങ്ങളൊന്നും തന്നെ തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. സഹോ, രാധേ ശ്യാം എന്നീ ചിത്രങ്ങൾക്ക് ശേഷം, ഒടുവിൽ പുറത്തിറങ്ങിയ ആദിപുരുഷും പ്രേക്ഷക പ്രതീക്ഷകളെ മങ്ങലേൽപ്പിച്ചിരുന്നു. അതേസമയം, പാൻ ഇന്ത്യൻ റിലീസിനായി ഒരുങ്ങുന്ന ചിത്രത്തിൽ, പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലായി ചിത്രീകരിച്ച മാസ് ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് സലാർ. ശ്രുതി ഹാസൻ നായികയാകുന്ന ഈ ചിത്രം ഇന്ത്യയിൽ, തെലുങ്ക് , കന്നഡ ,മലയാളം , തമിഴ്, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ആയിരിക്കും ബിഗ് സ്ക്രീനിൽ എത്തുക. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്റെ തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‌രൂര്‍. ചിത്രം ഇന്ത്യയിൽ സെപ്റ്റംബർ 28 ന് റിലീസ് ചെയ്യും. കാന്താര, കെജിഎഫ് ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന സലാറിന്റെ ബഡ്ജറ്റ് 400 കോടിക്ക് മുകളിലാണ്.