മന്നം പറഞ്ഞു 'മനസ് നിറഞ്ഞു'; രണ്ടു തവണ രാമനായ നസീര്‍
'സീത' (1960) യിലാണ് നസീർ ആദ്യമായി ശ്രീരാമനായത്. രണ്ടു വർഷത്തിനകം 'ശ്രീരാമപട്ടാഭിഷേക'ത്തിൽ ആ വേഷം ആവർത്തിക്കപ്പെട്ടു. ആദ്യത്തേത് ഉദയാ ചിത്രം. രണ്ടാമത്തേത് അവരുടെ ബോക്‌സോഫീസ് പ്രതിയോഗികളായ മെരിലാൻഡിന്റെയും.
'ഉത്തരരാമചരിതത്തിന്റെ കഥയായിരുന്നു 'സീത'. 'ശ്രീരാമപട്ടാഭിഷേക'മാകട്ടെ രാമായണത്തിലെ പട്ടാഭിഷേകം വരെയുള്ള പൂർവ ഭാഗവും.' - എന്നെ തേടിയെത്തിയ കഥാപാത്രങ്ങൾ എന്ന ആത്മകഥാപരമായ പുസ്തകത്തിൽ നസീർ എഴുതുന്നു. ആദ്യത്തെ സിനിമയാണ് അഭിനയത്തിൽ കൂടുതൽ വെല്ലുവിളി ഉയർത്തിയത്. 'ഭർത്താവ്, രാജാവ്, എന്നീ വിഭിന്ന മാനസികാവസ്ഥകൾ തമ്മിലുള്ള തീവ്ര സംഘട്ടനമോ അടക്കിവെച്ച പുത്ര വാത്സല്യത്തിന്റെ ദുഖമോ ഒന്നും ആവിഷ്‌കരിക്കേണ്ടതില്ലല്ലോ ശ്രീരാമപട്ടാഭിഷേകത്തിൽ.'
'സീത'യിൽ ശ്രീരാമനായി അഭിനയിക്കാൻ കുഞ്ചാക്കോയുടെ ക്ഷണം ലഭിച്ചപ്പോൾ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചതെന്ന് പ്രേംനസീർ. കുറേക്കൂടി യോജിച്ച ആരെയെങ്കിലും നോക്കിക്കൂടേ എന്നായിരുന്നു നസീറിന്റെ ചോദ്യം. 'ഹേയ്, യോജിച്ച ആൾ നിങ്ങൾ തന്നെ.'-- കുഞ്ചാക്കോ പറഞ്ഞു. 'സ്‌ക്രിപ്റ്റ് തയാറായിക്കൊണ്ടിരിക്കുന്നു. ഉടൻ ഷൂട്ടിംഗ് തുടങ്ങും.'
ഒട്ടേറെ രാമഭാവങ്ങൾ ആ നിമിഷം പ്രേംനസീറിന്റെ ഓർമയിൽ വന്നു നിറഞ്ഞു. 'കോളേജ് ക്ലാസിൽ പഠിച്ചിട്ടുള്ള നാടകമാണ് ബങ്കിം ചന്ദ്രന്റെ 'സീതാ നിർവാസം'. ആ നാടകത്തിൽ എന്നെ ഏറ്റവും ആകർഷിച്ച കഥാപാത്രങ്ങൾ രാമനും ലക്ഷ്മണപത്‌നി ഊർമിളയുമാണ്. ടാഗോറിന്റെ ഭാഷയിൽ പറഞ്ഞാൽ അവ്യക്തവേദനയായ ഊർമിള.' പ്രേം അദീപും ശോഭന സമർഥും ശ്രീരാമനും സീതയുമായി അഭിനയിച്ച 'രാമരാജ്യ' എന്ന സിനിമ കണ്ട ഓർമയും പങ്കുവെക്കുന്നു നസീർ. സീതയുടെ കഥ സിനിമയാക്കാൻ കുഞ്ചാക്കോക്ക് പ്രചോദനമായതും വിജയ് ഭട്ട് സംവിധാനം ചെയ്ത 'രാമരാജ്യ' (1943) തന്നെ.
സീതയിലെ അഭിനയത്തിന്റെ ഓർമ്മകൾ പുസ്തകത്തിൽ വികാരനിർഭരമായി നസീർ പങ്കുവെക്കുന്നതിങ്ങനെ: "ആദ്യമായി രാമന് വേണ്ടി മേക്കപ്പണിഞ്ഞപ്പോൾ ആ മഹാപുരുഷനെ ഞാൻ ധ്യാനിച്ചു. എന്റെ എല്ലാ സ്വകാര്യദുഃഖങ്ങളും രാമഭക്തിയിൽ അലിഞ്ഞു. ചിത്രം പൂർത്തിയാകും വരെ ഞാൻ മൽസ്യ മാംസാദികൾ ഉപേക്ഷിച്ചു. സൂര്യവംശ രാജാക്കന്മാരായ പൂർവികരുടെ ശിലാരൂപങ്ങൾ സ്ഥാപിച്ചിരിക്കുന്ന മന്ത്രശാലയിൽ വെച്ച് സീതയെ ഉപേക്ഷിക്കാൻ ആ പിതൃക്കളോട് അനുവാദം ചോദിക്കുന്ന രാജാരാമനായി നിൽക്കുമ്പോൾ എന്റെയുള്ളിൽ ഞാനുണ്ടായിരുന്നില്ല; രാമൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ."
'ഒരിക്കൽ ഷൂട്ട് ചെയ്ത ഭാഗങ്ങളുടെ റഷസ് ഇട്ടു കണ്ടു നോക്കിയപ്പോൾ, സീതയെ കുതിരവണ്ടിയിൽ കയറ്റി വാല്മീകിയാശ്രമത്തിൽ ഉപേക്ഷിക്കാൻ ലക്ഷ്മണൻ പുറപ്പെടുന്ന പശ്ചാത്തലത്തിലെ മതിലിൽ സഖാവ് ടി വി തോമസിന് വോട്ടുചെയ്യുക എന്ന് കുമ്മായത്തിൽ എഴുതി വെച്ചിരിക്കുന്നു.
ഉദയാ സ്റ്റുഡിയോയിലും ആലപ്പുഴയുടെ പരിസരങ്ങളിലുമായിരുന്നു പടത്തിന്റെ ഷൂട്ടിംഗ്. 'മറക്കാനാവാത്ത ഒരു സംഭവമുണ്ടായി ചിത്രീകരണത്തിനിടെ.'-- നസീർ എഴുതുന്നു.'ഒരു രംഗം ഷൂട്ട് ചെയ്ത് സെറ്റിന് വെളിയിൽ വന്നു നിന്നപ്പോൾ നാൽപ്പതോളം വയസ് മതിക്കുന്ന പ്രൗഢയായ ഒരു സ്ത്രീ ഓടിവന്ന് കടവുളേ എന്ന് വിളിച്ചുകൊണ്ട് എന്റെ കാൽക്കൽ വീണു. ശ്രീരാമന്റെ വേഷത്തിലായിരുന്നല്ലോ ഞാൻ. അന്തംവിട്ടു നിന്ന എന്റെ മുതുകത്തും നെഞ്ചത്തും തഴുകി അവർ. പിന്നെ പൂണ്ടടക്കം ഒരു പിടി. വാസ്തവത്തിൽ അവർക്ക് ഉന്മാദമായിരുന്നോ അതോ ഭക്തിലഹരി ആയിരുന്നോ എന്തോ. ഇത് കണ്ടുനിന്ന നായികയുടെ അമ്മ ഓടിവന്ന് അവരെ വിടുവിക്കുകയായിരുന്നു''- എത്രയോ ഹിന്ദുഭവനങ്ങളുടെ പൂജാമുറിയിൽ പ്രേംനസീറിന്റെ മുഖമുള്ള ശ്രീരാമചിത്രം ഇടം നേടിയത് പിന്നീടുള്ള കഥ.
മറ്റൊരു കൗതുകം കൂടി ഓർത്തെടുക്കുന്നു നിത്യഹരിതനായകൻ. 'ഒരിക്കൽ ഷൂട്ട് ചെയ്ത ഭാഗങ്ങളുടെ റഷസ് ഇട്ടു കണ്ടു നോക്കിയപ്പോൾ, സീതയെ കുതിരവണ്ടിയിൽ കയറ്റി വാല്മീകിയാശ്രമത്തിൽ ഉപേക്ഷിക്കാൻ ലക്ഷ്മണൻ പുറപ്പെടുന്ന പശ്ചാത്തലത്തിലെ മതിലിൽ സഖാവ് ടി വി തോമസിന് വോട്ടുചെയ്യുക എന്ന് കുമ്മായത്തിൽ എഴുതി വെച്ചിരിക്കുന്നു. അന്നതു കണ്ട് ചിരിച്ചതിന് കണക്കില്ല.'
'സീത'യിലെ അഭിനയത്തിന്റെ പേരിലുള്ള ഏറ്റവും ഹൃദയസ്പർശിയായ അഭിനന്ദനം മന്നത്ത് പത്മനാഭനിൽ നിന്നായിരുന്നു എന്നോർക്കുന്നു നസീർ. അപൂർവമായി മാത്രം സിനിമ കാണാറുള്ള തനിക്ക് 'സീത'യിലെ ശ്രീരാമന്റെ അഭിനയം ആകർഷകമായി തോന്നി എന്ന് അദ്ദേഹം പറഞ്ഞുകേട്ടപ്പോൾ സന്തോഷം തോന്നി.
തമിഴ് നടി കുശലകുമാരി ആണ് സീതയിൽ സീതയായി വേഷമിട്ടത്. 'ശ്രീരാമപട്ടാഭിഷേക'ത്തിൽ തെലുങ്ക് നടി വാസന്തിയും. സീതയിലെ കുശലകുമാരിക്ക് ഉയരക്കുറവാണ് പ്രശ്‌നമെങ്കിൽ ഉയരക്കൂടുതലായിരുന്നു വാസന്തിയുടെ പോരായ്മ. ക്യാമറാ ട്രിക്കുകൾ കൊണ്ടാണ് രണ്ടു പ്രശ്‌നങ്ങളും പരിഹരിച്ചതെന്ന് നസീർ. 'ഈ രണ്ടു സീതമാരും പിന്നീടൊരു സിനിമയിലും എന്റെ കൂടെ അഭിനയിച്ചില്ല എന്നൊരു കൗതുകം കൂടിയുണ്ട്. കുശലകുമാരിയെ കോയമ്പത്തൂരിലെ ഒരു ധനാഢ്യനും വാസന്തിയെ തമിഴ്നാട് നിയമസഭാ സ്പീക്കറായിരുന്ന പി ശ്രീനിവാസനും വിവാഹം കഴിച്ചു.' 'സീത'യിൽ ആർട്ടിസ്റ്റ് കെ വി നീലകണ്ഠൻ നായരുടെ മകൻ രാജനായിരുന്നു ലക്ഷ്മണൻ. ശ്രീരാമപട്ടാഭിഷേകത്തിൽ നസീറിന്റെ ഇളയ സഹോദരൻ പ്രേംനവാസും.