'പുരസ്കാരം ലഭിച്ച സന്തോഷത്തിൽ കരഞ്ഞത് ഒന്നര മണിക്കൂർ';  'നാട്ടു നാട്ടു' കൊറിയോഗ്രാഫർ പ്രേം രക്ഷിത്

'പുരസ്കാരം ലഭിച്ച സന്തോഷത്തിൽ കരഞ്ഞത് ഒന്നര മണിക്കൂർ'; 'നാട്ടു നാട്ടു' കൊറിയോഗ്രാഫർ പ്രേം രക്ഷിത്

20 ദിവസത്തെ നിർത്താതെയുള്ള ചിത്രീകരണത്തിന്റെ ഫലമാണ് ചടുലമായ ഗാനരംഗമെന്ന് കൊറിയോഗ്രാഫര്‍
Updated on
1 min read

മികച്ച ഒറിജിനൽ സോങ്ങിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം 'നാട്ടു നാട്ടു' നേടിയ വൈകാരിക നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫർ പ്രേം രക്ഷിത് . വാർത്തയറിഞ്ഞ സന്തോഷത്തിൽ ഒന്നര മണിക്കൂറാണ് താന്‍ കരഞ്ഞതെന്ന് അദ്ദേഹം പറയുന്നു. "പുരസ്‌കാരത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആദ്യം ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. പിന്നാലെ ഞാന്‍ വാഷ് റൂമില്‍ പോയിരുന്ന് ആരും കാണാതെ ഒന്നരമണിക്കൂര്‍ കരഞ്ഞു", രക്ഷിത് പറയുന്നു.

ഗോൾഡൻ ഗ്ലോബിന് പിന്നാലെ, മികച്ച വിദേശഭാഷാ ചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലുള്ള ക്രിട്ടിക്സ് ചോയ്സ് പുരസ്കാരവും ആര്‍ആര്‍ആര്‍ കരസ്ഥമാക്കിയിരുന്നു. ഇനി ഓസ്കാർ നോമിനേഷനിൽ ഇടം പിടിക്കാൻ പറ്റുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

കീരവാണിയുടെ സംഗീതത്തിനൊപ്പം ജൂനിയർ എൻ ടി ആറിന്റെയും രാം ചരണിന്റെയും ചടുലമായ നൃത്തച്ചുവടുകളും കൂടി ചേർന്നപ്പോഴാണ് ആരെയും ത്രസിപ്പിക്കുന്ന രീതിയിൽ 'നാട്ടു നാട്ടു' ഗാനം മാറിയത്. ഏകദേശം 20 ദിവസത്തെ നിർത്താതെയുള്ള ചിത്രീകരണത്തിന്റെ ഫലമാണ് ഗാനരംഗമെന്ന് രക്ഷിത് പറയുന്നു.

എസ് എസ് രാജമൗലിയോടൊപ്പം കൊറിയോഗ്രാഫർ പ്രേം രക്ഷിത്

'' ഒട്ടും വിശ്രമിക്കാതെ, ഒരു നിമിഷം പോലും മടുപ്പ് കാണിക്കാതെ ജൂനിയർ എൻ ടി ആറും രാം ചരണും പ്രയത്നിച്ചു. ഗാനത്തിന്റെ ചിത്രീകരണത്തിന് 20 ദിവസം എടുത്തപ്പോൾ അതിനു വേണ്ടി ചുവടുകൾ ചിട്ടപ്പെടുത്താൻ രണ്ട് മാസത്തെ പരിശ്രമമാണ് നടത്തിയത്'' - രക്ഷിത് മനസ് തുറന്നു.

എം എം കീരവാണി ഈണം പകർന്ന ഗാനം രചിച്ചത് കാലഭൈരവിയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ്. എ ആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ആർആർആറിലൂടെ ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തുന്നത്.

logo
The Fourth
www.thefourthnews.in