ആടുജീവിതമെത്തി ഇനി കാളിയൻ? പൃഥ്വിയുടെ അടുത്ത പ്രതീക്ഷകൾ
പതിനാറ് വർഷത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ ആടുജീവിതം തീയേറ്ററുകളിൽ എത്തുമ്പോൾ ആരാധകർ തിരക്കുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രമുണ്ട്, കാളിയൻ. ആടുജീവിതം പോലെ തന്നെ വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപനം നടന്ന ചിത്രമാണ് കാളിയൻ. വേണാട് രാജ്യത്തെ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായ യോദ്ധാവായ കാളിയനായിട്ടാണ് പൃഥ്വി ചിത്രത്തിൽ എത്തുന്നത്. നവാഗതനായ എസ് മഹേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ആറ് വർഷങ്ങൾക്ക് മുമ്പായിരുന്നു പ്രഖ്യാപിച്ചത്. ഇതിനിടെ കോവിഡ് ഭീഷണി ഉയർന്നതോടെ ചിത്രീകരണം നീട്ടിവെക്കുകയായിരുന്നു. പിന്നീട് 2023 ൽ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും പൃഥ്വിക്ക് പരുക്കേറ്റതോടെ മുൻകൂട്ടി നിശ്ചയിച്ച പദ്ധതികളെല്ലാം തകിടം മറിയുകയായിരുന്നു.
വെർച്വൽ പ്രൊഡക്ഷന്റെ സാധ്യതകൾ കൂടി ഉൾപ്പെടുത്തിയായിരുന്നു ചിത്രം പ്ലാൻ ചെയ്തത്. മുമ്പ് നിശ്ചയിച്ച പലതാരങ്ങളും ചിത്രീകരണം നീണ്ടതോടെ ഡേറ്റ് പ്രശ്‌നത്താൽ മാറി പോകുകയും പകരം പുതിയ താരങ്ങളെ ഉൾപ്പെടുത്തേണ്ടി വന്നതും ചിത്രീകരണം ഉള്‍പ്പെടെ നീളാന്‍ കാരണമായി.
ബി ടി അനിൽകുമാർ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. അതേസമയം ആടുജീവിതം ബോക്‌സോഫീസിൽ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ അമ്പത് കോടി രൂപയുടെ ബിസിനസ് ആണ് ആഗോളതലത്തിൽ ചിത്രത്തിന് നടന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തിൽ നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികൾക്കിടയിൽ ഏറെ ചർച്ചയായിരുന്നു.
മലയാള സിനിമയിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം കൂടിയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തിയത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതം എത്തിയത്.
2018 മാർച്ചിൽ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് ജോർദാൻ, അൾജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയിൽ കോവിഡ് കാലത്ത് സംഘം ജോർദാനിൽ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിങ് അവസാനിച്ചത്.