ഇനിയൊരു ഊഴമില്ല,
മരയ്ക്കാരോടെ മതിയായി : പ്രിയദർശൻ

ഇനിയൊരു ഊഴമില്ല, മരയ്ക്കാരോടെ മതിയായി : പ്രിയദർശൻ

മറുപടി രണ്ടാമൂഴം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന്
Updated on
1 min read

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സംവിധാനം ചെയ്യുമോ യെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി പ്രിയദർശൻ. ഇനിയൊരു ഊഴത്തിനുമില്ല, കുഞ്ഞാലിമരയ്ക്കാരോടെ മതിയായി എന്നാണ് ചോദ്യത്തിന് പ്രിയന്റെ മറുപടി. കുഞ്ഞാലിമരയ്ക്കാർ ദേശീയ പുരസ്കാരങ്ങടക്കം നേടിയെങ്കിലും നിരവധി വിമർശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു.

നേരത്തെ എം ടി യുടെ തിരക്കഥയിൽ മോഹൻലാലിനെ ഭീമനാക്കി ശ്രീകുമാര മേനോൻ സംവിധാനം ചെയ്യാനിരുന്നതാണ് രണ്ടാമൂഴം. എന്നാൽ പിന്നീട് ഭിന്നതയെ തുടർന്ന് കോടതി വരെ കയറിയ എം ടി രണ്ടാമൂഴം ശ്രീകുമാര മേനോനിൽ നിന്ന് തിരികെ വാങ്ങി. ഈ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്യുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

മോശം തിരക്കഥകളാണ് സിനിമകൾ പരാജയപ്പെടാൻ കാരണമെന്നും പ്രിയദർശൻ പറഞ്ഞു. സിനിമ കാണാൻ വരുന്ന പ്രേക്ഷകനെ പിടിച്ചിരുത്താൻ തിരക്കഥകൾക്ക് സാധിക്കാതെ വരുമ്പോഴാണ് പല ചിത്രങ്ങളും പരാജയപ്പെടുന്നത്. കാലാപാനി കാലത്തിന് മുൻപേ പിറന്ന സിനിമയാണ്. അക്കാലത്ത് ആ സിനിമ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകർ ഇന്നും ഇഷ്ടത്തോടെ ഓർക്കുന്ന ചിത്രമാകുന്നത് അതുകൊണ്ടാണെന്നും പ്രിയദർശൻ പറഞ്ഞു. ഈ കാലത്താണ് കാലാപാനി ഇറങ്ങിയത് എങ്കിൽ ആ ചിത്രത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ പ്രൊമോഷൻ പരിപാടിയിലായിരുന്നു പ്രിയദർശന്റെ പ്രതികരണം. ഷെയ്ൻ നിഗം , ഷൈൻ ടോം ചാക്കോ ഗായത്രി ശങ്കർ എന്നിവരാണ് പ്രധാന കഥാാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ചിത്രം ഏപ്രിൽ 6 ന് തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in