ഇതുവരെ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമെന്ന് പ്രിയദർശൻ; 'അപ്പാത്ത' പ്രദർശനം തുടങ്ങി
ഉർവശി നായികയായെത്തുന്ന 'അപ്പാത്ത' ഇതുവരെ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമെന്ന് സംവിധായകൻ പ്രിയദർശൻ. മനുഷ്യനും നായയും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും വികാരാധീനനാകുമെന്നും പ്രിയദർശൻ പറയുന്നു. സ്‌നേഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഭയങ്ങളെ മറികടക്കുന്നതിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഉർവശിയുടെ 700ാമത് ചിത്രമായ അപ്പാത്ത ഇന്ന് മുതൽ ജിയോ സിനിമയിലൂടെ സൗജന്യമായി കാണാം.
നായയുടെ വ്യത്യസ്ത വികാരങ്ങൾ ചിത്രീകരിക്കുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. മുപ്പത് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നായ പ്രേമികൾക്ക് ചിത്രം വേഗം കണക്ട് ആവുമെന്നും പ്രിയദർശൻ പറയുന്നു. എല്ലാ വേഷങ്ങളും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ഉർവശി ഒരു ബഹുമുഖ പ്രതിഭയാണ്. 18 വർഷത്തിന് ശേഷം അപ്പാത്തയിലൂടെ ഉർവശിക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
42 വർഷമായി സിനിമയിൽ സജീവമായി തുടരുന്ന പ്രിയദർശൻ സിനിമയുടെ വളർച്ചയെക്കുറിച്ചും തുറന്നു പറഞ്ഞു. കാലക്രമേണയാണ് സിനിമയുടെ വളർച്ച. എല്ലാവരും സ്വയം ആധുനികവത്കരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ സിനിമയുമായി ആത്മബന്ധം പുലർത്തുക എന്നത് വളരെ ബുദ്ധിമുട്ടായി തോന്നിയേക്കാം. താൻ എന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ സിനിമയും തനിക്ക് ആദ്യ സിനിമ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയദർശനും ഉർവശിക്കും മോഹൻലാൽ ആശംസയും നേർന്നു
തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രിയദർശന്റെ 96-ാമത് ചിത്രമാണ് അപ്പാത്ത. 1993ൽ പുറത്തിറങ്ങിയ മിഥുനത്തിന് ശേഷം പ്രിയദർശനും ഊർവശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വൈഡ് ആംഗിള്‍ ക്രിയേഷന്‍ നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ആദ്യം ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.