ക്യാമറയില്‍ കടുവ; കുരുക്കിലായി രവീണ ടണ്ടൻ

ക്യാമറയില്‍ കടുവ; കുരുക്കിലായി രവീണ ടണ്ടൻ

കടുവയുടെ സമീപത്ത് കൂടി സവാരി നടത്തിയതാണ് വിവാദത്തിന് കാരണം
Updated on
1 min read

ബോളിവുഡ് താരം രവീണ ടണ്ടൻ വിവാദത്തിൽ. സത്പുര ടൈഗർ റിസേർവ് സന്ദർശനത്തിനിടെ പകർത്തിയ ദൃശ്യങ്ങളാണ് നടിയെ വിവാദ കുരുക്കിലാക്കിയത്. സഫാരിക്കിടെ കടുവയുടെ തൊട്ടരികിലൂടെ വണ്ടിയോടിച്ചതാണ് കാരണം. ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് സത്പുര ടൈഗർ റിസർവ് അധികൃതർ അന്വേഷണം ആരംഭിച്ചു.

അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഫോറസ്റ്റ് സബ് ഡിവിഷണൽ ഓഫീസർ (എസ്ഡിഒ) ധീരജ് സിംഗ് ചൗഹാൻ പറഞ്ഞു. സംഭവ സമയത്ത് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറേയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുടെയും മൊഴിയെടുത്ത് അന്വേഷണ റിപ്പോർട്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സത്പുര ടൈഗർ റിസർവ് സന്ദർശിച്ച ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് രവീണ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. നവംബർ 22 നായിരുന്നു സംഭവം. സഞ്ചരിച്ച വാഹനം സഫാരി ട്രാക്കിൽ നിന്ന് മാറിയിട്ടില്ലെന്നും മൃഗങ്ങളാണ് അതിനടുത്തു കൂടി കടന്ന് പോയതെന്നുമാണ് നടിയുടെ വിശദീകരണം. പക്ഷെ, സഫാരി വാഹനം കടുവയുടെ തൊട്ടടുത്തു കൂടി പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ക്യാമറയുടെ തുടർച്ചയായ ഷട്ടർ ശബ്ദവും കടുവ ക്യാമറയിലേക്ക് നോക്കി അലറുന്ന ശബ്ദവും ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാൻ സാധിക്കും.

രവീണ വിവാദങ്ങളിൽപ്പെടുന്നത് ഇതാദ്യമല്ല. ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുൻപ് രവീണയ്‌ക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാനും ഈ കേസിൽ പ്രതിയായിരുന്നു. പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ഇരുവരും മാപ്പ് പറയുകയും ചെയ്തു.

logo
The Fourth
www.thefourthnews.in