'എൽ 360' വലിയ സിനിമ'; മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് രഞ്ജിത്
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ രണ്ടാംവാരം ചിത്രീകരണം ആരംഭിക്കുകയാണ്. 2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസിനുശേഷം മോഹന്‍ലാലും രജപുത്ര വിഷ്വല്‍ മീഡിയയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‌റെ വിശേഷങ്ങള്‍ ദ ഫോർത്തുമായി പങ്കുവക്കുകയാണ് നിര്‍മാതാവ് എം രഞ്ജിത്ത്.
കെ ആര്‍ സുനിലില്‍നിന്ന് മോഹന്‍ലാലിലേക്കും പിന്നെ തരുണിലേക്കും
കെ ആര്‍ സുനിലിന്‌റെ കഥയാണിത്(ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്ന സുനില്‍ മികച്ചൊരു ഫോട്ടോഗ്രാഫറും കൂടിയാണ്). കുറച്ചുനാളായി ചര്‍ച്ചകളിലുണ്ടായിരുന്നു. പിന്നെ തരുണ്‍ (സംവിധായകന്‍ തരുണ്‍ മൂര്‍ത്തി) കൂടി വന്നു. ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ കഥാപാത്രം ലാലേട്ടന്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നി. അവസരം ഒത്തുവന്നപ്പോള്‍ ലാലേട്ടനോട് കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ നന്നായി ഇഷ്ടപ്പെട്ടു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. തരുണും സുനിലും കൂടി തിരക്കഥയൊരുക്കി. ചിത്രം പ്രഖ്യാപിച്ചു.
ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍
കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ലാലേട്ടന്‍. വളരെ സാധാരണക്കാരനായ ഒരാള്‍. പക്കാ ഫാമിലി മാന്‍. കഥാപാത്രം സാധാരണക്കാരന്‌റേതാണ്, പക്ഷേ അദ്ദേഹം നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ അത്ര സാധാരണമായിരിക്കില്ല. അതുകൊണ്ടു തന്നെ ആദ്യം ചെറിയ സിനിമയാണെന്ന് തോന്നുമെങ്കിലും ഇതൊരു വലിയ ചിത്രമാണ്. പത്തനംതിട്ട റാന്നിയാണ് പ്രധാന ലൊക്കേഷന്‍. കുറച്ചുഭാഗം തൊടുപുഴയിലും ചിത്രീകരിക്കാമെന്നാണ് കരുതുന്നത്. കാസ്റ്റിങ് രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഏപ്രില്‍ രണ്ടാംവാരത്തോടെ ചിത്രീകരണം തുടങ്ങാമെന്നാണ് കരുതുന്നത്.
15 വര്‍ഷത്തിനുശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം
ഇന്ത്യയിലെ തന്നെ രണ്ട് മികച്ച നടന്മാരാണ് ലാലേട്ടനും മമ്മൂക്കയും... എത്രയോ കാലമായി നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ടു പ്രതിഭകള്‍. അവരിലൊരാള്‍ക്കൊപ്പം വീണ്ടും സിനിമ ചെയ്യുന്നത് വളരെ സന്തോഷം തരുന്ന കാര്യമല്ലേ? മാത്രമല്ല, ഇവരെയൊക്കെ എപ്പോള്‍ വേണമെങ്കിലും പോയി കാണാം, എന്തും പറയാം, അവരുമായി അങ്ങനെയൊരു ബന്ധമുണ്ട്. 90 കളില്‍ തുടങ്ങിയ ആ ബന്ധം ഇന്നും അതുപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്. പിന്നെ എന്തും ചെയ്യാന്‍ റെഡിയാകുന്ന നടന്‍മാര്‍ക്കൊപ്പം സിനിമ ചെയ്യാനാകുന്നുവെന്നത് തന്നെയൊരു ഭാഗ്യമാണ്. എല്ലാവര്‍ക്കും അത് ലഭിക്കില്ല.
തരുണുമായുള്ള കൂട്ടുകെട്ട്
ഓപ്പറേഷന്‍ ജാവയും സൗദി വെള്ളയ്ക്കും കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. സൗദി വെള്ളക്കയിലെ ഉമ്മയുടെ കഥാപാത്രം ഒരു പുതുമുഖത്തെ വച്ച് അവതരിപ്പിക്കാന്‍ തരുണ്‍ കാണിച്ച ധൈര്യവും അവരെ കൊണ്ട് ആ രീതിയില്‍ പെര്‍ഫോം ചെയ്യിപ്പിക്കാന്‍ തരുണിന് സാധിച്ചുവെന്നതും അഭിനന്ദനാര്‍ഹമാണ്. മലയാള സിനിമയില്‍ നിലവില്‍ പ്രോമിസിങ്ങായിട്ടുള്ള ഒരുപാട് കലാകാരന്‍മാരുണ്ട്. അവരെ കണ്ടെത്തുകയേ വേണ്ടൂ.. കാലഘട്ടത്തിന് അനുസരിച്ച് നമ്മളും മാറണം. പുതിയ ടാലന്‌റ്‌സിനെ കണ്ടെത്തണം. അതാണ് നമ്മള്‍ ചെയ്യേണ്ടതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
മഞ്ഞുമ്മലിന്‌റെ വിജയത്തില്‍ അഭിമാനം
മഞ്ഞുമ്മല്‍ ബോയ്‌സ് വിജയിക്കുമ്പോള്‍ വളരെ വ്യക്തിപരമായ സന്തോഷമുണ്ട്, അതിൻ്റെ കലാസംവിധായകന്‍ അജയന്‍ ചാലിശേരിയാണ്. എന്‌റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെയാണ് അജയന്‍ കലാസംവിധാനരംഗത്തേക്ക് വരുന്നത്. സത്യത്തില്‍ എന്‌റെയും ഗോകുലിന്‌റെയും (ഗോകുല്‍ ദാസ്) നിര്‍ബന്ധത്തിന് വഴങ്ങിയാണ് അജയന്‍ കലാസംവിധാനത്തിലേക്ക് കടന്നതെന്ന് പറയുന്നതാകും ശരി. ഞാന്‍ ആദ്യം കാണുമ്പോള്‍ അജയന്‌റെ കൈയിലൊരു ബുക്കുണ്ടായിരുന്നു. അതില്‍ അജയന്‍ വരച്ചിരിക്കുന്ന ചില പടങ്ങള്‍ കണ്ടപ്പോള്‍ തന്നെ അജയന്‌റെ പൊട്ടന്‍ഷ്യല്‍ മനസിലായിരുന്നു.
90 കളില്‍ ഗുണാ കേവ്‌സ് കണ്ടിട്ടുള്ള എനിക്ക് മഞ്ഞുമ്മലിലെ സെറ്റ് ഏതാ, റിയല്‍ കേവ് ഏതാ എന്ന വ്യത്യാസം മനസിലാക്കാന്‍ പറ്റിയിട്ടില്ല. അത്ര മനോഹരമായി അജയന്‍ സെറ്റൊരുക്കിയിട്ടുണ്ട്. ക്യാമറയും ബാക്ക്ഗ്രൗണ്ട് സ്‌കോറും ഗംഭീരം.
കുതിച്ചുചാട്ടത്തിന്‌റെ 2024
കോവിഡിനും ലോക്‌ഡൗണിനും ശേഷം വന്ന 2021 -22 വര്‍ഷം സത്യത്തില്‍ മലയാള സിനിമ പകച്ചുപോയ കാലമായിരുന്നുവെന്ന് പറയാം. ഒ ടി ടി, തീയേറ്റര്‍ പ്രേക്ഷകരെ എങ്ങനെ ട്രീറ്റ് ചെയ്യുമെന്നറിയാതെ തൊട്ടതെല്ലാം പിഴച്ച കാലം. അതിനൊരു മാറ്റം വരുത്തിയത് 2018 എന്ന ചിത്രമാണ്. നമുക്ക് ആലോചിക്കാന്‍ പോലുമാകാത്ത ദുരന്തത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ മെയ്ക്ക് ചെയ്ത് ജൂഡ് നമ്മളെ ഞെട്ടിച്ചു. സത്യത്തില്‍ അതൊരു തുടക്കമായിരുന്നു. സിനിമാറ്റിക്കായ നല്ല സിനിമകള്‍ കാണാന്‍ തീയേറ്ററില്‍ പ്രേക്ഷകരെത്തുമെന്നതിന്‌റെ തെളിവായിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണേന്ത്യന്‍ സിനിമാ പ്രതിനിധികളുടെ യോഗമുണ്ടായിരുന്നു. അവിടുത്തെ ചര്‍ച്ച മുഴുവന്‍ മലയാള സിനിമയായിരുന്നു.
2024 നല്ല സിനിമകളുടെ കാലമായിരിക്കുമെന്ന് ഉറപ്പാണ്. ആടുജീവിതം, വര്‍ഷങ്ങള്‍ക്കുശേഷം, ആവേശം... ഈ ലൈനപ്പ് തരുന്ന പ്രതീക്ഷ ചെറുതല്ല. ഏതായാലും എല്ലാ മാസവും കുറഞ്ഞത് ഒരു നല്ല സിനിമയെങ്കിലും ഉണ്ടാകുമെന്നുറപ്പാണ്.