നരേന്ദ്ര മോദിയുടെ ബയോപിക് വരുന്നു? മുഖ്യവേഷത്തില്‍ അമിതാഭ് ബച്ചന്‍
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ടോയ്‌ലറ്റ് ഏക് പ്രേം കഥ, പാരി എന്നീ സിനിമകളുടെ നിര്‍മാതാവായ പ്രേരണ അറോറയാണ് ചിത്രം നിര്‍മിക്കാനൊരുങ്ങുന്നത്. 'ഇന്ത്യയിലെ ഏറ്റവും കഴിവുള്ള മനുഷ്യന്‍ നരേന്ദ്ര മോദിയാണ്. മോദിയേക്കാള്‍ വലിയ നായകനെപ്പറ്റി ചിന്തിക്കാന്‍ സാധിക്കില്ല, അതിനാലാണ് അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി സിനിമ നിര്‍മിക്കാന്‍ തയാറെടുക്കുന്നത്'. പ്രേരണ അറോറ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികള്‍, വാക്‌സിന്‍ വിതരണം, സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങള്‍ എന്നിവയും സിനിമയുടെ ഭാഗമാകും
സിനിമയില്‍ അമിതാഭ് ബച്ചനായിരിക്കും മോദിയായി അഭിനയിക്കുകയെന്നും മോദിയുടെ ഉയരത്തിന് ഇണങ്ങുന്ന മറ്റാരെയും കണ്ടെത്താന്‍ സാധിക്കാത്തതിനാലാണിതെന്നും പ്രേരണ വ്യക്തമാക്കി. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷമുണ്ടായ പ്രധാനപ്പെട്ട സംഭവങ്ങളെയെല്ലാം സിനിമയില്‍ ഉള്‍ക്കൊളളിക്കും. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികള്‍, വാക്‌സിന്‍ വിതരണം, സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങള്‍ എന്നിവയും സിനിമയുടെ ഭാഗമാകും.
പ്രധാനമന്ത്രിയുടെ ജീവചരിത്രത്തെ അടിസ്ഥാനപ്പെടുത്തി അനിരുദ്ധ് ചൗളയും വിവേക് ഒബ്‌റോയും തിരക്കഥയെഴുതി ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത 'പി.എം നരേന്ദ്രമോദി'യെന്ന സിനിമ 2019 ല്‍ പുറത്തിറങ്ങിയിരുന്നു. ആ സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് 'ഇത് വരെ കണ്ടിട്ടില്ല'' എന്നായിരുന്നു പ്രേരണയുടെ മറുപടി. താന്‍ നിര്‍മിക്കാന്‍ പോകുന്ന സിനിമയില്‍ മോദിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ജീവചരിത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തുമെന്നും പ്രേരണ അറോറ വ്യക്തമാക്കി.