ഇത് സച്ചി കണ്ട വിലായത്ത് ബുദ്ധയല്ല; തിരക്കഥയിൽ മാറ്റമുണ്ടെന്ന് നിർമാതാവ് സന്ദീപ് സേനൻ
സംവിധായകൻ സച്ചിയുടെ സ്വപ്ന ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് നെല്ലിയാമ്പതിയിൽ പുരോഗമിക്കുന്നു. സച്ചിയുടെ ശിഷ്യനും ലൂസിഫറിന്റെ സഹസംവിധായകനുമായ ജയൻ നമ്പ്യാരാണ് സംവിധാനം. സച്ചി ചെയ്യാൻ ആഗ്രഹിച്ചിരുന്ന സിനിമയാണെങ്കിലും, അദ്ദേഹം കണ്ട വിലായത്ത് ബുദ്ധ ആയിരിക്കില്ല ജയൻ സംവിധാനം ചെയ്യുന്നതെന്ന് നിർമാതാവ് സന്ദീപ് സേനൻ ദ ഫോർത്തിനോട് പറഞ്ഞു.
സച്ചി തിരക്കഥ എഴുതി തുടങ്ങിയിരുന്നെങ്കിലും പൂർത്തിയാക്കിയിരുന്നില്ല. ഇന്ദുഗോപനൊപ്പം ചേർന്ന് സച്ചി എഴുതുന്ന തിരക്കഥയിൽ ചിത്രമൊരുക്കാനാണ് സച്ചി ആഗ്രഹിച്ചിരുന്നതെങ്കിൽ ഇന്ദുഗോപന്റെയും രാജേഷ് പിന്നാടന്റെയും തിരക്കഥയിലുള്ള വിലായത്ത് ബുദ്ധയാണ് ജയൻ സംവിധാനം ചെയ്യുന്നതെന്നും സന്ദീപ് സേനൻ വ്യക്തമാക്കി
പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ പ്രിയംവദ കൃഷ്ണനാണ് നായിക. ഷമ്മി തിലകൻ, അനുമോഹൻ , ധ്രുവൻ, രാജശ്രീ നായർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മാണം. കാന്താരയുടെ ക്യാമറമായ അരവിന്ദ് കശ്യപാണ് ഛായാഗ്രഹണം
പ്രണയവും പ്രതികാരവും പ്രമേയമാക്കി ഇന്ദുഗോപൻ എഴുതിയ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമായ ചിത്രം ഒരു ആക്ഷൻ പാക്ട് സിനിമയാണ്. ചന്ദന മരങ്ങൾക്ക് പേരു കേട്ട ഇടുക്കി മറയൂരിന്റെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവൽ പറയുന്നത്. ആ മുന്തിയ ഇനം ചന്ദനമരത്തിന്റെ പേരാണ് വിലായത്ത് ബുദ്ധ.
നെല്ലിയാമ്പതിക്ക് പുറമെ മറയൂർ, ഇടുക്കി, ചെറുതോണി, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ. നാൽപത് ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്. ചിത്രം ഈ വർഷം അവസാനത്തോടെ തീയേറ്ററുകളിലെത്തുമെന്നും സന്ദീപ് സേനൻ പറഞ്ഞു