'എന്റെ തല എന്റെ പണം' എന്ന നിലപാട് മാറ്റണം; താരങ്ങളോട് അഭ്യര്‍ത്ഥനയുമായി നിര്‍മാതാക്കള്‍
ഉദയനാണ് താരത്തില്‍ പച്ചാളം ഭാസി പറയുന്ന ഒരു ഡയലോഗ് ഉണ്ട്, അടുത്ത ഏഴുവര്‍ഷം സരോജ് സാറിന് ഡേറ്റില്ല. അടുത്ത ആറ് സിനിമകൾ നിര്‍മ്മിക്കുന്നത് ഞാൻ തന്നെയാണ്. സരോജ് സാറിനെ വച്ച് നാട്ടുകാര്‍ മാത്രം കാശുണ്ടാക്കിയാല്‍ പോരല്ലോ!!! ഏഴു വര്‍ഷം കഴിഞ്ഞാല്‍, പുറത്ത് ആര്‍ക്കും ഡേറ്റ് കൊടുക്കുന്നില്ല , സരോജ് - പച്ചാളം പ്രൊഡക്ഷന്‍സ് സരോജ് കുമാറിന്‌റെ സിനിമകള്‍ നിര്‍മ്മിക്കും, വിതരണം ചെയ്യും, കാശും വാരും !!!
നിലവില്‍ മലയാള സിനിമയുടെ അവസ്ഥയും ഏതാണ്ട് ഇതുതന്നെയാണ്. സ്വന്തമായി നിര്‍മാണ കമ്പനിയുള്ള സൂപ്പര്‍താരങ്ങളുടെയോ , യുവതാരങ്ങളുടെയോ ഡേറ്റ് കിട്ടാനില്ല .
2005 ല്‍ 'ഉദയനാണ് താരം' പുറത്തിറങ്ങുമ്പോള്‍ മലയാള സിനിമയില്‍ വിരലില്‍ എണ്ണാവുന്ന താരങ്ങള്‍ക്കേ സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് സാഹചര്യം മാറി. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ , ദിലീപ് , പൃഥ്വിരാജ്, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്,ആസിഫ് അലി,സണ്ണി വെയ്ന്‍, നസ്രിയ, ആന്‍ അഗസ്റ്റിന്‍ വരെ നീളുന്ന താരനിരയ്ക്ക് സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനിയുണ്ട് . ഇതിന് പുറമെയാണ് സരിഗമ , ഹോംബാലെ തുടങ്ങിയ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ വരവും .
ഇതോടെ പ്രതിസന്ധിയിലായ മലയാള സിനിമ നിര്‍മ്മാതാക്കള്‍ സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും ഡേറ്റിനായി നെട്ടോട്ടമോടുകയാണ്. Content is king എന്ന് പറയുമ്പോഴും മമ്മൂട്ടിക്കും മോഹന്‍ലാലിനും പകരം ഒരു പുതുമുഖത്തെ തേടാനാകുമോ എന്നാണ് നിര്‍മ്മാതാക്കള്‍ ചോദിക്കുന്നത്. ഓരോരുത്തരും പുതുതായി തുടങ്ങുന്ന സംരംഭമായതിനാല്‍ തന്നെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഒന്നും ചെയ്യാനാകില്ല.
എന്നാൽ പ്രതിസന്ധി രൂക്ഷമായതോടെ താരങ്ങള്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായെത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. താരങ്ങളെ നേരില്‍ കണ്ട് നിലവിലെ സാഹചര്യം വിശദീകരിച്ചു. വര്‍ഷത്തില്‍ നാല് ചിത്രമെങ്കിലും സ്വന്തം പ്രൊഡക്ഷന് പുറത്ത് ചെയ്യാന്‍ എല്ലാവരും തയാറാകണമെന്നാണ് നിര്‍മാതാക്കളുടെ അഭ്യര്‍ത്ഥന. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍ ഇതിനോട് പോസിറ്റീവായി പ്രതികരിച്ചുവെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
അടുത്ത കാലത്തിറങ്ങിയ സിനിമകള്‍ പരിശോധിച്ചാല്‍ സാഹചര്യം കൂടുതല്‍ വ്യക്തമാകും
മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം മുതല്‍ ( റോഷാക്ക് , കാതല്‍) ചിത്രീകരണം പുരോഗമിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് വരെയുള്ള ചിത്രങ്ങള്‍ സ്വന്തം പ്രൊഡക്ഷനായ മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിന്‌റെ ബ്രോ ഡാഡി , മോൺസ്റ്റര്‍ , എലോണ്‍ , വരാനിരിക്കുന്ന എമ്പുരാൻ, ബാറോസ് എന്നിവയുടെ നിര്‍മാണം ആശിര്‍വാദ് സിനിമാസാണ്
മോഹന്‍ലാലിന്‌റെയും മമ്മൂട്ടിയുടേയും ഓരോ ചിത്രങ്ങള്‍ മാത്രമാണ് അടുത്ത കാലത്ത് മറ്റൊരു പ്രൊഡക്ഷന്‌റേതായി പുറത്തിറങ്ങിയത് . ക്രിസ്റ്റഫറും ആറാട്ടും , രണ്ടു ചിത്രങ്ങളും നിര്‍മ്മിച്ചത് സംവിധായകനായ ബി ഉണ്ണികൃഷ്ണന്‍ തന്നെ. മോഹന്‍ലാലിന്‌റെ വരാനിരിക്കുന്ന മലൈക്കോട്ടെ വാലിബൻ നിർമിക്കുന്നതാകട്ടെ ഷിബു ബേബി ജോണിന്‌റെ നേതൃത്വത്തിലുള്ള പുതിയ നിര്‍മാണ കമ്പനിയും
മമ്മൂട്ടി കമ്പനി ആരംഭിക്കുന്നത് 2021 ലാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം നിര്‍മിച്ചായിരുന്നു തുടക്കം.1990 മുതല്‍ 1999 വരെ പ്രണവം ആര്‍ട്‌സ് ബാനറില്‍ മോഹന്‍ലാലിന്‌റെ പേരിലാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ വാനപ്രസ്ഥം വരെ 9 സിനിമകളാണ് പ്രണവം ആര്‍ട്‌സ് ബാനറിന്‌റെ പേരിലിറങ്ങിയത് . 2000 ൽ നരസിംഹത്തോടെ ആശിര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്‌റണി പെരുമ്പാവൂരിന്‌റെ പേരിലായി നിര്‍മ്മാണം
ദുല്‍ഖര്‍ സല്‍മാന്‌റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം കുറുപ്പ് നിർമിച്ചത് സ്വന്തം നിർമാണക്കമ്പനിയാണ്, വരാനിരിക്കുന്ന കിങ് ഓഫ് കൊത്തയുടെ നിര്‍മ്മാണവും ദുല്‍ഖര്‍ തന്നെയാണ് . നിവിന്‍ പോളിയുടെ പടവെട്ട് മള്‍ട്ടിനാഷണല്‍ കമ്പനിയായ സരിഗമ നിര്‍മ്മിച്ചപ്പോള്‍ മഹാവീര്യര്‍ സ്വന്തം പ്രൊഡക്ഷനായിരുന്നു. മറ്റ് താരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. നിലവില്‍ മുന്‍നിര താരങ്ങളില്‍ കുഞ്ചാക്കോ ബോബന്‍ മാത്രമാണ് സ്വന്തം പ്രൊഡക്ഷന് പുറത്ത് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് നിർമാതാക്കൾ താരങ്ങളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്