'തൊഴിൽ ചട്ടലംഘനം'; അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി നിർമാതാക്കളുടെ സംഘടന

'തൊഴിൽ ചട്ടലംഘനം'; അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി നിർമാതാക്കളുടെ സംഘടന

അശ്വന്ത് കോക്കിനെതിരായി ഫെഫ്ക സർക്കാരിന് നൽകിയ പരാതിയിൽ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയതെന്ന് നിർമാതാക്കൾ
Updated on
1 min read

സിനിമ റീവ്യൂവർ അശ്വന്ത് കോക്കിനെതിരെ സിനിമ നിർമാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി. ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽപരമായ ചട്ടലംഘനം നടത്തിയെന്നാണ് നിർമാതാക്കളുടെ സംഘടന ആരോപിക്കുന്നത്. നെഗറ്റീവ് റിവ്യൂ നൽകി സമൂഹമാധ്യമങ്ങളിലൂടെ അശ്വന്ത് കോക്ക് പണമുണ്ടാക്കിയെന്നാരോപിച്ച് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സർക്കാരിന് പരാതി നൽകിയിരുന്നു, ഇതിൽ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുന്നതെന്നും മന്ത്രി ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമയ്ക്ക് മോശം റിവ്യൂ നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനി നൽകിയ പരാതിക്ക് പിന്നാലെ വ്യാപക ചർച്ചകളാണുണ്ടായത്. റിവ്യൂ ബോംബിങ് ആരോപിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസായിരുന്നു ഉബൈനി നൽകിയത്. ഇതിന്റെ പാശ്ചാത്തലത്തിൽ എറണാകുളം സെൻട്രൽ എസിപി കെ ജയകുമാറിന്റെ നേതൃത്വത്തിൽ സിനിമകളെ മനപ്പൂർവ്വം നെഗറ്റീവ് റിവ്യൂ നൽകി പരാജയപ്പെടുത്തുന്നുവെന്ന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

'തൊഴിൽ ചട്ടലംഘനം'; അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി നിർമാതാക്കളുടെ സംഘടന
യൂട്യൂബർമാരെ പൂട്ടാനൊരുങ്ങുന്ന സിനിമാക്കാർക്ക് അബൂബക്കറെ ഓർമയുണ്ടോ?

ഇതിനോടകം തന്നെ, മനഃപൂർവ്വമുള്ള നെഗറ്റീവ് സിനിമ റിവ്യൂകൾ നടത്തുന്നവർക്കെതിരെ കേസ് എടുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഡിജിപി പുറത്തിറക്കിയിരുന്നു, ഇതു പ്രകാരം ബ്ലാക്ക് മെയിലിങ് അല്ലെങ്കിൽ ക്രിമിനൽ സ്വഭാവമുള്ള പരാതികളിലും അപകീർത്തിപരമായ റിവ്യൂകളിലും കേസെടുക്കുമെന്നാണ് പ്രോട്ടോകോൾ വ്യക്തമാക്കുന്നത്. സിനിമയുടെ സൃഷ്ടാക്കളെയോ കലാകാരന്മാരെയോ മനഃപൂർവം അധിക്ഷേപിക്കുകയോ അവരുടെ പ്രശസ്തിക്ക് കോട്ടം വരുത്തണമെന്ന ഉദ്ദേശത്തോടെ തെറ്റായ പ്രസ്താവനകൾ നടത്താത്തപക്ഷം ക്രിമിനൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും ഡി ജി പിയുടെ നിർദേശത്തിൽ പറയുന്നു. ഭൂരിഭാഗവും വ്യാജ ഐഡികൾ വഴിയാണ് നെഗറ്റീവ് റിവ്യൂ എന്നതിനാൽ നടപടിയെടുക്കാൻ പോലീസിന് പരിമിതിയുണ്ടെന്നും നിർദേശത്തിൽ പറയുന്നു.

അതേസമയം, സംഭവത്തിൽ തുടർ നടപടികൾക്കായി ഫെഫ്ക്കയും നിർമാതാക്കളുടെ സംഘടനയും ചേർന്ന് വിളിച്ച സിനിമ സംഘടനകളുടെ സംയുക്ത യോഗം നവംബർ ഒന്നിന് കൊച്ചിയിൽ നടക്കും. സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായം തേടിയ ശേഷം വിഷയത്തിൽ നിലപാടുകൾ സ്വീകരിക്കുമെന്നാണ് വിവരം.

logo
The Fourth
www.thefourthnews.in