'എന്റെ മടക്കം തകര്‍ന്ന ഹൃദയവുമായാണ്, പക്ഷേ തെല്ലും ഖേദമില്ല…', ഇന്ത്യൻ സിനിമയുടെ ദുരന്ത നായിക, മീനാ കുമാരി

'എന്റെ മടക്കം തകര്‍ന്ന ഹൃദയവുമായാണ്, പക്ഷേ തെല്ലും ഖേദമില്ല…', ഇന്ത്യൻ സിനിമയുടെ ദുരന്ത നായിക, മീനാ കുമാരി

അവർ തന്റെ ശവകുടീരത്തിൽ ഇപ്രകാരം എഴുതിപ്പിച്ചത് വെറുതെയല്ല. തെല്ലും നിരാശയില്ലാതെ ആയിരുന്നു ആ മടക്കം. ബാക്കിവെച്ചത് ഓർമ്മിക്കാൻ കുറേ നല്ല കഥാപാത്രങ്ങൾ മാത്രം.
Updated on
3 min read

മഹ്‌ജബീൻ ബാനോ എന്ന മീനാ കുമാരി, അവൾ ഇന്ത്യൻ സിനിമയുടെ ദുരന്ത നായികയെന്ന് അറിയപ്പെട്ടു. 1933 ഓ​ഗസ്റ്റ് 1ന് മുംബൈയിലെ ഒരു ദരിദ്രകുടുംബത്തിൽ പിറന്ന മഹ്‌ജബീന് സിനിമയിലെത്തിപ്പെടാൻ അത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല. രണ്ടാമത് ആണ്‍കുട്ടിയാവുമെന്ന് പ്രതീക്ഷിച്ച പിതാവിന് വീണ്ടും പെൺകുഞ്ഞിനെ കിട്ടിയപ്പോൾ അവളെ ഒരനാഥമന്ദിരത്തിന്റെ പടിക്കല്‍ ഉപേക്ഷിച്ചെങ്കിലും തിരികെ കയ്യിലെടുത്തു. ആ തീരുമാനം വെറുതെയായില്ല. ശേഷകാലം ആ കുടുംബത്തിന് താങ്ങായത് ആ പെൺകരങ്ങളായിരുന്നു.

ഒരു ദുരന്ത സിനിമാ കഥ പോലെ അഭിനയിച്ചു തീർക്കുകയായിരുന്നു മീനാ കുമാരി അവരുടെ ജീവിതം. പക്ഷെ അവരെ ഓർത്ത് അരും സഹതപിക്കേണ്ടതില്ല, ''അവള്‍ തന്റെ ജീവിതം അവസാനിപ്പിച്ചത് തകര്‍ന്ന പാട്ടുമായാണ്, തകര്‍ന്ന ഹൃദയവുമായാണ്, പക്ഷേ ഒരു ചെറിയ ഖേദം പോലുമില്ല...'' കവയിത്രി കൂടിയായ അവർ തന്റെ ശവകുടീരത്തിൽ ഇപ്രകാരം എഴുതിപ്പിച്ചത് വെറുതെയല്ല. തെല്ലും നിരാശയില്ലാതെ ആയിരുന്നു ആ മടക്കം. ബാക്കിവെച്ചത് ഓർമ്മിക്കാൻ കുറേ നല്ല കഥാപാത്രങ്ങൾ മാത്രം.

1947 മാർച്ച് 25. അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യ സ്വതന്ത്രമാകും. 13 വയസ്സുള്ള മഹ്‌ജബീന് അപ്പോഴേക്കും അസുഖക്കാരിയായ അമ്മയെ നഷ്ടപ്പെട്ടിരുന്നു. ഇതിനിടയിൽ പ്രകാശ് സ്റ്റുഡിയോയിലെ വിജയ് ഭട്ട് ആറാമത്തെ വയസ്സിൽ മഹ്ജബീനെ "ബേബി മീന" എന്ന് പുനർനാമകരണം ചെയ്തിരുന്നു. പിതാവ് അലി ബക്‌സിന് താൽപ്പര്യമില്ലായിരുന്നെങ്കിലും കുടുംബത്തിന്റെ ദരിദ്രാവസ്ഥ അയാളുടെ എതിർപ്പുകളെ നിശബ്ദമാക്കിക്കളഞ്ഞു. അങ്ങനെ പതിമൂന്നാമത്തെ വയസ്സിൽ ബേബി മീന, മീനാ കുമാരിയെന്ന ആദ്യത്തെ നായികയാവുന്നു. ബച്ചോം കാ ഖേല്‍ എന്ന സിനിമ അത്ര വിജയിച്ചില്ലെങ്കിലും, മീനാ കുമാരിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട് മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന സിനിമായാത്ര. സനം, പരിണീത, മേം സാഹിബ്, പിയാ ഘര്‍ ആജാ, ഹമാര ഘര്‍, രാസ്ത, ശാരദ, ചിരാഗ് കഹാം റോഷ്ണി കഹാം, ആര്‍തി, ദില്‍ ഏക് മന്ദിര്‍, മേരെ അപ്‌നെ, ദില്‍ അപ്നാ ഓര്‍ പ്രീത് പരായ്, സാഹിബ് ബീബി ഓര്‍ ഗുലാം... അങ്ങനെ 90-ലേറെ സിനിമകളില്‍ അവര്‍ കഥാപാത്രങ്ങളായി..

കഥാപാത്രങ്ങൾ പോലെതന്നെ ജീവിതത്തിലും കരുത്തയായ സ്ത്രീ ആയിരുന്നു മീനാ കുമാരി. പുരുഷമേധാവിത്വകാലത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ മിടുക്കിയായ അഭിനേത്രി. മീനാ കുമാരിക്കുമുന്നില്‍ തങ്ങളുടെ കഥാപാത്രം ഒന്നുമല്ലാതായി പോകുമോ എന്ന ഭയം അന്ന് പല നായകന്‍മാരെയും മീനാ കുമാരിയുടെ സിനിമകളിൽ നിന്നും മാറി നിൽക്കാൻ പ്രേരിപ്പിച്ചു. 'സാഹിബ് ബീവി ഓര്‍ ഗുലാമി'ല്‍, ഛോട്ടി ബഹു എന്ന കഥാപാത്രത്തിന് കുമാരിയുടെ യഥാർത്ഥ ജീവിതവുമായി സാമ്യമുണ്ടെന്ന് പറയപ്പെടുന്നു. ഭര്‍ത്താവിന്റെ ശ്രദ്ധയും സ്നേഹവും കിട്ടാത്ത ഭാര്യ, ഭര്‍ത്താവിന്റെ പരിഗണന കിട്ടാനായി അയാള്‍ക്കൊപ്പം മദ്യം കഴിക്കാന്‍ നിര‍ബന്ധിതയാകുന്നു. ഒടുവില്‍ അവര്‍ തികഞ്ഞ മദ്യപാനിയായി മാറുന്നു. ഇത് മീനാ കുമാരിയുടെ തന്നെ കഥയാണ്. അല്ല അവരെ ഇല്ലാതാക്കിയ അവരുടെ ജീവിതമാണ്.

മീനാ കുമാരിക്കുണ്ടായ ഒരു വാഹനാപകടമാണ്, വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായിരുന്ന സംവിധായകന്‍ കമല്‍ അംറോഹിയുമായി അടുപ്പമുണ്ടാകാനും പതിയെ പ്രണയത്തിലേക്ക് വഴിമാറാനും ഇടയാക്കിയത്. 1952 ഫെബ്രുവരി 14-ന് അവര്‍ രഹസ്യമായി വിവാഹം ചെയ്തു. എത്രയൊക്കെ ഒളിപ്പിച്ചുവെച്ചിട്ടും, വിവാഹവാര്‍ത്ത പുറംലോകമറിഞ്ഞു. ബന്ധം വേര്‍പെടുത്താന്‍ പിതാവ് ആവശ്യപ്പെട്ടെങ്കിലും മീന തയ്യാറായില്ല. അവര്‍ വീടുവിട്ടിറങ്ങേണ്ടിവന്നു, കമലിനൊപ്പം മറ്റൊരു വീട്ടിൽ താമസമാക്കി. പക്ഷെ പിന്നീട് കമലിന്റെ അമിത നിയന്ത്രണ സ്വഭാവം മീനയെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. പതിയെ അവർക്ക് അവരുടെ ഉറക്കം നഷ്ടമായി. ''കമല്‍ എപ്പോഴും മീനാ കുമാരിയെ നിരീക്ഷിക്കാനായി അയാളുടെ സഹായിയെ അയക്കുമായിരുന്നു. അവരുടെ മേക്കപ്പ് റൂമില്‍ വരെ അയാള്‍ കയറിച്ചെന്നു. അതൊക്കെ അവരെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്'', സാഹിബ് ബീബി ഓര്‍ ഗുലാം' എന്ന സിനിമയുടെ സംവിധായകന്‍റെ ഈ വാക്കുകൾ അവരുടെ ജീവിതത്തെ പുറംലോകമറിയാൻ ഇടയാക്കി.

സംവിധായകന്‍ കമല്‍ അംറോഹിക്കൊപ്പം മീന കുമാരി
സംവിധായകന്‍ കമല്‍ അംറോഹിക്കൊപ്പം മീന കുമാരി

ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ അവരെ നന്നേ ബാധിച്ചു. ഉറക്കം കിട്ടാനായി ഒരു പെഗ് ബ്രാന്‍ഡി എന്നും രാത്രി അവർ പതിവാക്കി. ആദ്യമൊക്കെ ചെറിയ അളവില്‍, ഭര്‍ത്താവുമായി വേർപിരിഞ്ഞതോടെ മദ്യമില്ലാതെ ദിവസം തള്ളിനീക്കുക അസാധ്യമെന്നവണ്ണമായി. മദ്യത്തോടുളള ആസക്തി അവളുടെ ആരോഗ്യത്തെ ഇല്ലാതാക്കുകയായിരുന്നു. വൈകാതെ അവര്‍ക്ക് ലിവര്‍ സിറോസിസ് ബാധിച്ചു. പൂര്‍ണവിശ്രമത്തോടൊപ്പം മദ്യത്തിൽ നിന്ന് വിട്ടുിൽക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാൽ തനിക്കു മുന്നിലുളള ചുരുങ്ങിയ സമയം കൊണ്ട് തന്റെ പൂർത്തിയാകാത്ത 'പകീസ' എന്ന സിനിമ പൂർത്തിയാക്കാൻ അവർ തീരുമാനിച്ചു.

മദ്യത്തിനും മാനസിക സംഘർഷങ്ങൾക്കും അടിമപ്പെട്ട് നഷ്ടമാക്കിയ 5 വർഷങ്ങൾക്ക് ശേഷം മീന ക്യാമറയ്ക്കുമുന്നിലേക്ക് തിരിച്ചുവന്നു. 1972 ഫെബ്രുവരിയില്‍ സിനിമ റിലീസായി. മാര്‍ച്ച് 29-ന് അവര്‍ കോമയിലായി. 31ന് അവർ എന്നന്നേക്കുമായി യാത്ര പറഞ്ഞു. അന്ന് 38 വയസ്സ് മാത്രമായിരുന്നു അവരുടെ പ്രായം.

'പകീസ'യിലെ മീന കുമാരി
'പകീസ'യിലെ മീന കുമാരി
logo
The Fourth
www.thefourthnews.in