വർഗവിവേചനത്തിനെതിരായ ടാൻസാനിയൻ മുഖം അമിൽ ശിവ്ജി

വർഗവിവേചനത്തിനെതിരായ ടാൻസാനിയൻ മുഖം അമിൽ ശിവ്ജി

രാജ്യാന്തര നിലവാരത്തിൽ പ്രാദേശിക കഥകൾ പറയാൻ മാത്രമായി 'കിജിവേനി പ്രൊഡക്ഷൻസ്' എന്ന സ്വതന്ത്ര പ്രൊഡക്ഷൻ ഹൗസ് കൂടി അദ്ദേഹം സ്ഥാപിച്ചു
Updated on
2 min read

വർഗവിവേചനം, അഴിമതി തുടങ്ങിയവയ്ക്കെതിരായ നിരന്തര പോരാട്ടങ്ങൾക്ക് സിനിമയെന്ന മാധ്യമത്തെ ഫലപ്രദമായി ഉപയോഗിക്കുന്ന സംവിധായകൻ. പ്രാദേശിക സിനിമകളെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കാൻ സ്വന്തമായി നിർമ്മാണ കമ്പനി തുടങ്ങിയ ചലച്ചിത്രപ്രേമി , കഴിഞ്ഞ 21 വർഷത്തിനിടെ ഓസ്കർ എൻട്രി ലഭിച്ച ടാൻസിയൻ ചിത്രത്തിന്റെ ശിൽപ്പി ,ടാൻസാനിയൻ സിനിമ അമിൽ ശിവ്ജിയെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്.

ടാൻസാനിയൻ നഗരമായ ഡാർ എസ് സലാമിൽ1990 ലാണ് ജനനം. കരിയറിന്റെ തുടക്കകാലത്ത് മാധ്യമപ്രവർത്തകനായും റേഡിയോ ജോക്കിയായും ജോലി നോക്കി. ഡാർ എസ് സലാം സർവകലാശാലയിൽ പ്രൊഫസറായും സേവനം അനുഷ്ഠിക്കുന്നു. ഇതിനൊപ്പമാണ് സിനിമാ പ്രവർത്തനങ്ങളും . ഹ്രസ്വ ചിത്രങ്ങളിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം . അഴിമതിയും ഭൂമികൈയേറ്റങ്ങളും സ്വജനപക്ഷപാതവുമൊക്കെ പ്രമേയങ്ങളായ ഹ്രസ്വ ചിത്രങ്ങൾ നിരവധി രാജ്യാന്തരമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം മികച്ച സംവിധായകനടക്കമുള്ള പുരസ്കാരങ്ങളും അമിലിനെ തേടിയെത്തി .

2015 ൽ പുറത്തിറങ്ങിയ ആയിഷ എന്ന സിനിമയാണ് അമിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. വിവാഹിതയാകാൻ തീരുമാനിക്കുന്ന ഒരു യുവതിയോട് അവളുടെ മുൻ സുഹൃത്ത് ചെയ്യുന്ന പ്രതികാരവും , അതെ തുടർന്ന് അവളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടവുമാണ് ആയിഷ. അന്താരാഷ്ട്ര ചലച്ചിത്രവേദികളിൽ പോലും ശ്രദ്ധ നേടിയ ആയിഷ, സാൻസിബാർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നാല് അവാർഡുകളാണ് നേടിയത് . മാത്രമല്ല ലോസ് ഏഞ്ചൽസ്, സിയാറ്റിൽ, വാഷിംഗ്ടൺ, ടാംഗ, ടൊറന്റോ, സിംഗപ്പൂർ ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിച്ചു.

'ടി-ജംഗ്ഷൻ' (2017) ആണ് അമിൽ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം . അപ്രതീക്ഷിതമായി ഉണ്ടാകുന്ന പിതാവിന്റെ മരണവും തുടർന്ന് ഒരു പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം . പതിവുപോലെ രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം അമിലെന്ന സംവിധായകനെയും ടാൻസാനിയൻ സിനിമകളെയും ലോകശ്രദ്ധയിലേക്ക് വീണ്ടും ഉയർത്തുന്നതായി.

1950-കളിലെ ബ്രിട്ടീഷ് കൊളോണിയൽ സാൻസിബാറിലെ പ്രണയത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥ പറയുന്ന 'ടഗ് ഓഫ് വാർ' പുറത്തിറങ്ങുന്നത് 2021 ലാണ്. ടാൻസാനിയൻ ചരിത്രത്തിൽ തന്നെ ഓസ്കർ എൻട്രി ലഭിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ടഗ് ഓഫ് വാർ. അതും കഴിഞ്ഞ 21 വർഷത്തിനിടെ ആദ്യമായി ലഭിക്കുന്ന ഓസ്കർ എൻട്രി കൂടിയാണിത് .

മാത്രമല്ല സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി കിജിവെനി പ്രൊഡക്ഷൻസ്' എന്ന പേരിൽ ഒരു സ്വതന്ത്ര നിർമ്മാണ കമ്പനി കൂടി സ്ഥാപിച്ചിട്ടുണ്ട് അമിൽ ശിവ്ജി. പോരാടുന്നവർക്കും പ്രതിരോധിക്കുന്നവർക്കും, നീതിക്ക് വേണ്ടി നിലകൊള്ളുന്നവർക്കും ഇവിടെ ഒരിടമുണ്ടെന്നാണ് കിജിവെനി പ്രൊഡക്ഷൻസിന്റെ ആപ്തവാക്യം. അമിൽ സംവിധാനം ചെയ്യുന്ന ചിത്രങ്ങൾക്ക് പുറമെ മറ്റ് സംവിധായകരുടെ ചിത്രങ്ങളും കിജിവെനി പ്രൊഡക്ഷൻസിന്റേതായുണ്ട്.

logo
The Fourth
www.thefourthnews.in