ജയിലറിന് 'എ സർട്ടിഫിക്കറ്റ് നല്‍കണം'; മദ്രാസ് ഹൈക്കോടതിയില്‍ ഹർജി
തീയേറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന രജനികാന്തിന്റെ 'ജയിലർ' ചിത്രത്തിന് നല്‍കിയ യുഎ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകന്‍. ചിത്രത്തിന് പ്രായപൂർത്തിയായവരെ മാത്രം കാണാൻ അനുവദിക്കുന്ന എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ എം എൽ രവി മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നല്‍കിയത്.
ചിത്രത്തിന് നിലവില്‍ നല്‍കിയിരിക്കുന്നത് യുഎ സർട്ടിഫിക്കറ്റ് ആണ്. ഇതുപ്രകാരം,12 വയസിന് താഴെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കൊപ്പം ചിത്രം കാണാൻ കഴിയും. എന്നാൽ, ചിത്രത്തിൽ അക്രമാസക്തമായ ഭാഗങ്ങൾ ഉണ്ടെന്നും ഇവ കാണുന്നതിൽ നിന്ന് കുട്ടികളെ തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് യുഎ സർട്ടിഫിക്കറ്റ് പിൻവലിക്കാൻ സെന്‍സർ ബോർഡിന് നിർദേശം നല്‍കണമെന്നും പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടു.
യുഎ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന തന്റെ ഹർജി കോടതി പരിഗണിക്കുന്നതുവരെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു
അന്താരാഷ്ട്ര തലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് അമേരിക്കയിലും യുകെയിലും എ സർട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നതെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ചിത്രത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങളും കൊലപാതകങ്ങളും കാണിക്കുന്നുണ്ട്. പ്രധാന കഥാപാത്രം മറ്റുള്ളവരെ തലകീഴായി നിർത്തുന്നതും ചുറ്റികകൊണ്ട് തല അടിച്ച് പൊളിക്കുന്നതും ചെവി അറുക്കുന്നതും ഉള്‍പ്പെടെ പല ഭാഗങ്ങളും കുട്ടികള്‍ കാണാന്‍ പാടില്ലാത്ത അത്രയും അക്രമം നിറഞ്ഞതാണ്. ഇത്തരത്തിൽ അക്രമങ്ങള്‍ ചിത്രങ്ങൾ നിസാരവൽക്കരിക്കുന്നില്ലെന്നും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍ ആണെന്നും ഹർജിക്കാരന്‍ അഭിപ്രായപ്പെട്ടു.
കൂടാതെ, യുഎ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന തന്റെ ഹർജി കോടതി പരിഗണിക്കുന്നതുവരെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സിബിഎഫ്സി ചെയർമാനെയും ചെന്നൈയിലെ റീജിയണൽ ഓഫീസറെയും കൂടാതെ ചിത്രത്തിന്റെ നിർമ്മാതാവ് സൺ പിക്ചേഴ്സ്, സംവിധായകൻ നെൽസൺ ദിലീപ് കുമാർ എന്നിവരും പൊതുതാൽപര്യ ഹർജിയിൽ എതിർകക്ഷികളാണ്. ചീഫ് ജസ്റ്റിസ് എസ് വി ഗംഗാപുർവാല, ജസ്റ്റിസ് പി ഡി ആദികേശവാലു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അടുത്തയാഴ്ച ഹർജി പരിഗണിക്കും.