സ്വത്വം നഷ്ടപ്പെട്ട കൊച്ചിയിലെ പ്രേതങ്ങൾ; 'പുരുഷ പ്രേതം' റിവ്യൂ
കേരളത്തിലെ, പ്രത്യേകിച്ച് കൊച്ചിയിലെ സാമൂഹ്യ സാഹചര്യങ്ങളിൽ അനാഥപ്രേതങ്ങളുടെ ഭാവി എന്താണ്? പ്രേത പരിശോധനകൾ എങ്ങനെ നടക്കുന്നു? ആരും അന്വേഷിച്ച് വരാത്ത പ്രേതങ്ങൾ എങ്ങനെ സംസ്കരിക്കപ്പെടുന്നു? നിയമനടപടികൾ കൈകാര്യം ചെയ്യുന്നത് പ്രത്യേകം നിയോഗിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരാണോ? തുടങ്ങി 'പുരുഷപ്രേതം' എന്ന സിനിമ കണ്ടുതീരുമ്പോൾ തോന്നാനിടയുളള സംശയങ്ങൾ ഒരുപാടാണ്. 'വൃത്താകൃതിയിലുളള ചതുരം', 'ആവാസവ്യൂഹം' എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്ത 'പുരുഷപ്രേതം' മേൽപ്പറഞ്ഞ സാമൂഹ്യ വിഷയത്തേയാണ് കൈകാര്യം ചെയ്യുന്നത്. ഒരു കുറ്റാന്വേഷണ കഥയുടെ ആവേശം നിലനിർത്തിക്കൊണ്ടുതന്നെ ഗൗരവതരമായൊരു വിഷയത്തെ നർമത്തിലൂടെ അവതരിപ്പിക്കുന്നു.
'ഇതെല്ലാം നമ്മളെപ്പോലുള്ളവർ ചെയ്യേണ്ടതാണെന്ന തോന്നലാണ് അയാൾക്ക്', എന്ന് ദിലീപിന്റെ മരുമകൻ പറയുന്നിടത്ത് അവസാനിപ്പിക്കുന്നു ദിലീപ് എന്ന വ്യക്തി ഇതുവരെ അനുഭവിച്ചുപോന്നിട്ടുളള ജാതീയമോ, വംശീയമോ തൊഴിൽപരമോ ആയിട്ടുളള വിവേചനത്തിന്റെ നീറ്റൽ.
രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയകാലത്തെ ഏറ്റവും മികച്ച കഥാപാത്രമായി പ്രശാന്ത് അലക്സാണ്ടറിന് സൂപ്പർ സെബാസ്റ്റ്യൻ. പ്രശാന്തിൽ സെബാസ്റ്റ്യനെ കണ്ടെത്തിയവർക്ക് കൊടുക്കണം കയ്യടി. ഓരോ കഥാപാത്രത്തേയും വികസിപ്പിച്ച് കൊണ്ടുവരുന്നതിൽ തുടക്കം മുതൽ തിരക്കഥാകൃത്ത് അജിത് ഹരിദാസ് പുലർത്തിയ കൃത്യതയും എടുത്തുപറയണം. ആ കൃത്യതയിൽ ഫലം കണ്ട ആദ്യ കഥാപാത്രവും സെബാസ്റ്റ്യൻ തന്നെ. സെബാസ്റ്റ്യൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ സൂപ്പറാക്കുന്നതിൽ അയാൾക്ക് തന്നെയുളള പങ്ക് വളരെ വലുതാണ്. ആ സവിശേഷതയിൽ ഊന്നിയാണ് സെബാസ്റ്റ്യന്റെ എൻട്രി പോലും. പ്രണയരംഗങ്ങളിലെ ഭാവമാറ്റങ്ങളും നടുറോട്ടിലെ അലർച്ചയും, നിസ്സഹായതയും, ചമ്മലും എല്ലാം സെബാസ്റ്റ്യനിലൂടെ പ്രശാന്ത് ഗംഭീരമാക്കി.
'സ്ലീപ്പ്‌ലെസ്‌ലി യുവേഴ്സി'ന് ശേഷം ശ്രദ്ധിക്കപ്പെടുന്ന മുഴുനീള വേഷത്തിൽ ദേവകി രാജേന്ദ്രനെ കാണാനായതും ഒരുപക്ഷെ ഈ ചിത്രത്തിലാവും. ഏത് സാഹചര്യത്തിലായിരിക്കും സുജാത, സെബാസ്റ്റ്യനെ പ്രണയിച്ചു തുടങ്ങുന്നതെന്നും നിലവിലെ അന്വേഷണകഥയിൽ സുജാതയുടെ പ്രാധാന്യമെന്തെന്നും അനായാസമായി പറഞ്ഞുവയ്ക്കുന്നുണ്ട് സിനിമ.
ജഗദീഷ് ചെയ്ത ദീലീപ് എന്ന പോലീസുകാരനും ദർശന രാജേന്ദ്രന്റെ സൂസന്നയും മികച്ച കഥാപാത്രസൃഷ്ടിയുടെ പ്രവിലേജിൽ തിളങ്ങി നിൽക്കുന്ന വേഷങ്ങളാണ്. ദിലീപ് ഏതുതരം ആളാണെന്നും അയാളുടെ താത്പര്യങ്ങൾ എന്തെല്ലാമാണെന്നും മനസിലാക്കാൻ ഒരു തിരിഞ്ഞുനോട്ടത്തിന്റെ ആവശ്യം വരുന്നില്ല. 'ഇതെല്ലാം നമ്മളെപ്പോലുളളവർ ചെയ്യേണ്ടതാണെന്ന തോന്നലാണ് അയാൾക്ക്', എന്ന് ദിലീപിന്റെ മരുമകൻ പറയുന്നിടത്ത് അവസാനിപ്പിക്കുന്നു ദിലീപ് എന്ന വ്യക്തി ഇതുവരെ അനുഭവിച്ചുപോന്നിട്ടുളള ജാതീയമോ, വംശീയമോ തൊഴിൽപരമോ ആയിട്ടുളള വിവേചനത്തിന്റെ നീറ്റൽ. ഒന്നിലും പരാതിയില്ലാത്ത ദിലീപിന്റെ ഈ അവസ്ഥയെ കുറിച്ച് അധികമൊന്നും പറയാതെ തന്നെ സിനിമയുടെ രാഷ്ട്രീയ നിലപാടിനെ കോറിയിട്ടു പോവുകയാണ് ആ സംഭാഷണ രംഗം. ദർശനയും സഹോദരനും ആദ്യം മുതലേ വാർത്തുകൊണ്ടുവരുന്ന നാടകീയ കാഴ്ചയിൽ ചെറിയൊരു റോസാത്തണ്ടിനുവരെ പ്രാധാന്യമുണ്ട്. സൂസന്നയെ എത്രത്തോളം വിശ്വസിക്കാം എന്ന സംശയം നിലനിൽക്കുമ്പോഴും, അവരുടെ മാനസിക വ്യാപാരങ്ങൾ എന്തുകൊണ്ട് അങ്ങനെ എന്ന ചോദ്യത്തിനൊരു മറുപടിയും സിനിമ തരുന്നുണ്ട്. ഒടുവിലത്തെ സംഭവവികാസങ്ങൾ ഭാവനകളോട് അടുത്തുനിൽക്കുന്നതായതിനാലാവും ട്രെയ്ലറിലും മറ്റും കണ്ടിരുന്ന സൂസന്നയുടെ 'സ്വാഗ്' അതേ തീവ്രതയിൽ സിനിമയിൽ കാണാനായില്ല.
മേക്കിങ്ങിലെ പ്രത്യേകതയിൽ ആദ്യം സ്ഥാനം പിടിക്കുന്നത് ഫ്രെയിമുകളാണ്. പലരുടേയും ക്യാമറക്കണ്ണുകളിൽ കണ്ടിട്ടുളള അതേ കൊച്ചി, മെട്രോ റെയിൽ പരിസരങ്ങൾ ഒക്കെത്തന്നെ കഥാ പശ്ചാത്തലമാകുമ്പോഴും ഇതുവരെ കാണാത്ത കോണുകളിൽ നിന്നുകൊണ്ട് കഥാപാത്രങ്ങൾ സംസാരിക്കുന്നു. ഛായാഗ്രാഹകന്റെ സൗകര്യത്തിന് അഴിച്ചുവിടുന്ന ക്യാമറയെ മുമ്പും പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും പുരുഷപ്രേതത്തിൽ ഈ 'തോന്ന്യാസ'ത്തിനൊരു ഭംഗിയുണ്ട്. ആസ്വാദനത്തെ ബാധിക്കുമോ എന്ന തോന്നൽ തെല്ലുമില്ലാതെയാണ് ഫ്രെയ്മിങ്ങിലെ റൂൾ ഓഫ് തേർഡും, 180 ഡിഗ്രി റൂളും ഉൾപ്പടെയുളള നിയമങ്ങൾ ചിത്രത്തിന്റെ ഛായാഗ്രാഹകൻ കൂടിയായ കൃഷാന്ദ് സൗകര്യപൂർവം ലംഘിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരം ഫ്രെയ്മുകൾ എന്ന് ഒരു സാധാരണ പ്രേക്ഷകൻ ചിന്തിച്ച് തുടങ്ങുമ്പോഴേയ്ക്കും അയാൾ കഥയിലേയ്ക്ക് കയറിയിട്ടുണ്ടാകും. ഫ്രെയ്മിന് പുറത്തേയ്ക്ക് നോക്കി സംസാരിക്കുന്ന കഥാപാത്രങ്ങളും മറുവശം അവശേഷിക്കുന്ന വിശാലമായ ശൂന്യതയും കേൾവിക്കപ്പുറം സാഹചര്യങ്ങളെ പഠിക്കാൻ സഹായിച്ചേക്കാം. അജ്മൽ ഹസ്ബുളളയുടെ പശ്ചാത്തല സംഗീതവും ഇടയിൽ വരുന്ന റാപ് മ്യൂസികും തന്നെയാണ് ഫ്രെയ്മുകള്‍ക്ക് ജീവൻ കൊടുക്കുന്നത്. റാപ്പർ ഫെജോ എഴുതി ആലപിച്ച 'അമളി' എന്ന പാട്ടും, നിർമൽ ജോവിയലിന്റെ വരികളിൽ സൂരജ് സന്തോഷ് പാടിയ 'ഷുഗരലോജൻ' എന്ന പാട്ടും ഉൾപ്പടെ അജ്മൽ ഹസ്ബുളള തന്നെ സംഗീത സംവിധാനം നിർവഹിച്ച അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്.
മികച്ച പ്രകടനങ്ങളുമായി ഗീതി സംഗീത, മാലാ പാർവതി, ജെയിംസ് ഏലിയ, ഷൈനി സാറ, ജോളി ചിറയത്ത്, രാഹുൽ രാജഗോപാൽ, സഞ്ജു ശിവറാം പോലെ പരിചയമുഖങ്ങൾ ഒരുപാടുണ്ട്. അപ്പോഴും സെബാസ്റ്റ്യന്റെ അമ്മയായി വന്ന സുധ സുമിത്രനും, കേശവനായി വന്ന പൊന്നൻ തേവരയും ഉൾപ്പടെയുള്ളവർ പകരം വയ്ക്കാനില്ലാത്ത ചേരുവകളായി മാറുന്നു.