'ഇളയനിലാ പൊഴികിറതേ' ഗാനത്തിന് ഗിറ്റാർ വായിച്ച ആർ ചന്ദ്രശേഖർ വിടവാങ്ങി

'ഇളയനിലാ പൊഴികിറതേ' ഗാനത്തിന് ഗിറ്റാർ വായിച്ച ആർ ചന്ദ്രശേഖർ വിടവാങ്ങി

തമിഴിന് പുറമെ മലയാളം ഉൾപ്പെടയുള്ള മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ചന്ദ്രശേഖർ തന്റെ മാന്ത്രിക വിരലുകളുടെ സാന്നിധ്യം അറിയിച്ചിരുന്നു
Updated on
1 min read

നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിച്ച പ്രശസ്ത ഗിറ്റാറിസ്റ്റ് ആർ ചന്ദ്രശേഖർ വിടവാങ്ങി. 79 വയസായിരുന്നു. ഇന്നലെ രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. തമിഴിന് പുറമെ മലയാളം ഉൾപ്പെടെയുള്ള മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ചന്ദ്രശേഖർ തന്റെ മാന്ത്രിക വിരലുകളുടെ സാന്നിധ്യം അറിയിച്ചിരുന്നു. 'പയനങ്ങൾ മുടിവതല്ലൈ' എന്ന സിനിമയില്‍ ഇളയരാജ ഈണം നല്‍കിയ 'ഇളയനിലാ പൊഴികിറതേ' എന്ന ഗാനം അദ്ദേഹത്തിന്റെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. പാടിവാ തെൻട്രലെ (മുടിവല്ല ആരംഭം), പാടും വാനമ്പാടി (നാൻ പാടും പാടൽ) തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചതിന് പിന്നിലും ചന്ദ്രശേഖറിന്റെ കരസ്പർശമുണ്ട്.

ബി ടെക്‌ ബിരുദധാരിയായ ചന്ദ്രശേഖർ എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ചാണ് സം​ഗീതം ജീവിതമാക്കി സ്വീകരിച്ചത്. സംഗീത സംവിധായകൻ പി എസ് ദിവാകറിനൊപ്പമാണ് ചന്ദ്രശേഖർ തന്റെ കരിയർ ആരംഭിക്കുന്നത്. ​ഗിറ്റാറിന് പുറമെ കീബോർഡ്, മൗത്ത് ഓർഗൻ എന്നിവയിലും അദ്ദേഹം തന്റെ പ്രതിഭയുടെ തിളക്കമറിയിച്ചു. സംഗീതം ചിട്ടപ്പെടുത്താൻ ആധുനിക സംഗീത ഉപകരണങ്ങളും സാങ്കേതിക വിദ്യയും ചന്ദ്രശേഖർ ഉപയോഗപ്പെടുത്തി.

കെ വി മഹാദേവൻ, എം എസ് വിശ്വനാഥൻ തുടങ്ങിയ സംഗീത സംവിധായകർക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്

ഡ്രമ്മർ ആർ പുരുഷോത്തമൻ സഹോദരനാണ്. പുരുഷോത്തമനും ചന്ദ്രശേഖറും കെ വി മഹാദേവൻ, എം എസ് വിശ്വനാഥൻ തുടങ്ങിയ സംഗീത സംവിധായകർക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. പുരുഷോത്തമൻ ഇളയരാജയുടെ ട്രൂപ്പിൽ ഡ്രമ്മർ ആയി ജോലി നോക്കിയപ്പോൾ ചന്ദ്രശേഖർ കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചു. ആർ ഡി ബർമൻ, ലക്ഷ്മികാന്ത്-പ്യാരിലാൽ, ബാപ്പി ലാഹിരി എന്നിവർക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. സംഗീത സംവിധായകനായ സഞ്ജയ് ആണ് മകൻ.

logo
The Fourth
www.thefourthnews.in