ആ കിടപ്പ് കാണാൻ വയ്യ; മാമുക്കോയയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ പോകാത്തതിന് കാരണം പറഞ്ഞ് രഘുനാഥ് പലേരി
മാമുക്കോയയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ താരങ്ങളെത്തിയില്ലെന്ന ആരോപണങ്ങൾക്കിടെ പോകാത്തതിനുള്ള കാരണം പറഞ്ഞ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി. ആ കിടപ്പ് കാണാൻ വയ്യാത്തത് കൊണ്ടാണ് പോകാത്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മാമുക്കോയയുടെ വിയോഗത്തിൽ രഘുനാഥ് പലേരി എഴുതിയ വികാരനിർഭരമായ പോസ്റ്റിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
രണ്ട് മാസങ്ങൾക്ക് മുൻപ് ചങ്ങാതിയുടെ മകളുടെ വിവാഹത്തിന് പോയപ്പോഴാണ് ശ്രീ മാമുക്കോയയെ ഞാൻ വീണ്ടും കാണുന്നത്. കുറേനേരം കയ്യിൽ പിടിച്ചുള്ള ആ സംസാരത്തിനിടയിൽ കയ്യിലേക്കിട്ടുതന്ന സ്നേഹചൂട് അവിടെത്തന്നെ ഉള്ളതുകൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കാണാൻ ഞാനും ചെന്നില്ല. ചെന്നാൽ ഞാൻ കരയും . എനിക്കെന്തോ കരയാൻ ഇപ്പോൾ തീരെ ഇഷ്ടമില്ല . എന്നായിരുന്നു എന്തുകൊണ്ടാണ് പോകാത്തത് എന്ന ആരാധകന്റെ ചോദ്യത്തിന് രഘുനാഥ് പലേരിയുടെ മറുപടി
മാമുക്കോയ മലപ്പുറത്തുകാരനായത് കൊണ്ടാണോ പ്രമുഖർ എത്താതിരുന്നത് എന്ന ചോദ്യത്തിന്, താങ്കളുടെ ചോദ്യം കേട്ട് കുഞ്ഞിഖാദർ ഇപ്പോൾ ചിരിക്കുന്നുണ്ടാകും എന്നും രഘുനാഥ് പലേരി മറുപടി പറയുന്നുണ്ട് .
രഘുനാഥ് പലേരി രചനയും തിരക്കഥയും സംഭാഷണവും എഴുതിയ, സത്യൻ അന്തിക്കാട് ചിത്രം മഴവിൽക്കാവടിയിൽ മാമുക്കോയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് കുഞ്ഞിഖാദർ. ആ കാലത്ത് ഒരുമിച്ച അഭിനയിച്ച ഇന്നസെന്റ് ഉൾപ്പെടെ എല്ലാവരും വിട പറഞ്ഞു എന്ന അർത്ഥത്തിലായിരുന്നു രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പോസ്റ്റിന്റെ പൂർണരൂപം
മഴവിൽക്കാവടിയാടി രസിച്ച് ഇഷ്ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുൾ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി.
മനസ്സിൽ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങൾ സ്വത്വം നഷ്ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു.
ആ കണ്ണീർതുള്ളികളാവും
യാ മത്താ.... യാ സത്താ... യാ... ഹൂദെ ന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുക.
ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാൻ നനയും. അതിൽ ഒരു കുഞ്ഞിക്കാദർ സ്പർശമുണ്ടാകും.