'ജയിലർമാർ' തമ്മില്‍ കലഹിക്കുമോ? രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം തള്ളി സൺപിക്ച്ചേഴ്സ്
രജനികാന്ത് ചിത്രം ജയിലറിന്റെ പേര് മാറ്റില്ല. ചിത്രം അതേപേരിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാക്കളായ സൺപിക്ച്ചേഴ്സ്. ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് ജയിലറിന്റെ കേരളത്തിലെ വിതരണക്കാരായ ഗോകുലം മൂവിസ് വക്താക്കളും ദ ഫോർത്തിനോട് പറഞ്ഞു
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ജയിലർ എന്ന ചിത്രത്തിന്റെ പേരും പ്രമേയവും ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്തതാണെന്നും അതിനാൽ രജനി ചിത്രത്തിന്റെ പേര് കേരളത്തിലെങ്കിലും മാറ്റി റിലീസ് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ സൺ പിക്ച്ചേഴ്സിന് കത്ത് നൽകിയിരുന്നു. എന്നാൽ പ്രൊമേഷൻ ഉൾപ്പെടെ ആരംഭിച്ച സാഹചര്യത്തിൽ പേര് മാറ്റുന്നത് പരിഗണിക്കേണ്ടെന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ തീരുമാനം
സൂപ്പർതാര സിനിമയുടെ പേര് മാറ്റുന്നത് നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ടൈറ്റില്‍ മാറ്റാന്‍ കഴിയില്ലെന്നും സൺപിക്ച്ചേഴ്സ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയില്‍ വാര്‍ഡനായാണ് ചിത്രത്തില്‍ രജനികാന്ത് എത്തുക. മോഹൻലാൽ, രമ്യാ കൃഷ്ണൻ, ജാക്കി ഷെറോഫ്, ശിവ രാജ്കുമാർ ഉൾപ്പെടെയുള്ള വൻ താരനിരയുമുണ്ട്
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ജയിലർ ഒരു പീരിഡ് ത്രില്ലറാണ്. രജനീ ചിത്രത്തിന്റെ പേര് മാറ്റാന്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതോടെ ധ്യാൻ ശ്രീനിവാസന്റെ ചിത്രത്തിന്റെ പേര് അതുപോലെ നിലനിര്‍ത്താന്‍ അനുവദിക്കണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആവശ്യം.
ആഗസ്റ്റ് 10 നാണ് ഇരു ചിത്രങ്ങളും തീയേറ്ററികളിലെത്തുക. തീയേറ്ററിലെത്തുന്ന പ്രേക്ഷകരെ രണ്ടു ജയിലർമാരും ആശയക്കുഴപ്പത്തിലാക്കുമോ എന്ന് കണ്ടറിയേണ്ടിവരും