രാജീവ് രവി-നിവിന്‍ പോളി ചിത്രം 'തുറമുഖം' തീയേറ്ററുകളിലേക്ക്

രാജീവ് രവി-നിവിന്‍ പോളി ചിത്രം 'തുറമുഖം' തീയേറ്ററുകളിലേക്ക്

'കമ്മട്ടിപ്പാടം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുറമുഖം'
Updated on
1 min read

രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം തുറമുഖത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ രാജീവ് രവിയാണ് ചിത്രം ഡിസംബർ 22 ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന വിവരം അറിയിച്ചത്. സെൻസറിങ് പൂർത്തിയായി ഏറെ നാളായെങ്കിലും സാമ്പത്തിക ബാധ്യതകൾ മൂലം ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു.

'കമ്മട്ടിപ്പാടം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുറമുഖം'. റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. നിവിൻ പോളിക്ക് പുറമെ ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകന്‍ ,ദർശന രാജേന്ദ്രൻ ,സുദേവ് നായർ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഏറ്റെടുത്തതോടെയാണ് ചിത്രം ഇപ്പോൾ പ്രദർശനത്തിന് തയ്യാറാകുന്നത്. ചിത്രം ഒരുങ്ങുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിലാണ്. റിലീസിനായി തീയേറ്ററുകള്‍ ചാർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.

1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തുന്ന സമരവുമാണ് കഥാപരിസരം. പീരീഡ്‌ ആക്ഷൻ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുക.

രാജീവ് രവിയാണ് ഛായാഗ്രഹണം. കെ എം ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരമാണ് തിരക്കഥ. എഡിറ്റിംഗ് ബി അജിത്‌കുമാർ, കലാസംവിധാനം-ഗോകുൽദാസ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ.

logo
The Fourth
www.thefourthnews.in