Rajini@73 | രജിനി വഴി തനി വഴി.... സൂപ്പർസ്റ്റാർഡത്തിൻ്റെ മൂന്ന് പതിറ്റാണ്ടിൽ തലൈവർ
ജയിലറിന്‌റെ ഓഡിയോ ലോഞ്ച് വേദി... 24 വര്‍ഷങ്ങള്‍ക്ക് ശേഷം നീലാംബരി (രമ്യാ കൃഷ്ണൻ) പടയപ്പയെ (രജിനികാന്ത്) നോക്കി ഒരിക്കല്‍ കൂടി പറഞ്ഞു, 'എല്ലാര്‍ക്കും ഉന്നെയേന്‍ പിടിച്ചിറുക്ക് തെരിയുമാ, വയസാനാലും ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ' ...അതിന് പടയപ്പയല്ല മറുപടി പറഞ്ഞത്, രജിനി ആരാധകരാണ്.
'കൂടവേ പൊറന്തത് എന്നേക്കും പോകാത്'... 73-ാം വയസിലും തമിഴകത്തിന്‌റെ സൂപ്പര്‍സ്റ്റാറിനോട് ഇന്ത്യന്‍ സിനിമാലോകവും ഇതുതന്നെ പറയുന്നു. നാലര പതിറ്റാണ്ട് മുന്‍പ് സിനിമാമോഹവുമായി കര്‍ണാടകയില്‍ നിന്ന് കോടമ്പാകത്തേക്ക് വണ്ടികയറിയ ശിവാജി റാവുവിന് ഒറ്റ ആഗ്രഹമേയുണ്ടായിരുന്നുള്ളൂ, സിനിമയില്‍ എന്തെങ്കിലുമായി തീരണം. കര്‍ണാടക ആര്‍ടിസിയിലെ ശ്രീനഗര്‍ ടു സിറ്റി മാര്‍ക്കറ്റിലേക്കുള്ള MYF 184 നമ്പര്‍ ബസിലെ ആറുവര്‍ഷം നീണ്ട കണ്ടക്ടര്‍ ജോലി രാജിവച്ചാണ് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പുറപ്പെട്ടത്. സഹായിക്കാനുണ്ടായിരുന്നത് അടുത്ത സുഹൃത്തും രജിനി ജോലി ചെയ്ത ബസിലെ ഡ്രൈവറുമായ രാജ് ബോധൂരും. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നീളുന്ന കണ്ടക്ടര്‍ ജോലിക്ക് ശേഷം നാടക പരിശീലനം നടത്തുന്ന രജിനിയുടെ സിനിമാ മോഹങ്ങള്‍ രാജ് ബോധൂരും തിരിച്ചറിഞ്ഞിരുന്നു.
മദ്രാസിലെ പഠനം പൂര്‍ത്തിയായതിന് പിന്നാലെ ആഗ്രഹിച്ച പോലെ ഒരു അവസരം വന്നെത്തി. കെ ബാലചന്ദറിന്‌റെ അപൂര്‍വരാഗങ്ങള്‍ (1975). ചിത്രീകരണം പൂര്‍ത്തിയാകുന്നതുവരെ ശിവാജി റാവുവായി തുടര്‍ന്ന യുവതാരം, തമിഴകത്തിന്‌റെ അടുത്ത സൂപ്പര്‍ സ്റ്റാറാകുമെന്ന് ഉറപ്പിച്ചിട്ടാകാം ബാലചന്ദര്‍ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടു. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയാറായിരുന്ന ആ യുവാവിന് അതൊന്നും വലിയ കാര്യമായി തോന്നിക്കാണില്ല. നിങ്ങള്‍ തന്നെ മറ്റൊരു പേര് നിര്‍ദേശിക്കാമോ എന്നായിരുന്നു രജിനിയുടെ ചോദ്യം. ബലചന്ദറിന് അധികം ആലോചിക്കേണ്ടി വന്നില്ല. മേജര്‍ ചന്ദ്രകാന്ത് എന്ന നാടകത്തിലെ കഥാപാത്രത്തിന്‌റെ പേരായ രജിനികാന്ത് എന്ന പേര് ശിവാജി റാവുവിന് നല്‍കി... അപൂര്‍വരാഗങ്ങള്‍ ഇറങ്ങുന്നതിന് മുന്‍പ് ശിവാജി റാവു രജിനികാന്തായി മാറ്റപ്പെട്ടു.
നടപ്പിലും നടിപ്പിലും തമിഴകം അതുവരെ കാണാത്ത സ്റ്റൈലുമായെത്തിയ രജിനിയെ സംവിധായകന്‍ എസ് പി മുത്തുമാരന്‍ കൂടെകൂട്ടി. പിന്നെ രജിനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പക്ഷേ അപ്പോഴും ഗുരുസ്ഥാനത്ത് ബാലചന്ദറിനെ പ്രതിഷ്ഠിക്കാന്‍ രജിനിക്ക് മറ്റൊരു കാരണമുണ്ട്. മികച്ച വില്ലനാകാന്‍ ആഗ്രഹിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയ രജിനിയിലെ ഹീറോയെ തിരിച്ചറിഞ്ഞ് നായകസ്ഥാനത്ത് നിര്‍ത്തിയത് ബാലചന്ദര്‍ ആണ്.
80 കളുടെ തുടക്കം മുതല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി മാറി രജിനികാന്ത്... രജിനി സിനിമകള്‍ക്കായി അമ്പതും അറുപതും ലക്ഷങ്ങള്‍ ചെലവാക്കാന്‍ നിര്‍മാതാക്കള്‍ മത്സരിച്ചു. എല്ലാ സിനിമയും ഹിറ്റുകളായി. അമിതാഭ് ബച്ചന്‌റെ ഹിന്ദി ചിത്രങ്ങളുടെ റീമേക്കുകളായിരുന്നു ഈ കാലയളവിലെ രജിനി ചിത്രങ്ങളിലേറെയും.
സൂപ്പര്‍സ്റ്റാര്‍ പദവിയുടെ അണ്ണാമലൈ
92 മുതല്‍ തമിഴകത്ത് രജിനിയുഗമായിരുന്നു... ഓരോ രജിനി ചിത്രങ്ങളുടേയും റെക്കോര്‍ഡ് തകര്‍ക്കപ്പെടുന്നത് മറ്റൊരു രജിനി ചിത്രത്തിന് മാത്രം സാധിക്കുന്ന കാര്യമാണ്, അന്നും ഇന്നും. (ദളപതി, അണ്ണാമലൈ , ബാഷ, മുത്തു, അരുണാചലം, പടയപ്പ, ചന്ദ്രമുഖി, എന്തിരന്‍, 2.0 ഇപ്പോള്‍ ജയിലറും. )
ആ വര്‍ഷമാണ് സുരേഷ് കൃഷ്ണന്‌റെ സംവിധാനത്തില്‍ അണ്ണാമലൈ പുറത്തിറങ്ങുന്നത്. ചിത്രത്തിന്‌റെ ടൈറ്റിലില്‍ രജിനികാന്തിനൊപ്പം സൂപ്പര്‍സ്റ്റാര്‍ എന്ന് ആദ്യമായി ചേര്‍ക്കപ്പെട്ടു. ദേവയുടെ സംഗീതത്തിനൊപ്പം വരുന്ന ആ ടൈറ്റില്‍ കാര്‍ഡ് ആരാധകരുടെ വികാരമായി മാറി. (ഇന്നും ആ ടൈറ്റില്‍ കാര്‍ഡിന് മാറ്റമില്ല. ഇടയില്‍ ചില ഷങ്കര്‍ ചിത്രങ്ങളിലൊഴികെ ആ മ്യൂസിക് പോലും മാറ്റാന്‍ ആരും തയാറായിട്ടില്ല) രജിനിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച വര്‍ഷം കൂടിയാണ് 92. അണ്ണാമലൈ ചിത്രത്തിലെ കഥാപാത്രം ദ്രാവിഡ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ പോലും സ്വാധീനിച്ചത് ചരിത്രം.
രജിനി -ജയലളിത തര്‍ക്കം
അതേ 92 ലാണ് രജിനി-ജയലളിത തര്‍ക്കം തുടങ്ങുന്നതും. ഇരുവരുടേയും വീട് പോയസ് ഗാര്‍ഡനിലാണ്. ഒരിക്കല്‍ സിനിമാ ഷൂട്ട് കഴിഞ്ഞ് മടങ്ങിയ രജിനികാന്തിനെ പോലീസ് വഴിയില്‍ തടഞ്ഞു. മുഖ്യമന്ത്രി ജയലളിത ആ വഴി കടന്ന് പോകും വരെ ട്രാഫിക് നിയന്ത്രണമുള്ളതിനാല്‍ പോകാനാകില്ലെന്നായിരുന്നു പോലീസ് ഭാഷ്യം. ആദ്യം പറഞ്ഞു നോക്കി , പോലീസ് കേള്‍ക്കുന്ന മട്ടില്ല. കാറിന് വെളിയിലിറങ്ങിയ രജിനികാന്ത് സിഗരറ്റും കത്തിച്ച് ബാരികേഡില്‍ ചാരി നിന്നു, സ്വന്തം സിനിമയിലെ കഥാപാത്രമെന്ന പോലെ... നിമിഷങ്ങള്‍ക്കകം ആരാധകര്‍ കൂടി. പോലീസിന് പോലും നിയന്ത്രിക്കാനാകാത്ത അവസ്ഥ. ഒരുവിധം പോലീസ് രജിനികാന്തിനെ കാറില്‍ കയറ്റി അയച്ചു. അതിനും മുന്‍പ് 91 ല്‍ ജയലളിത അധികാരത്തിലേറിയ അതേസമയത്താണ് രജിനി മക്കള്‍ മന്‍ട്രം രൂപീകരിക്കപ്പെടുന്നത്. എംജിആറിന് ശേഷം തമിഴകത്ത് ഒരു നടന്‌റെ പേരില്‍ ആരാധക കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതും താരസ്വാധീനം വര്‍ധിക്കുന്നതും മനസിലാക്കിയ ജയലളിത പോലീസിനെ ഉപയോഗിച്ച് ആരാധക കൂട്ടായ്മയ്‌ക്കെതിരെ നടപടികള്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ രജിനികാന്ത് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് ജയലളിത തയാറായില്ല. തുടര്‍ന്ന് വന്ന സിനിമകളിലൂടെയാണ് രജിനി സര്‍ക്കാരിനുള്ള മറുപടി പറഞ്ഞത്.
'എങ്കിട്ട ഇറുക്കിറ കൂട്ടം നാന്‍ സേത്ത കൂട്ടമില്ലേ, അന്‍പാലേ താനേ സേന്ത കൂട്ടം... എന്‍ തനി സാമ്രാജ്യം, അന്‍പു സാമ്രാജ്യം...ഇതെ യാരാലേയും അഴിക്കമുടിയാത്'. ആരാധക കൂട്ടായ്മയ്‌ക്കെതിരായ സര്‍ക്കാര്‍ നടപടിക്കുള്ള മറുപടിയായി ബാഷയിലെ ഈ ഡയലോഗ് വിലയിരുത്തപ്പെട്ടു. ആ സമയത്ത് തന്നെയാണ് ബോംബെ സിനിമയുടെ പേരില്‍ സംവിധായകന്‍ മണിരത്‌നത്തിന്‌റെ വീടിന് നേരെ അജ്ഞാതരുടെ ബോംബാക്രമണമുണ്ടായത്. ബാഷയുടെ 25-ാം ദിനാഘോഷത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച രജിനികാന്ത് തമിഴകത്ത് ''വെടിഗുണ്ട് കലാചാരം പറൈവിവിട്ടെ''ന്നാണ് പറഞ്ഞത്. തമിഴ് രാഷ്ട്രീയത്തില്‍ ആ പ്രസംഗമുണ്ടാക്കിയ ഇംപാക്ട് ചെറുതായിരുന്നില്ല. ആ പോര് പിന്നീട് ''ഇനി ഒരിക്കല്‍കൂടി ജയലളിത അധികാരത്തില്‍ വന്നാല്‍ ദൈവത്തിന് പോലും തമിഴകത്തെ രക്ഷിക്കാനാകില്ലെ''ന്ന പരസ്യ പ്രസ്താവന വരെയെത്തി. എങ്കിലും അയല്‍വാസി കൂടിയായ ജയലളിതയെ മകളുടെ വിവാഹത്തിന് ക്ഷണിച്ചു രജിനികാന്ത്. ശത്രുത മറന്ന് ജയലളിത വിവാഹത്തില്‍ പങ്കെടുത്തതോടെയാണ് ആ അധ്യായത്തിന് അവസാനമായത്.
അണ്ണാമലയ്ക്ക് ശേഷം വന്ന രജിനി കഥാപാത്രങ്ങള്‍ക്ക് സാധാരണക്കാരൻ്റെ മുഖമായിരുന്നു. ഉഴൈപാളി, മുത്തു, അരുണാചലം... അങ്ങനെ നീളുന്ന പട്ടിക. അരുണാചലത്തിന് (1997) ശേഷം വര്‍ഷത്തില്‍ ഒരു രജിനി ചിത്രം മാത്രമാണ് തീയേറ്ററുകളിലെത്തിയത്. 99 ല്‍ എത്തിയ പടയപ്പ സൂപ്പര്‍ഹിറ്റായതോടെ രജിനിയുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നു. അന്നു മുതല്‍ നിര്‍മാണ ചെലവിന്‌റെ 20% രജിനിയുടെ പ്രതിഫലം എന്നതായി കണക്ക്.
2002 ല്‍ ഇറങ്ങിയ ബാബയുടെ പരാജയത്തോടെ നീണ്ട ഇടവേള. രജിനി സിനിമാ ജീവിതം അവസാനിപ്പിച്ചെന്നുവരെ പ്രചാരണമുണ്ടായി. 2005 ല്‍ ചന്ദ്രമുഖിയുടെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലൂടെ എല്ലാ കുപ്രചാരണങ്ങളും നിലച്ചു. പിന്നീടുള്ള യാത്രയില്‍ 'കൊച്ചടിയാന്‍' പോലുള്ള പരാജയങ്ങളുണ്ടായെങ്കിലും തമിഴകത്തിന്‌റെ ബോക്‌സ് ഓഫീസിലെ ഒന്നും മൂന്നും ചിത്രങ്ങള്‍ ഇപ്പോഴും രജിനിയുടേത് തന്നെയാണ്. ( 2.0, ജയിലര്‍) നിലവില്‍ ടി ജെ ജ്ഞാനവേല്‍ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന രജിനികാന്ത് ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുമെന്ന് നേരത്തെ സംവിധായകനും നടനുമായ മിഷ്‌കിന്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ രജിനികാന്ത് തന്നെ പ്രഖ്യാപിച്ച വിരമിക്കല്‍ പോലെയാകട്ടെ മിഷ്‌കിന്‌റെ പ്രതികരണവും.
വെള്ളിത്തിരയിലെന്ന പോലെ വ്യക്തി ജീവിതത്തിലും തനിവഴിയാണ് രജിനിയുടേത്. ക്യാമറയ്ക്ക് മുന്നിലല്ലാതെ മേയ്ക്ക് അപ്പ് ഇടില്ല, വിഗ് വയ്ക്കില്ല.
ഒരാഴ്ച നീളുന്ന ജന്മദിനാഘോഷം
വിവാഹശേഷം ഭാര്യ തുടങ്ങിവച്ച ശീലമാണ് ഒരാഴ്ച നീളുന്ന ജന്മദിനാഘോഷം. ആ ആഴ്ചയില്‍ രജിനി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ മുതല്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന ടവ്വല്‍ വരെ എല്ലാം പുതിയതായിരിക്കും. ആത്മീയതയും പുസ്തകങ്ങളും ഏറെ ഇഷ്ടപ്പെടുന്ന രജിനിക്ക് 'ലിവിങ് വിത്ത് ദ ഹിമാലന്‍ മാസ്റ്റേഴ്‌സ്' എന്ന ബുക്കിന്‌റെ ഒരു കോപ്പിയാണ് എല്ലാ വര്‍ഷവും ഭാര്യ സമ്മാനമായി നല്‍കുക. വായിച്ച ശേഷം ആ ബുക്ക് ഇഷ്ടപ്പെട്ട സുഹൃത്തുകള്‍ക്ക് സമ്മാനമായി നല്‍കുന്നതാണ് രജിനിയുടെ ശീലം.