'ദേവഭൂമിയിലെത്തിയ രജിനികാന്ത്ജിക്ക് സ്വാഗതവും ആദരവും'; ഹിമാലയത്തിൽ എത്തിയ രജിനിയെ ആദരിച്ച് ഉത്തരാഖണ്ഡ് പോലീസ്
വേട്ടയാൻ സിനിമയുടെ ചിത്രീകരണത്തിനുശേഷം ഹിമാലയത്തിൽ എത്തിയ തമിഴ് താരം രജിനികാന്തിന് ആദരവുമായി ഉത്തരാഖണ്ഡ് പോലീസ്. ഹിമാലയത്തിലെ കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയ താരത്തിനെ സ്വാഗതം ചെയ്ത ഉത്തരാഖണ്ഡ് പോലീസ് ഉപഹാരവും സമർപ്പിച്ചു.
മേയ് 29 നാണ് രജനികാന്ത് ഡെറാഡൂൺ വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് കേദാർനാഥിലേക്കും ബദരീനാഥിലേക്കും പോയിരുന്നു. 'ശ്രീ ബദരീനാഥ് ദർശനത്തിനായി ദേവഭൂമിയിലെത്തിയ പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടൻ രജിനികാന്ത് ജിക്ക് സ്വാഗതവും ആദരവും' എന്നാണ് രജിനികാന്തിന്റെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ഉത്തരാഖണ്ഡ് പോലീസ് എക്‌സിൽ കുറിച്ചത്.
ഡെറാഡൂണിൽ വിമാനമിറങ്ങിയ രജിനികാന്ത്, താൻ എല്ലാ വർഷവും ആത്മീയ യാത്രകൾക്ക് പോകാറുണ്ടെന്നും അത് തനിക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കുമെന്നും പറഞ്ഞിരുന്നു.
'എല്ലാ വർഷവും എനിക്ക് പുതിയ അനുഭവങ്ങൾ ലഭിക്കുമായിരുന്നു, അത് എന്നെ വീണ്ടും വീണ്ടും ആത്മീയ യാത്ര തുടരാൻ പ്രേരിപ്പിച്ചു. ഇത്തവണയും പുതിയ അനുഭവങ്ങൾ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ലോകത്തിന് മുഴുവൻ ആത്മീയത ആവശ്യമാണ്, അത് എല്ലാ മനുഷ്യർക്കും പ്രധാനമാണ്. ആത്മീയനായിരിക്കുക എന്നതിനർഥം സമാധാനവും സന്തോഷവും അനുഭവിക്കുക എന്നതാണ്, അടിസ്ഥാനപരമായി അത് ദൈവത്തിൽ വിശ്വസിക്കുന്നത് ഉൾപ്പെടുന്നു' എന്നും എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.
ഹിമാലയത്തിൽ നിന്ന് തിരികെ എത്തുന്ന രജിനികാന്ത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ ജോയിൻ ചെയ്യും. ടി ജെ ജ്ഞാനവേൽ ആണ് വേട്ടയാന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗ്ഗുബതി, മഞ്ജു വാര്യർ, റിതിക സിങ്, ദുഷാര വിജയൻ, കിഷോർ, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹം, അന്ധാ കാണൂൻ, ഗെരാഫ്താർ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്‌ക്രീൻ സ്പേസ് പങ്കിട്ട രജിനികാന്തും അമിതാഭ് ബച്ചനും 32 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമിക്കുന്നത്.