'കങ്കുവ'യോട് മത്സരിക്കാൻ 'വേട്ടൈയ'നെത്തും; നേർക്കുനേർ പോരാട്ടത്തിന് രജനിയും സൂര്യയും

'കങ്കുവ'യോട് മത്സരിക്കാൻ 'വേട്ടൈയ'നെത്തും; നേർക്കുനേർ പോരാട്ടത്തിന് രജനിയും സൂര്യയും

ഏറെക്കാലത്തിന് ശേഷം തിയേറ്ററിൽ എത്തുന്ന സൂര്യ ചിത്രമാണ് 'കങ്കുവ'
Updated on
1 min read

'ജയ് ഭീം' എന്ന സിനിമക്ക് ശേഷം ടി ജെ ജ്ഞാനവേൽ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന 'വേട്ടൈയൻ' പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ചിത്രം ഒക്ടോബർ 10 ന് തീയറ്ററുകളിലെത്തുമെന്ന് അണിയറക്കാർ അറിയിച്ചു. ചിത്രത്തിൽ രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തും.

ശിവ സംവിധാനം ചെയ്ത 'കങ്കുവ'യാണ് ഇതേ ദിവസം പ്രദർശനത്തിന് എത്തുന്ന മറ്റൊരു ചിത്രം. ഏറെക്കാലത്തിന് ശേഷം തിയേറ്ററിൽ എത്തുന്ന സൂര്യ ചിത്രമാണ് 'കങ്കുവ'. 2022 ല്‍ പുറത്തിറങ്ങിയ 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിലാണ് അവസാനമായി സൂര്യ പ്രധാന കഥാപാത്രമായി എത്തിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം കൂടിയാണിത്. സമീപകാല കരിയറിൽ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് 'കങ്കുവ'. രജനി-സൂര്യ ക്ലാഷ് റിലീസിൽ ആര് നേടുമെന്ന ആകാംഷയിലാണ് സിനിമാ ആസ്വാദകർ.

എസ് ആർ കതിർ ആണ് 'വേട്ടൈയ'ന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. അൻപറിവ് മാസ്റ്റേഴ്സ് ആണ് ആക്ഷൻ രം​ഗങ്ങൾ ചിട്ടപ്പെടുത്തുന്നത്. ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരാണ് 'വേട്ടൈയ'നിൽ ഭാ​ഗമാവുന്ന മറ്റ് അഭിനേതാക്കൾ. പട്ടണം റഷീദ് മേക്കപ്പും അനു വർദ്ധൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഫിലോമിൻ രാജാണ് എഡിറ്റിംഗ്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസാണ് രണ്ടു ചിത്രങ്ങളും കേരളത്തിൽ എത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in