എം എം കീരവാണി
എം എം കീരവാണി

രാം ഗോപാല്‍ വര്‍മ്മ തന്ന ആദ്യ അവസരമാണ് ആദ്യ ഓസ്‌കര്‍ :എം എം കീരവാണി

ആര്‍ആര്‍ആര്‍ തിയേറ്റര്‍ റീലിസിന്‌റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു കീരവാണിയുടെ പ്രതികരണം
Updated on
1 min read

രാം ഗോപാല്‍ വര്‍മ്മ തന്ന ആദ്യ അവസരമാണ് തൻ്റെ ആദ്യത്തെ ഓസ്‌കറെന്ന് എംഎം കീരവാണി. ആര്‍ആര്‍ആര്‍ തിയേറ്റര്‍ റീലിസിന്‌റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു കീരവാണിയുടെ പ്രതികരണം.

രാം ഗോപാല്‍ വര്‍മ്മ തന്ന ആദ്യ അവസരമാണ് തന്റെ ആദ്യത്തെ ഓസ്‌കറെന്നും ആര്‍ജിവിയുടെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതുവരെ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ലെന്നും തന്റെ പാട്ടുകള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും കീരവാണി പറഞ്ഞു. അതിനാല്‍ അദ്ദേഹം തന്ന ആദ്യത്തെ അവസരത്തെ തന്റെ ആദ്യ ഓസ്‌കര്‍ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 'ക്ഷാണാ ക്ഷാണം' എന്ന പാട്ടായിരുന്നു കീരവാണി രാം ഗോപാല്‍ വര്‍മ്മയ്ക്കായി സംഗീത സംവിധാനം ചെയ്തത്.

കെ ബാലചന്ദര്‍, മഹേഷ് ഭട്ട്, എസ്എസ് രാജമൗലി തുടങ്ങിയ സംവിധായകര്‍ക്ക് തന്റെ ട്യൂണിനേക്കാള്‍ അവരുടെ സംബ്ജക്ടില്‍ വിശ്വാസമുണ്ട്. അത്‌കൊണ്ട് തന്നെ അവര്‍ക്ക് നല്‍കുന്ന ട്യൂണുകള്‍ അതിനി പഴയ ട്യൂണുകളാണെങ്കില്‍ പോലും അതില്‍ നിന്നും തങ്ങള്‍ക്കാവശ്യമുള്ളത് തിരഞ്ഞെടുക്കും. സമകാലികരായ മറ്റ് സംവിധായകരുടെ കാര്യം അങ്ങനെയായിരുന്നില്ല. അത്‌കൊണ്ട് അത്തരം സംവിധായകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയെന്നും കീരവാണി പറഞ്ഞു.

നാഗാര്‍ജുനയ്ക്കൊപ്പമുള്ള തന്റെ ആദ്യ ചിത്രമായ 'ശിവ'യുടെ വമ്പന്‍ വിജയത്തിന് ശേഷം ആര്‍ജിവി വളരെയധികം പ്രശംസിക്കപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ മറ്റ് സിനിമകള്‍ക്കും തന്നെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതിന് ശേഷമാണ് കീരവാണി എന്ന പേര് ലോകം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.പിന്നാലെ പല അവസരങ്ങളും തന്നെ തേടിയെത്തിയതായും കീരവാണി പറഞ്ഞു.

ആ കാലഘട്ടത്തില്‍ 'ക്ഷാണാ ക്ഷാണം' പോലൊരു അവസരം തനിക്ക് അത്യന്താപേക്ഷിതമായിരുന്നു.അതുകൊണ്ടാണ് ആര്‍ജിവി തന്ന ആദ്യ അവസരത്തെ തന്റെ ജീവിതത്തിലെ ആദ്യത്തെ ഓസ്‌കര്‍ പുരസ്‌കാരമായി കാണുന്നത്. ഇന്ന് തനിക്ക് ലഭിച്ച ഓസ്‌കര്‍ തന്റെ രണ്ടാമത്തെ പുരസ്‌കാരമാണെന്നും കീരവാണി പറഞ്ഞു. ആര്‍ജിവി തന്റെ എക്കാലത്തേയും നല്ല സുഹൃത്താണെന്നും. തിരക്ക്പിടിച്ച സമയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രൊജക്ടുകൾ സ്വീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹം ഇന്നും നല്ല സുഹൃത്തായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് കീരവാണിയുടെ 'നാട്ടു നാട്ടു' ഓസ്‌കര്‍ നേടിയത്. സംഗീത സംവിധായകന്‍ എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും ഒരുമിച്ചാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നായിരുന്നു ആര്‍ആര്‍ആര്‍ എന്ന രാജമൗലി ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചത്.

logo
The Fourth
www.thefourthnews.in