അന്ന് പൃഥ്വിരാജ് അപമാനിച്ചെന്ന് പരാതി, ഇന്ന് ആസിഫ് അലിക്കെതിരെ; വിവാദങ്ങളിലെ രമേഷ് നാരായണൻ
വീണ്ടും വിവാദങ്ങളിൽ നിറയുകയാണ് സംഗീത സംവിധായകൻ രമേഷ് നാരായണൻ. എം ടിയുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ചു എന്ന ആരോപണത്തിന്റെ പേരിലാണ് രമേഷ് നാരായണൻ വിവാദങ്ങളിൽ നിറയുന്നത്. ഇതിന് മുമ്പും വിവാദങ്ങളിൽ രമേഷ് നാരായണൻ ഇടം പിടിച്ചിരുന്നു. ഇത്തവണ രമേഷ് നാരായണൻ അപമാനിച്ചുവെന്നതാണ് ആരോപണമെങ്കിൽ മുമ്പ് നടൻ പൃഥ്വിരാജ് തന്നെ അപമാനിച്ചെന്ന് പരാതി പറഞ്ഞത് രമേഷ് നാരായണൻ തന്നെയായിരുന്നു.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു രമേഷ് നാരായണന്റെ ആരോപണം. 2016 ലെ സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചതോടെയായിരുന്നു വിവാദം ആരംഭിച്ചത്. ആ വർഷത്തെ മികച്ച ഗായകനുള്ള പുരസ്‌കാരം പി ജയചന്ദ്രനും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം രമേഷ് നാരായണനുമായിരുന്നു. ഇതിന് പിന്നാലെ തന്റെ പുരസ്‌കാരം പൃഥ്വിരാജിനുള്ള മറുപടിയാണെന്നും തന്റെ പാട്ടുകൾ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിൽ നിന്ന് പൃഥ്വിയുടെ നിർദ്ദേശ പ്രകാരം ഒഴിവാക്കിയെന്നുമായിരുന്നു രമേഷ് നാരായണന്റെ പരാമർശം.
ചിത്രത്തിന് വേണ്ടി ആറ് പാട്ടുകൾ താൻ ചെയ്തിരുന്നു. എന്നാൽ ഇതിൽ മൂന്നെണ്ണം മാത്രമാണ് പുറംലോകത്തെത്തിയത്. അതിൽ തന്നെ ശാരദാംബരം മാത്രമാണ് സിനിമയിൽ ഉപയോഗിച്ചത്. ഈ ഗാനത്തിനും കൂടിയായിരുന്നു പി ജയചന്ദ്രനും രമേഷ് നാരായണനും പുരസ്‌കാരം ലഭിച്ചത്.
''എന്നെക്കൊണ്ട് എന്നു നിന്റെ മൊയ്തീനിൽ സംഗീത സംവിധാനം ചെയ്യിച്ചതും പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്തിയതും പൃഥ്വിക്ക് ഇഷ്ടമായിരുന്നില്ല. എന്റെ പാട്ടുകൾക്ക് അക്കാദമിക് നിലവാരും മാത്രമേയുള്ളുവെന്നായിരുന്നു പൃഥ്വിയുടെ വിലയിരുത്തൽ. പാട്ടുകളെ സിനിമയിൽ ഉൾപ്പെടുത്തേണ്ടെന്നായിരുന്നു പൃഥ്വിയുടെ തീരുമാനം'' എന്നായിരുന്നു രമേഷ് നാരായണൻ പറഞ്ഞത്. ഇത്രയും വർഷത്തെ എന്റെ അനുഭവത്തിനിടയിൽ പൃഥ്വിയേയും വിമലിനേയും പോലെ എന്നെ മറ്റാരും അപമാനിച്ചിട്ടില്ല. ഇത് ആദ്യത്തെ അനുഭവമാണ് എന്നും രമേഷ് നാരായണൻ പറഞ്ഞിരുന്നു.
എം ജയചന്ദ്രനായിരുന്നു പിന്നീട് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് സംഗീതം നിർവഹിച്ചത്. വർഷങ്ങൾക്ക് ശേഷം ആസിഫ് അലിയെ അപമാനിച്ചതിന്റെ പേരിൽ രമേഷ് നാരായണനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ 'മനോരഥങ്ങൾ' ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെ കഴിഞ്ഞ ദിവസമായായിരുന്നു വിവാദത്തിനു കാരണമായ സംഭവം.
പരിപാടിയിൽ പങ്കെടുത്ത രമേഷ് നാരായണന് മെമന്റോ സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു വേദിയിലേക്കു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേഷ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. സംവിധായകൻ ജയരാജിനെ വേദിയിലേക്കു വിളിച്ചുവരുത്തിയ രമേഷ് നാരായണൻ ആസിഫിന്റെ കൈയിൽനിന്ന് മെമന്റോ എടുത്ത് ജയരാജിനു കൈമാറി. തുടർന്ന് ജയരാജിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയായിരുന്നു.
മോശം പെരുമാറ്റമാണ് രമേശ് നാരായണനിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ. അതേസമയം ആസിഫ് അലിയെ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് രമേഷ് നാരായണൻ ദ ഫോർത്തിനോട് പറഞ്ഞു. കാര്യങ്ങൾ മനസിലാക്കാതെയുള്ള സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണത്തിൽ വിഷമമുണ്ടെന്നും ആദ്യമായാണ് സൈബർ ആക്രമണത്തിന് ഇരയാകുന്നതെന്നും രമേഷ് നാരായണൻ ദ ഫോർത്തിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിലാണ് മനോരഥങ്ങൾ എന്ന ആന്തോളജിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തത്. ചിത്രം ഓഗസ്റ്റ് 15 ന് സീ 5 ലൂടെ റിലീസ് ചെയ്യും. ഉലകനായകൻ കമൽഹാസനാണ് ചിത്രം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. പ്രിയദർശൻ, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവൻ, മഹേഷ് നാരായണൻ, രഞ്ജിത്ത്, രതീഷ് അമ്പാട്ട്, എം ടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി എന്നിവരാണ് ആന്തോളജി ചിത്രങ്ങൾ സംവിധാനം ചെയ്തത്.
മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ എന്നിവരാണ് വിവിധ ചിത്രങ്ങളിൽ അഭിനയിക്കുന്നത്.