'ജൂറിയെ തിരഞ്ഞെടുത്തതിൽ 
രഞ്ജിത്തിന് റോളില്ല'; ചെയർമാനെ ന്യായീകരിച്ച് മന്ത്രി; മറുപടി രഞ്ജിത്ത്  പറയട്ടെയെന്ന് വിനയൻ

'ജൂറിയെ തിരഞ്ഞെടുത്തതിൽ രഞ്ജിത്തിന് റോളില്ല'; ചെയർമാനെ ന്യായീകരിച്ച് മന്ത്രി; മറുപടി രഞ്ജിത്ത് പറയട്ടെയെന്ന് വിനയൻ

രഞ്ജിത്ത് വളരെ മാന്യനായ, കേരളം കണ്ട ഒരു ഇതിഹാസമാണ്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി നടത്തിയ പരിപാടികൾ ഏറ്റവും ഭം​ഗിയായി നടത്തിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്
Updated on
1 min read

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്ന വിനയന്റെ ആരോപണത്തെ തളളി മന്ത്രി സജി ചെറിയാൻ. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അവാർഡിൽ ഇനിയൊരു പുനഃപരിശോനയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അവാർഡ് കിട്ടിയ മുഴവൻ അഭിനേതാക്കളും അർഹതപ്പെട്ടവരാണെന്നും ഇതിൽ രഞ്ജിത്തിന് ഒരു പങ്കുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

''ഈ ​സർക്കാർ വന്നതിനുശേഷം മൂന്ന് തവണയാണ് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ഇതുവരെ ഒരു പരാതിയും ഉയർന്നുവന്നിട്ടില്ല. ഞങ്ങളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും ഈ മൂന്ന് തവണത്തെയും പുരസ്കാര പ്രഖ്യാപനത്തെ പ്രകീർത്തിക്കുകയാണ് ചെയ്തിട്ടുളളത്. ജൂറിയുടെ തീരുമാനമാണ് ഏറ്റവും പ്രധാനം. നിഷ്പക്ഷമായ ജൂറിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്. വ്യത്യസ്ത മനോഭാവം ഉളളവരെപ്പോലും ജൂറിയിൽ ഉൾപ്പെടുത്തി നിഷ്പക്ഷമായാണ് വിലയിരുത്തലുകൾ നടത്തിയിട്ടുളളത്''-മന്ത്രി പറഞ്ഞു. ജൂറിയിൽ അം​ഗമല്ലാത്ത രഞ്ജിത്തിനെതിരെ ഉയരുന്നതെല്ലാം ആരോപണങ്ങളാണെന്നും അദ്ദേഹത്തിന് ജൂറിയിലെ ഒരംഗത്തോടും സംസാരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

'ജൂറിയെ തിരഞ്ഞെടുത്തതിൽ 
രഞ്ജിത്തിന് റോളില്ല'; ചെയർമാനെ ന്യായീകരിച്ച് മന്ത്രി; മറുപടി രഞ്ജിത്ത്  പറയട്ടെയെന്ന് വിനയൻ
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാൻ വിനയൻ; ഇടപെട്ടില്ലെങ്കിൽ കോടതിയിലേക്ക്

''രഞ്ജിത്ത് അല്ല ജൂറിയെ തിരഞ്ഞെടുത്തത്. ജൂറിയെ തിരഞ്ഞെടുക്കാൻ ഒരു നടപടിക്രമമുണ്ട്. ആ മാനദണ്ഡങ്ങൾ പാലിച്ചാണ് ജൂറിയെ തിര‍ഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ രഞ്ജിത്തിന് ഇതിൽ ഇടപെടാൻ സാധിക്കില്ല. രഞ്ജിത്ത് വളരെ മാന്യനായ, കേരളം കണ്ട ഒരു ഇതിഹാസമാണ്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി നടത്തിയ പരിപാടികൾ ഏറ്റവും ഭം​ഗിയായി നടത്തിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം''- സജി ചെറിയാൻ കൂട്ടിച്ചേർത്തു.

അവാർഡ് ലഭിക്കാത്തവർ മോശം പ്രകടനം കാഴ്ചവച്ചവരെന്ന് പറയാൻ പറ്റില്ല. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം കൊടുത്തു. അതുപോലെ നന്നായി അഭിനയിച്ചവർക്ക് പ്രത്യേക പുരസ്കാരവും നൽകി. മമ്മൂട്ടിക്ക് ആ അവാർഡ് കൊടുക്കണ്ട എന്ന് നിങ്ങൾക്ക് ആർക്കെങ്കിലും പറയാൻ കഴിയുമോ. അവാർഡ് നിർണയ സമിതിയാണ് അവാർഡുകൾ തിര‍ഞ്ഞെടുത്തത്. അത് അവതരിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും സജി ചെറിയാൻ വ്യക്തമാക്കി. താൻ പ്രഖ്യാപിച്ച അവാർഡിനെതിരെ താൻ അന്വേഷണം നടത്തണമോ എന്നും അദ്ദേഹം ചോദിച്ചു. അവാർഡ് പ്രഖ്യാപനത്തിൽ ആർക്കെങ്കിലും വിയോജിപ്പ് ഉണ്ടെങ്കിൽ നിയമപരമായി മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, അവാർഡ് നിർണയ വിവാദത്തിൽ മറുപടി പറയേണ്ടത് മന്ത്രി സജി ചെറിയാൻ അല്ലെന്നും രഞ്ജിത്ത് ആണ് വിഷയത്തിൽ പ്രതികരിക്കേണ്ടതെന്നും സംവിധായകൻ വിനയൻ പറഞ്ഞു. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കൈകടത്തിയെന്ന് ജൂറി അം​ഗമായ നേമം പുഷ്പരാജ് ആണ് പറഞ്ഞിരിക്കുന്നത്. ഇതിന് മറുപടി പറയേണ്ടത് രഞ്ജിത്ത് ആണ്.

ഇതിനെതിരെ താൻ ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും തനിക്ക് അവാർഡ് ലഭിക്കാത്തതിൽ അല്ല വിഷമമെന്നും അക്കാദമി ചെയർമാൻ ഇടപെട്ടതിലാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന് മൂന്ന് അവാർഡുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇതിലാണ് ര‍ഞ്ജിത്ത് ഇടപെടൽ നടത്തിയിരിക്കുന്നതെന്നും വിനയൻ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in