വിരാടിനെ പിന്നിലാക്കി രൺവീർ സിങ്; ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള വ്യക്തി
ഇന്ത്യയില്‍ ഏറ്റവും താര മൂല്യമുള്ള വ്യക്തികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി രണ്‍വീര്‍ സിങ്. പരസ്യങ്ങള്‍, സിനിമകള്‍, ബ്രാൻഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍, ബ്രാന്‍ഡ് അംബാസിഡര്‍ എന്നിങ്ങനെ വിനോദ മേഖലയില്‍ ഏറ്റവും താരമൂല്യമുള്ള വ്യക്തിയാണ് രണ്‍വീര്‍. 1500 കോടി രൂപയാണ് രണ്‍വീറിന്റെ പരസ്യ വിപണിയിലെ ബ്രാൻഡ് വാല്യൂ എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ബിസിനസ്സ് ടുഡേ മാഗസിന്‍ പുറത്തുവിട്ട 'സെലിബ്രിറ്റി ബ്രാൻഡ് വാലുവേഷന്‍ റിപ്പോര്‍ട്ട് 2022: ബിയോണ്ട് മെയിന്‍ സ്ട്രീം' എന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ പ്രശസ്ത വ്യക്തികളുടെ ബ്രാൻഡ് വാല്യു വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ രണ്‍വീര്‍ സിങ് സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല എന്നിരിക്കെയാണ് ഈ നേട്ടം.
ഇത്തവണ രണ്‍വീറിന് ശേഷം ഏറ്റവും ബ്രാൻഡ് വാല്യു ഉള്ള താരം വിരാട് കോഹ്‌ലിയാണ്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഒന്നാമതായിരുന്നു കോഹ്‌ലി. 1400 കോടിയാണ് കോഹ്‌ലിയുടെ ബ്രാൻഡ് വാല്യൂ.
മൂന്നാം സ്ഥാനത്ത് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറാണ്. 1200 കോടി രൂപയാണ് അക്ഷയുടെ ബ്രാൻഡ് വാല്യൂ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രക്ഷാ ബന്ധന്‍, പൃഥ്വിരാജ് സാമ്രാട്ട് തുടങ്ങിയ സിനിമകളെല്ലാം തിയറ്ററില്‍ പരാജയപ്പെട്ടിരുന്നു. എങ്കിലും രണ്‍വീര്‍ സിങ്ങിനും വിരാട്ട് കോഹ്‌ലിക്കും പുറമെ പരസ്യങ്ങള്‍ക്കും ബ്രാൻഡ് എന്‍ഡോഴ്‌സ്‌മെന്റിനും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരവുമാണ് അക്ഷയ്.
ദക്ഷിണേന്ത്യൻ താരങ്ങളിൽ അല്ലു അര്‍ജുനും രശ്മിക മന്ദാനയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പുഷ്പ ദി റൈസ് എന്ന തെലുങ്ക് ചിത്രത്തിലൂടെ ഇന്ത്യയിലൊട്ടാകെ പ്രശസ്തി നേടാന്‍ ഇരുവര്‍ക്കും സാധിച്ചു. 259 കോടി രൂപയാണ് അല്ലു അര്‍ജുന്റെ ബ്രാൻഡ് വാല്യു. പട്ടികയില്‍ 20-ാം സ്ഥാനത്താണ് അല്ലു അര്‍ജുന്‍. 209 കോടി രൂപ ബ്രാൻഡ് വാല്യൂയുമായി രശ്മിക 25-ാം സ്ഥാനത്താണ്.
ദക്ഷിണേന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് 2022 മികച്ച വര്‍ഷമായിരുന്നു. കെ.ജി.എഫ്, പുഷ്പ, ആര്‍ആര്‍ആര്‍ തുടങ്ങിയ സിനിമകള്‍ ഹിറ്റായതോടെ വിപണിയിലെ നിരവധി മുന്‍നിര ബ്രാൻഡുകളുടെ പരസ്യങ്ങളില്‍ കഴിഞ്ഞ വർഷം ദക്ഷിണേന്ത്യന്‍ താരങ്ങള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.