ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് യുവനടി
സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. യുവനടിയാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് നടി നൽകിയ പരാതി നെടുമ്പാശ്ശേരി പോലീസിന് കൈമാറി. നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.
എന്നാൽ പരാതി വ്യക്തിവിരോധം മൂലമാണെന്ന് ഒമർ ലുലു പ്രതികരിച്ചു. നേരത്തെ പരാതികാരിയായ നടിയുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് തെറ്റിപ്പിരിഞ്ഞു. സൗഹൃദം തകർന്നത്തിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും സംവിധായകൻ വ്യക്തമാക്കി.
''ഈ പെൺകുട്ടിയുമായി ഒരുപാടുനാളായുള്ള സൗഹൃദമുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു. എന്നാൽ ഇടയ്ക്ക് സൗഹൃദത്തിൽ വിള്ളൽ സംഭവിച്ചു. ആറു മാസമായി ഞങ്ങൾ തമ്മിൽ ബന്ധമില്ല. തൊട്ടുമുൻപ് ചെയ്ത സിനിമയിലും ഈ പെൺകുട്ടി അഭിനയിച്ചിരുന്നു. ഇപ്പോൾ പുതിയ സിനിമ തുടങ്ങിയപ്പോഴാണ് ഇങ്ങനെയൊരു പരാതിയുമായി പെൺകുട്ടി രംഗത്ത് വന്നത്. സിനിമയിൽ അവസരം നല്കാത്തതിലുള്ള ദേഷ്യവുമാകാം ഇങ്ങനെയൊരു പരാതിക്കു കാരണം. ചിലപ്പോൾ പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയ്‌ലിങിന്റെ ഭാഗം കൂടിയാണെന്ന് കൂടിയാണെന്ന് ആരുകണ്ടു'' ഒമർ ലുലുവിന്റെ പറഞ്ഞു.
കൊച്ചിയിൽ സ്ഥിരതാമസമാക്കിയ യുവനടിയാണ് ഒമർ ലുലുവിനെതിരെ ആരോപണം ഉന്നയിച്ചത്. പരാതി പ്രകാരം കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തും സൗഹൃദം നടിച്ചുമായിരുന്നു പീഡനം. വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഒമർ ലുലുവിന്റെ സിനിമയിൽ പരാതിക്കാരി അഭിനയിച്ചിട്ടുണ്ട്.
2016ല്‍ റിലീസ് ചെയ്ത ഹാപ്പി വെഡ്ഡിംഗ് ആണ് ഒമർലുലുവിന്റെ ആദ്യ മലയാള ചിത്രം. 'ബാഡ് ബോയ്സ്' എന്നാണ് ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക, നല്ല സമയം തുടങ്ങിയ ചിത്രങ്ങളും ഒമര്‍ ലുലു സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രത്തിൽ റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു.ഷീലു എബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.