രവീന്ദ്രൻ മാസ്റ്ററുടെ സിന്ദൂരച്ചെപ്പ്; ജയചന്ദ്രന്റേയും

രവീന്ദ്രൻ മാസ്റ്ററുടെ സിന്ദൂരച്ചെപ്പ്; ജയചന്ദ്രന്റേയും

സിന്ദൂരച്ചെപ്പ് തട്ടി മറിഞ്ഞു സന്ധ്യ പൊട്ടുകുത്താനിരുന്നപ്പോള്‍ എന്ന ഗാനമാണ് രവീന്ദ്രൻ മാസ്റ്റർ ആദ്യം ചിട്ടപ്പെടുത്തിയത് , പക്ഷെ ഗാനം പുറത്തിറങ്ങിയത് അദ്ദേഹത്തിന്റെ പേരിലായിരുന്നില്ല
Updated on
2 min read

പടത്തിലെ നാല് പാട്ടുകളില്‍ മൂന്നും പാടുന്നത് ജയചന്ദ്രന്‍. ബാക്കിയുള്ള ഒന്ന് കെ സി വര്‍ഗീസും. പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സ്റ്റുഡിയോയിലെത്തിയപ്പോള്‍ തേനാംപേട്ടിലെ സാമാ ലോഡ്ജില്‍ തനിക്കൊപ്പം താമസിക്കുന്ന കൂട്ടുകാരനെ ഓര്‍ത്തു ജയചന്ദ്രന്‍. ``എന്റെ ഒരു സഹമുറിയനുണ്ട്. നാട്ടില്‍ നിന്നു വന്ന് ഡബ്ബിംഗൊക്കെയായി കഴിയുകയാണ്. നന്നായി പാടും. എങ്കിലും സംഗീത സംവിധാനത്തിലാണ് കമ്പം. ഒരു പാട്ട് അവന് കൊടുത്തുകൂടെ?''-- അടുത്ത സുഹൃത്തും നടനുമായ സംവിധായകന്‍ വിജയനോട് ഗായകന്റെ ചോദ്യം. ആദ്യം പാട്ട് ചെയ്തു കേള്‍പ്പിക്കട്ടെ, കൊള്ളാമെങ്കില്‍ ഉപയോഗിക്കാം എന്ന് സംവിധായകന്‍.

സിന്ദൂരച്ചെപ്പ് തട്ടി മറിഞ്ഞു സന്ധ്യ പൊട്ടുകുത്താനിരുന്നപ്പോള്‍'' എന്ന ഗാനം പുറത്തിറങ്ങിയത് രവീന്ദ്രന്‍ മാസ്റ്ററുടെ പേരിലായിരുന്നില്ല . വി വിശ്വനാഥന്‍ എന്നൊരാളുടെ പേരിലാണ് ഗാനം പുറത്തിറങ്ങിയത്

ലോഡ്ജ് മുറിയിലിരുന്നു തന്നെ പാട്ട് ചിട്ടപ്പെടുത്തി ജയചന്ദ്രനെ പാടിപ്പഠിപ്പിക്കുന്നു സഹമുറിയന്‍. കോടമ്പാക്കത്തെ ഒരു ചെറുകിട സ്റ്റുഡിയോയില്‍ പാട്ട് ജയചന്ദ്രന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തു കേട്ട ആര്‍ക്കുമുണ്ടായിരുന്നില്ല ഭിന്നാഭിപ്രായം. ``കേള്‍ക്കാന്‍ ഇമ്പമുള്ള ഈണം. ആളുകള്‍ക്ക് ഇഷ്ടപ്പെടും.'' -- ഏകകണ്ഠമായിരുന്നു വിധിയെഴുത്ത്. വിജയന്റെ ആദ്യ സംവിധാന സംരംഭമാകേണ്ടിയിരുന്ന ``കാമശാസ്ത്രം'' (1979) എന്ന പടം വെളിച്ചം കണ്ടില്ല. പക്ഷേ ``സിന്ദൂരച്ചെപ്പ് തട്ടി മറിഞ്ഞു സന്ധ്യ പൊട്ടുകുത്താനിരുന്നപ്പോള്‍'' എന്ന ഗാനം രണ്ടു വര്‍ഷം കഴിഞ്ഞു റെക്കോര്‍ഡായി പുറത്തിറങ്ങിയപ്പോള്‍ ജനം ശ്രദ്ധിച്ചു. രവീന്ദ്രന്‍ മാസ്റ്ററുടെ ആദ്യ ചലച്ചിത്ര ഗാനമായി ചരിത്രത്തില്‍ ഇടം നേടേണ്ടിയിരുന്ന പാട്ട്. എന്നാല്‍ റെക്കോര്‍ഡില്‍ യഥാര്‍ത്ഥ ഗാനശില്‍പ്പിയുടെ പേരില്ല. പകരം അതാ കിടക്കുന്നു സംഗീത സംവിധായകനായി വി വിശ്വനാഥന്‍ എന്നൊരാളുടെ പേര്. പടത്തിലെ മറ്റു പാട്ടുകള്‍ സ്വരപ്പെടുത്തിയത് അദ്ദേഹമായിരുന്നു എന്നതാണ് കാരണം.

``നിരാശനാകേണ്ട. നിന്റെ ഭാഗ്യവും തെളിയും.''-- രവിയുടെ പുറത്തുതട്ടി ജയചന്ദ്രന്‍ പറഞ്ഞു. കാലം സത്യമാക്കി മാറ്റിയ പ്രവചനം.

`സിന്ദൂരച്ചെപ്പ്'' ചിട്ടപ്പെടുത്തിയ കുളത്തൂപ്പുഴ രവി എന്ന യുവാവ് അതോടെ ചിത്രത്തില്‍ നിന്ന് ബഹിഷ്‌കൃതനാകുന്നു. സ്വന്തം ഈണം ആരുടെയോ പിഴവിനാല്‍ അന്യന്റെ സ്വത്തായിത്തീരുന്നത് നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വരുന്നതിന്റെ ദുഃഖം താരതമ്യേന തുടക്കക്കാരനായ ഒരാള്‍ക്ക് എങ്ങനെ സഹിക്കാനാകും? ``നിരാശനാകേണ്ട. നിന്റെ ഭാഗ്യവും തെളിയും.''-- രവിയുടെ പുറത്തുതട്ടി ജയചന്ദ്രന്‍ പറഞ്ഞു. കാലം സത്യമാക്കി മാറ്റിയ പ്രവചനം.

യേശുദാസും രവീന്ദ്രന്‍ മാസ്റ്ററും
യേശുദാസും രവീന്ദ്രന്‍ മാസ്റ്ററും

ചൂളയിലെ താരകേ മിഴിയിതളില്‍ കണ്ണീരുമായി'' എന്ന പാട്ടിലെ ഗന്ധര്‍വ്വനാദതേജസ്സില്‍ കോരിത്തരിച്ചിരുന്നു സംഗീതപ്രേമികള്‍.

അതിനകം ``ചൂള'' (1979) യിലൂടെ മലയാളിയുടെ സംഗീത മനസ്സിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു രവീന്ദ്രന്‍. ``താരകേ മിഴിയിതളില്‍ കണ്ണീരുമായി'' എന്ന പാട്ടിലെ ഗന്ധര്‍വ്വനാദതേജസ്സില്‍ കോരിത്തരിച്ചിരുന്നു സംഗീതപ്രേമികള്‍. നവ്യമായ ഒരനുഭവമായിരുന്നു അവര്‍ക്കത്. യേശുദാസിന്റെ നാദസൗഭഗത്തോടുള്ള അകമഴിഞ്ഞ ആരാധന നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റു ഗായകര്‍ക്കും അവരുടെ ആലാപനശൈലിക്ക് ഇണങ്ങുന്ന പാട്ടുകള്‍ നല്‍കാന്‍ മറന്നില്ല രവീന്ദ്രന്‍ മാസ്റ്റര്‍; അവ എണ്ണത്തില്‍ കുറവെങ്കില്‍ കൂടി. പാലാഴി പൂമങ്കേ (പ്രശ്‌നം ഗുരുതരം), ആരും ആരും (നന്ദനം), കാക്കപ്പൂ കൈതപ്പൂ (അരയന്നങ്ങളുടെ വീട്), ആലിലത്താലിയുമായ് (മിഴി രണ്ടിലും), ഏകാകിയാം (എന്റെ ഹൃദയത്തിന്റെ ഉടമ) എന്നിവ ജയചന്ദ്രന് വേണ്ടി മാസ്റ്റര്‍ ഒരുക്കിയ ഈണങ്ങള്‍

logo
The Fourth
www.thefourthnews.in