മോഹൻലാലിനോട് മംഗലശ്ശേരി നീലകണ്ഠൻ പറഞ്ഞു: ''നിന്നേക്കാൾ വില്ലനാണ് ഞാൻ''
ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി മുല്ലശ്ശേരിയിലെ തണുത്തുറഞ്ഞ നിലത്തിരുന്ന് തബലയിൽ താളവിസ്മയം തീർക്കുന്ന രഘുവേട്ടൻ എന്ന രഘുകുമാർ. കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് ഹാർമോണിയവുമായി സല്ലപിക്കുന്ന ജെറി അമൽദേവ്. മടിയിലെ തലയിണയിൽ മൃദുവായി താളമിട്ട് സുഹാനി രാത് ഢൽ ചുകീ എന്ന റഫി ഗാനം പാടുന്ന സാക്ഷാൽ ഗാനഗന്ധർവൻ. കയ്യിലെ പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരുന്ന് ഈണത്തിൽ, താളത്തിൽ കവിത ചൊല്ലുന്ന ഗിരീഷ് പുത്തഞ്ചേരി....
തീർന്നില്ല. കാഴ്ചക്കാരായി ബാബുരാജിനേയും ദേവരാജൻ മാഷേയും അർജ്ജുനൻ മാഷേയും പോലുള്ള മഹാ സംഗീത സംവിധായകർ. എം ടിയേയും വി കെ എന്നിനെയും തിക്കോടിയനെയും എൻ പി മുഹമ്മദിനേയും യു എ ഖാദറെയും പോലുള്ള എണ്ണം പറഞ്ഞ എഴുത്തുകാർ. മോഹൻലാലിനെയും മമ്മൂട്ടിയെയും മുരളിയേയും നെടുമുടിയേയും ഭരത് ഗോപിയെയും രേവതിയേയും പോലുള്ള നടീനടന്മാർ. രഞ്ജിത്തിനെയും ജയരാജിനെയും വി എം വിനുവിനേയും പോലുള്ള സംവിധായകർ. ജയേട്ടനെയും വേണുഗോപാലിനെയും ഉണ്ണിമേനോനേയും ചിത്രയേയും സുജാതയേയും സതീഷ് ബാബുവിനേയും രാജലക്ഷ്‌മിയെയും പോലുള്ള പാട്ടുകാർ.....
പിന്നെ ഇവരിലൊന്നും പെടാത്ത കുറെ സാധാരണക്കാർ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്നവർ. സംഗീതത്തോടും മുല്ലശ്ശേരി രാജഗോപാലിനോടുമുള്ള ആത്മാർത്ഥ സ്നേഹം കൊണ്ട് മാത്രം മുടങ്ങാതെ മുല്ലശ്ശേരിയുടെ പടികടന്നെത്തുന്ന `തീർത്ഥാടകർ'.
മുല്ലശ്ശേരിയുമായുള്ള എന്റെ പതിറ്റാണ്ടുകൾ നീണ്ട പ്രണയബന്ധത്തിന്റെ വ്യത്യസ്ത ദശകളെ, ഋതുക്കളെ ഒരു കൊളാഷ് പോലെ കൂട്ടിയിണക്കുന്ന മുഖങ്ങളാണവ. രാജുമ്മാമയുടെ വേർപാടിന് ഇരുപത് വർഷം തികയുമ്പോൾ, (സെപ്റ്റംബർ 19) ഒരിക്കലും തിരിച്ചുവരാനിടയില്ലാത്ത ആ കാലത്തേക്ക്, മായാത്ത മുഖങ്ങളിലേക്ക് തിരികെ നടക്കുന്നു മനസ്സ്.
എല്ലാ അർത്ഥത്തിലും റൊമാന്റിക്. ജീവിതത്തെ എന്നപോലെ മരണത്തേയും പ്രണയിച്ച ഒരാൾ.
കഴിഞ്ഞ ദിവസം മുല്ലശ്ശേരിയിലെ കിടപ്പുമുറിയുടെ ഏകാന്തമൂകതയിൽ വീണ്ടും ചെന്ന് നിന്നപ്പോൾ ആ ദൃശ്യങ്ങൾ വീണ്ടും കണ്മുന്നിൽ തെളിഞ്ഞു. കാതിൽ പശ്ചാത്തല സംഗീതം പോലെ രാജുമ്മാമയുടെ സ്നേഹസാന്ദ്രമായ ശബ്ദവും. ``ദേവാസുര''ത്തിലൂടെ രഞ്ജിത്തും ഐ വി ശശിയും ചേർന്ന് അനശ്വരനാക്കിത്തീർത്ത മംഗലശ്ശേരി നീലകണ്ഠന്റെ ശബ്ദമായിരുന്നില്ല അത്. ജീവിതം മുഴുവൻ സംഗീത സൗഹൃദങ്ങൾക്ക് വേണ്ടി സമർപ്പിച്ചുകൊണ്ട് സ്വന്തം കിടപ്പുമുറിയെ ഒരു ഗാനോത്സവവേദിയാക്കി മാറ്റിയ സാധാരണക്കാരനായ ഒരു അസാധാരണ മനുഷ്യന്റെ പ്രസാദാത്മക ശബ്ദം.
പ്രസാദാത്മകം എന്ന് അടിവരയിട്ടു പറയണം. കാരണം, ഒരിക്കലും നിഷേധാത്മക ചിന്തകൾ പ്രോത്സാഹിപ്പിച്ചിരുന്നില്ല രാജുമ്മാമ. ശരീരത്തിന്റെ ഒട്ടുമുക്കാലും തളർന്ന് സ്വന്തം മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ മിക്കവാറും നിശ്ചലനായി കഴിയുമ്പോഴും ജീവിതം ആഘോഷമാക്കാൻ കൊതിച്ചു അദ്ദേഹം; സ്വന്തം ജീവിതം മാത്രമല്ല, മറ്റുള്ളവരുടേയും.
എല്ലാ അർത്ഥത്തിലും റൊമാന്റിക്. ജീവിതത്തെ എന്നപോലെ മരണത്തേയും പ്രണയിച്ച ഒരാൾ. കാലൊച്ച കേൾപ്പിക്കാതെ പിൻവാതിലിലൂടെ കടന്നുവന്ന്, ഉറങ്ങിക്കിടക്കുന്ന തന്നെ ഉമ്മകൾ കൊണ്ടു മൂടുന്ന സ്വപ്നസുന്ദരിയായിരുന്നു രാജുമ്മാമയ്ക്ക് മരണദേവത.
വർണ്ണാഭമായിരുന്നു രാജുമ്മാമയുടെ മരണസങ്കൽപ്പങ്ങൾ പോലും; അങ്ങേയറ്റം കാല്പനികവും. മരിച്ചാൽ ചെയ്യേണ്ട ക്രിയകൾ എന്തൊക്കെയെന്ന് ഒരിക്കൽ അടുത്തു വിളിച്ചിരുത്തി വിവരിച്ചു തന്നിട്ടുണ്ട്
ഒടുവിൽ ഒരു പുലരിയിൽ അവൾ വന്നപ്പോൾ, ചുണ്ടിലൊരു മന്ദസ്മിതവുമായി മയങ്ങിക്കിടക്കുകയായിരുന്നു രാജുമ്മാമ; ആ വരവ് പ്രതീക്ഷിച്ചിട്ടെന്നപോലെ. മുല്ലശ്ശേരിയുടെ പൂമുഖത്ത് കൊളുത്തിവെച്ച ചന്ദനത്തിരികൾക്കിടയിൽ നിശ്ചലനായി മലർന്നുകിടക്കുമ്പോഴും ചിരി മാഞ്ഞിരുന്നില്ല മുഖത്തുനിന്ന്. ആശിച്ച ചുംബനങ്ങൾ, ആശ്ലേഷങ്ങൾ കൈവന്നതിന്റെ ആഹ്ളാദമാണോ? അറിയില്ല.
വർണ്ണാഭമായിരുന്നു രാജുമ്മാമയുടെ മരണസങ്കൽപ്പങ്ങൾ പോലും; അങ്ങേയറ്റം കാല്പനികവും. മരിച്ചാൽ ചെയ്യേണ്ട ക്രിയകൾ എന്തൊക്കെയെന്ന് ഒരിക്കൽ അടുത്തു വിളിച്ചിരുത്തി വിവരിച്ചു തന്നിട്ടുണ്ട് എനിക്ക്: ``കുളിപ്പിച്ച് സുന്ദരനാക്കി പൗഡറിട്ട് കിടത്തണം . സ്കോച്ച് വിസ്കി കൊണ്ടേ കുളിപ്പിക്കാവൂ . പൊലീസുകാർ ചുറ്റും നിന്ന് വെടിവഴിപാട് നടത്തുന്നതിൽ വിരോധമില്ല . പക്ഷെ പുരുഷ പോലീസ് വേണ്ട. സുന്ദരികളായ വനിതാ പോലീസുകാർ മതി. മറ്റൊരാഗ്രഹം കൂടിയുണ്ട്. എന്നെ കൊണ്ടുപോകും വഴി, മധുരപ്പതിനേഴുകാരികളുടെ ഒരു ഗാഡ് ഓഫ് ഓണർ വേണം. പശ്ചാത്തലത്തിൽ റഫിയുടെയും യേശുദാസിന്റെയും സുശീലയുടെയും പ്രണയഗാനങ്ങൾ മുഴങ്ങിക്കൊണ്ടേയിരിക്കണം. ശരിക്കും ഒരു ആഘോഷമാക്കണം എന്റെ മരണം , ഇല്ലെങ്കിൽ ഈ ആത്മാവിനു ശാന്തി കിട്ടില്ല .''
1970 കളുടെ തുടക്കത്തിലെന്നോ വയനാടൻ ചുരത്തിൽ വെച്ചുണ്ടായ ഒരു ബൈക്കപകടമാണ് രാജുമ്മാമയെ എന്നെന്നേക്കുമായി കിടക്കയിൽ തളച്ചത്. കാൽവിരലിൽ നിന്ന് പതുക്കെ കയറി വന്ന തരിപ്പ് കഴുത്തറ്റം എത്താൻ ഒന്ന് രണ്ടു വർഷമെടുത്തു എന്ന് മാത്രം. എണ്ണകളും തൈലങ്ങളും ഗുളികകളും ഒക്കെ വിധിയോട് തോറ്റു തുന്നം പാടിയിരുന്നു അതിനകം. കഴുത്തിൽ നിന്ന് ആ തളർച്ച മുകളിലേക്ക് പടരാതെ തടഞ്ഞത് രാജുമ്മാമയുടെ ഉറച്ച മനസ്സാണെന്ന് തോന്നിയിട്ടുണ്ട് . ``മറ്റെല്ലാ അവയവങ്ങളും നിശ്ചലമായാലും കാതുകളെ വെറുതെ വിടണേ എന്നായിരുന്നു അന്നൊക്കെ ഈശ്വരനോടുള്ള എന്റെ പ്രാർത്ഥന. കേൾവി നശിച്ചാൽ പിന്നെങ്ങനെ പാട്ട് കേൾക്കും ? നിശബ്ദത സഹിക്കാനാവില്ല എനിക്ക്, ഭ്രാന്തു പിടിക്കും .''
സത്യമായിരുന്നു അത്. ആൾക്കൂട്ടങ്ങളെയും ശബ്ദഘോഷത്തേയും എന്നും മതിമറന്നു സ്നേഹിച്ചു അമ്മാമ; ഏകാന്തതയെ വെറുത്തു . രാവും പകലുമെന്നില്ലാതെ ടേപ്പ് റെക്കോർഡറും ഗ്രാമഫോണും അദ്ദേഹത്തിനു വേണ്ടി പാടിക്കൊണ്ടേയിരുന്നു; അല്ലാത്തപ്പോൾ നിലത്തു ജമുക്കാളം വിരിച്ചിരുന്നു കോഴിക്കോട്ടെ പാട്ടുകാരും - റഫിയുടേയും യേശുദാസിന്റെയും മെഹ്ദി ഹസ്സന്റെയും ഗുലാം അലിയുടെയും തലത്തിന്റെയും ഒക്കെ ഗാനങ്ങൾ മുഴങ്ങിയ മെഹഫിലുകൾ. മദ്യചഷകങ്ങൾ നിറയുകയും ഒഴിയുകയും വീണ്ടും നിറയുകയും ചെയ്തുകൊണ്ടിരിക്കും അപ്പോൾ.
തന്നെ കാണാനെത്തിയ ദേവാസുരത്തിലെ നായകൻ മോഹൻലാലിനോട് ഒരിക്കൽ രാജുമ്മാമ പറഞ്ഞു : ``ലാലേ സത്യത്തിൽ നിന്റെ നീലകണ്ഠൻ എത്ര മാന്യനാ. എന്റെ വില്ലത്തരത്തിന്റെ പകുതിയേ ഉള്ളൂ അവന്റെ കയ്യിൽ.
തന്നെ കാണാനെത്തിയ ദേവാസുരത്തിലെ നായകൻ മോഹൻലാലിനോട് ഒരിക്കൽ രാജുമ്മാമ പറഞ്ഞു : ``ലാലേ സത്യത്തിൽ നിന്റെ നീലകണ്ഠൻ എത്ര മാന്യനാ. എന്റെ വില്ലത്തരത്തിന്റെ പകുതിയേ ഉള്ളൂ അവന്റെ കയ്യിൽ. മൂർഖൻ പാമ്പ് കടിച്ചാൽ ഏശാത്തവനാ ഞാൻ. കടിച്ചാൽ കടിച്ച പാമ്പ് ചത്തിരിക്കും...''
ലാൽ അത് വിശ്വസിച്ചോ ആവോ. വെറുതെ പറയുകയായിരുന്നു രാജുമ്മാമ എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കറിയാം . നന്മയും സ്നേഹവുമായിരുന്നു ആ മനസ്സ് നിറയെ. ആരോടുമില്ല തരിമ്പും പക . ഏതു മുണ്ടക്കൽ ശേഖരനെയും സ്നേഹമസൃണമായ ഒരു പുഞ്ചിരി കൊണ്ട് കീഴ്പ്പെടുത്താൻ കഴിയുമായിരുന്നു അദ്ദേഹത്തിന്. അൽപമെങ്കിലും കോപിച്ചു കണ്ടിട്ടുള്ളത് സഹതാപ പ്രകടനവും മുതലക്കണ്ണീരുമായി എത്തുന്നവരോട് മാത്രം. കോടീശ്വരന്മാർക്കും ഗതികിട്ടാപാവങ്ങൾക്കും തുല്യ നീതിയായിരുന്നു രാജുമ്മാമയുടെ സദസ്സിൽ.
ഇരുപത് വർഷങ്ങൾക്ക് മുൻപൊരു സെപ്റ്റംബർ 19 ന് മുല്ലശ്ശേരിയുടെ പൂമുഖത്ത് കണ്ണുകളടച്ച് നിശ്ചലനായി നീണ്ടു നിവർന്നുകിടന്ന രാജുമ്മാമയുടെ മുഖത്ത് നോക്കി നിൽക്കുമ്പോൾ ഉള്ളിലൊരു വിങ്ങലുണ്ടായിരുന്നു. എല്ലാ നിയന്ത്രണവും ഭേദിച്ച് ഏതു നിമിഷവും പൊട്ടിച്ചിതറുമായിരുന്ന ഒരു ഗദ്ഗദം.
എന്നിട്ടും കരഞ്ഞില്ല. കരയാൻ പാടില്ലായിരുന്നു. ``ഞാൻ മരിച്ചു കിടക്കുമ്പോൾ കരഞ്ഞു പോകരുത് ആരും . വിലകുറഞ്ഞ സെൻറിമെൻറ്സ് എനിക്കിഷ്ടല്ല . ആരെങ്കിലും കരഞ്ഞു കണ്ടാൽ എഴുന്നേറ്റുവന്ന് രണ്ടെണ്ണം പൊട്ടിക്കും ഞാൻ ..'' ഇതാ ഇപ്പോഴും കാതിൽ മുഴങ്ങുന്നു ആ ശബ്ദം.