വിദ്യാസാഗർ ഞങ്ങൾക്ക് വേണ്ടി പാടി: "മലരേ മൗനമാ"...

വിദ്യാസാഗർ ഞങ്ങൾക്ക് വേണ്ടി പാടി: "മലരേ മൗനമാ"...

മെലഡിയുടെ രാജകുമാരനായ സംഗീത സംവിധായകൻ വിദ്യാസാഗറിന് ഇന്ന് ഷഷ്ടിപൂർത്തി . വിദ്യാജിയുടെ ക്ലാസിക് ഗാനങ്ങളിൽ ഒന്ന് ആദ്യമായി കേട്ട നിമിഷം ഓർത്തെടുക്കുകയാണ് രവി മേനോൻ
Updated on
3 min read

സദാ ചിരിക്കുന്ന മുഖമുള്ള സുന്ദരനായ ചെറുപ്പക്കാരനെ അടുത്തു വിളിച്ചുവരുത്തി മാധവേട്ടൻ പരിചയപ്പെടുത്തി: "അറിയില്ലേ? എ ആർ റഹ്‌മാന് ഭീഷണിയാകാൻ പോകുന്ന മ്യൂസിക് ഡയറക്ടർ ആണ്.''

തെല്ലു ലജ്ജ കലർന്ന പുഞ്ചിരിയോടെ, "ഏയ് അങ്ങനെയൊന്നുമില്ല, ജീവിച്ചു പൊക്കോട്ടെ'' എന്ന് പറയാതെ പറഞ്ഞുകൊണ്ട്, ചെന്നൈ മീഡിയ ആർട്ടിസ്റ്റ്സ് സ്റ്റുഡിയോയ്ക്ക് മുന്നിൽ വിനയാന്വിതനായി എന്നെ നോക്കിനിന്ന യുവാവിന്റെ പേര് വിദ്യാസാഗർ

സൗമ്യമധുരമായ ആ ചിരിയിൽ നിന്നായിരുന്നു സംഗീതയാത്രയിലെ ഏറ്റവും അമൂല്യ സൗഹൃദങ്ങളിലൊന്നിന്റെ തുടക്കം. അടുത്ത ബന്ധുവും മാഗ്നസൗണ്ട് ഓഡിയോ കാസറ്റ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന മാധവദാസ് എന്ന മാധവേട്ടന് നന്ദി.

വിദ്യാസാഗറിനൊപ്പം രവി മേനോൻ
വിദ്യാസാഗറിനൊപ്പം രവി മേനോൻ

അരങ്ങേറിയിട്ട് വർഷം അഞ്ചായെങ്കിലും തെന്നിന്ത്യൻ സിനിമയുടെ ക്രീമി ലെയറിൽ ഇടം നേടിയിട്ടില്ല അന്നദ്ദേഹം

1990 കളുടെ മദ്ധ്യം. ``കർണ്ണ'' എന്ന സിനിമയിലെ പാട്ടുകൾ റെക്കോർഡ് ചെയ്തിട്ട് അധികമായിരുന്നില്ല. അടുത്ത പടമായ "പശുംപൊന്നി"ന്റെ ജോലികളുമായി സ്റ്റുഡിയോയിൽ എത്തിയതാണ് വിദ്യ. "പൂമണ''ത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറിയിട്ട് വർഷം അഞ്ചായെങ്കിലും തെന്നിന്ത്യൻ സിനിമയുടെ ക്രീമി ലെയറിൽ ഇടം നേടിയിട്ടില്ല അന്നദ്ദേഹം. എങ്കിലും ചെയ്ത പാട്ടുകളിൽ എല്ലാം ഉണ്ടായിരുന്നു സവിശേഷമായ ആ വിദ്യാസ്പർശം.

മീഡിയ ആർട്ടിസ്റ്റിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകളിലൊന്നിൽ ചാരിനിന്നുകൊണ്ട് അന്ന് വിദ്യ സംസാരിച്ചതേറെയും അതേ സ്റ്റുഡിയോയിൽ പിറന്നുവീണ "കർണ്ണ''യിലെ പാട്ടിനെക്കുറിച്ചാണ്. സിനിമാജീവിതത്തിൽ തനിക്കൊരു ബ്രേക്ക് ആകുമെന്ന് വിദ്യ പ്രതീക്ഷിച്ചിരുന്ന പാട്ട്.

"രാത്രി ഒൻപത് മണി കഴിഞ്ഞാൽ റെക്കോർഡ് ചെയ്യുന്ന പതിവില്ല എസ് പി ബി സാറിന്. എന്റെ പാട്ട് പാടാൻ അദ്ദേഹം എത്തുമ്പോൾ ഏഴര. ഇനിയിപ്പോൾ റെക്കോർഡിംഗ് പൂർത്തിയാക്കാൻ സമയമില്ല എന്നായി ബാലു സാർ. പാട്ടൊന്ന് കേട്ടുനോക്കൂ, എന്നിട്ട് എന്ത് വേണമെങ്കിലും തീരുമാനിച്ചോളൂ എന്ന് ഞാൻ.''

യുഗ്മഗാനമാണ്. ഒപ്പം പാടേണ്ട എസ് ജാനകി അവരുടെ ഭാഗം നേരത്തെ പാടിവെച്ചിരുന്നു. ജാനകിയമ്മയുടെ ആലാപനം കേട്ടു തുടങ്ങിയതോടെ ബാലു സാറിന്റെ ഭാവം മാറി. ഒരക്ഷരം മിണ്ടാതെ പാട്ട് വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു അദ്ദേഹം. ശാഠ്യങ്ങളെല്ലാം അതോടെ അവയുടെ പാട്ടിന് പോയി. തൃപ്തി വരാതെ തന്റെ ഭാഗം ആവർത്തിച്ചാവർത്തിച്ച് പാടി ഒടുവിൽ ബാലു സാർ സ്റ്റുഡിയോ വിടുമ്പോൾ സമയം പാതിരാത്രിയും കടന്നുപോയിരുന്നു.

"റെക്കോർഡിങ് കഴിഞ്ഞു കൺസോളിൽ വന്ന് എന്നോടും സംവിധായകൻ ശെൽവയോടും നായകൻ അർജുനോടുമായി അദ്ദേഹം പറഞ്ഞു: എന്തിന് ആയിരം പാട്ട് പാടണം? വർഷത്തിലൊരിക്കൽ ഇതുപോലൊരു പാട്ട് കിട്ടിയാൽ പോരേ? ഒരു അപേക്ഷയുണ്ട്; ഇത് നന്നായി ചിത്രീകരിക്കണം.''

പാട്ട് ഏതെന്ന് ഞാൻ പറയാതെ തന്നെ അറിയാം നിങ്ങൾക്ക്: ``മലരേ മൗനമാ വേദമാ, മലർകൾ പേശുമാ..''

സിനിമാലോകത്ത് ചുവടുറപ്പിച്ചുകൊണ്ടിരുന്ന ഒരു യുവസംഗീത സംവിധായകന് കിട്ടാവുന്ന ഏറ്റവും വലിയ പ്രോത്സാഹനമായിരുന്നു എസ് പി ബിയുടെ വാക്കുകളെന്ന് വിദ്യ. ഹൃദയസ്പർശിയായ ആ അനുഭവം വിവരിക്കുമ്പോൾ പലപ്പോഴും വികാരാധീനനായി അദ്ദേഹം. ഓർമ്മയിൽ നിന്ന് "മലരേ മൗനമാ''യുടെ പല്ലവി വിദ്യ മൂളിത്തന്നപ്പോൾ അത്ഭുതത്തോടെ പരസ്പരം നോക്കി ഞങ്ങൾ -- മാധവേട്ടനും ഞാനും.

``ദിസ് ഈസ് എ ഷുവർ ഹിറ്റ്, വിദ്യ.''-- മാധവദാസ്‌ പറഞ്ഞു. എനിക്കും ഉണ്ടായിരുന്നില്ല മറിച്ചൊരഭിപ്രായം.

ഇന്നോർക്കുമ്പോൾ ആ സന്തോഷം അനുപമം. തലമുറകൾ ഏറ്റുപാടുന്ന ഒരു ക്ലാസിക് ഗാനം ആദ്യം കേൾക്കാൻ അവസരമുണ്ടായവരിൽ ഒരാളാകാൻ കഴിഞ്ഞല്ലോ; അതും ആ ഗാനത്തിന്റെ സ്രഷ്ടാവിൽ നിന്നുതന്നെ. പാട്ടിനൊപ്പമുള്ള യാത്ര പകർന്നുതന്ന അപൂർവ സൗഭാഗ്യങ്ങളിൽ ഒന്ന്.

അതേ ചെന്നൈ യാത്രയിൽ ജാനകിയമ്മയെ അവരുടെ വീട്ടിൽ ചെന്ന് കണ്ടപ്പോഴും പുറത്തിറങ്ങിയിട്ടില്ലാത്ത "കർണ്ണ''യിലെ പാട്ടായിരുന്നു ചർച്ചാവിഷയം. "നല്ലൊരു മെലഡി പാടാൻ കഴിഞ്ഞതിന്റെ സന്തോഷവുമായാണ് ഞാൻ എന്റെ ഭാഗം തീർത്ത് തിരിച്ചുപോന്നത്. പക്ഷേ ബാലുവിന്റെ ശബ്ദത്തോടു കൂടി പാട്ട് പൂർണ്ണ രൂപത്തിൽ കേട്ടപ്പോൾ, വിശ്വസിക്കാനായില്ല. ഞാൻ പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് ഉയർന്നിരിക്കുന്നു മലരേ മൗനമാ.. അടുത്തൊരു ദിവസം അർജ്ജുൻ ഒരു പൂച്ചെണ്ടുമായി എന്നെ ഇവിടെ വന്നു കണ്ടപ്പോഴും അത്ഭുതമായിരുന്നു. നല്ലൊരു പാട്ടായിരുന്നെങ്കിലും ഇത്രയും വലിയൊരു ഹിറ്റായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.''

ഒന്നുകൂടി പറഞ്ഞു ജാനകിയമ്മ. ``വിദ്യയും ബാലുവും എന്നെ ശരിക്ക് മനസ്സിലാക്കിയവർ. എന്റെ ആലാപനത്തിന് ഏറ്റവും ഇണങ്ങുന്ന ഭാവം ഏതെന്ന്‌ വിദ്യക്കറിയാം. എന്റെ ശബ്ദത്തോട് ചേർന്ന് നിൽക്കേണ്ട ഭാവം ഏതെന്ന് ബാലുവിനും. ഞങ്ങൾ തമ്മിലുള്ള ഈ കെമിസ്ട്രി തന്നെയാവണം ഒരുമിച്ചു നിന്നു പാടാതിരുന്നിട്ടും "മലരേ മൗനമാ'യെ ഒന്നാന്തരമൊരു യുഗ്മഗാനമാക്കി മാറ്റിയത്.''

"കർണ്ണ'' പുറത്തിറങ്ങിയത് 1995 ഏപ്രിലിൽ. സൂപ്പർ ഹിറ്റായിരുന്നു പടവും പാട്ടും. "എന്റെ സംഗീതജീവിതത്തിൽ വഴിത്തിരിവായി മാറിയ പാട്ടാണ് മലരേ മൗനമാ.''-- വിദ്യ പറയും. "ആ ഒരൊറ്റ പാട്ടിന്റെ പേരിൽ നെതർലൻഡ്സിലെ ഒരു എഫ് എം റേഡിയോ സ്റ്റേഷൻ എന്നെ അക്കാലത്ത് ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിനിപ്പുറവും ആ ഗാനത്തെ ഹൃദയത്തോട് ചേർത്തുവെക്കുന്നവരെ കണ്ടുമുട്ടുമ്പോൾ സന്തോഷം തോന്നും..''

വിദ്യയുമായുള്ള ആദ്യകൂടിക്കാഴ്ച്ചക്ക് പ്രായം 28 വയസ്സ്. പിന്നീട് എത്രയെത്ര സമാഗമങ്ങൾ; സ്നേഹക്കൂട്ടായ്മകൾ, സംഭാഷണങ്ങൾ, അഭിമുഖങ്ങൾ... "ഞാൻ കണ്ട ഏറ്റവും റൊമാന്റിക് ആയ സംഗീത സംവിധായകനാണ് വിദ്യ.''-- ഞാൻ പറയും. ``നിങ്ങളുടെ അത്ര വരില്ല.''-- ചിരിച്ചുകൊണ്ട് വിദ്യയുടെ സ്ഥിരം മറുപടി.

പക്ഷേ ഞാൻ പറഞ്ഞതാണ് സത്യം. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയ്ക്ക് ഹൃദയത്തെ പ്രണയസുരഭിലമാക്കിയ പാട്ടുകൾ ഭൂരിഭാഗവും വിദ്യയുടെ ഈണങ്ങളായിരുന്നു: ആരോ വിരൽ നീട്ടി, പിന്നെയും പിന്നെയും, ഒരു രാത്രി കൂടി വിടവാങ്ങവേ, വരമഞ്ഞളാടിയ, മറന്നിട്ടുമെന്തിനോ, ആരാരും കാണാതെ, ആരൊരാൾ പുലർമഴയിൽ, പ്രണയമണി തൂവൽ, കാത്തിരിപ്പൂ കണ്മണി, എത്രയോ ജന്മമായ്, നിലാമലരേ… തമിഴിലാണെങ്കിൽ നീ കാറ്റ് ഞാൻ മരം, പൊയ് സൊല്ല കൂടാത കാതലി, അൻപേ അൻപേ, കൊഞ്ചനേരം, മൗനമേ പാർവയായ്, കാട്രിൻ മൊഴിയേ…

സിനിമാസംഗീതത്തോടൊപ്പമുള്ള യാത്രയിൽ എനിക്ക് വീണുകിട്ടിയ ഏറ്റവും സുന്ദരമായ സൗഹൃദത്തിന്റെ ഓർമ്മയിൽ, വിദ്യയ്ക്ക് ഷഷ്ടിപൂർത്തി ആശംസകൾ... ഈ ആഹ്ളാദ നിമിഷങ്ങളുടെ ഭാഗമാകാൻ പ്രിയപ്പെട്ട മാധവദാസ് ഒപ്പമില്ല എന്നത് സ്വകാര്യ ദുഃഖം.

logo
The Fourth
www.thefourthnews.in