ഓണത്തിനു തീയേറ്ററുകളെ പൂരപ്പറമ്പാക്കിമാറ്റിയ മൾട്ടി സ്റ്റാർ ചിത്രം ആർഡിഎക്സ് 100 കോടി ക്ലബിൽ ഇടം പിടിച്ചു. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തത്. ഓഗസ്റ്റ് 25ന് റിലീസായ ചിത്രത്തിന്റെ ആദ്യഷോ കഴിഞ്ഞത് മുതൽ മികച്ച അഭിപ്രായമാണ് ലഭിച്ചത്.
29 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചത്. ദുൽഖർ സൽമാന്റെ 'കിങ് ഓഫ് കൊത്ത', നിവിൻ പോളിയുടെ 'ബോസ് ആൻഡ് കോ' എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു ആർഡിഎക്സ് റിലീസ് ചെയ്തത്. എന്നാൽ ആക്ഷൻ ചിത്രമായ ആർഡിഎക്സാണ് പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയത്. ഈ വർഷം പുറത്തിറങ്ങിയ ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018: എവരിവൺ ഈസ് എ ഹീറോ' ആണ് അവസാനമായി മലയാളത്തിൽനിന്ന് 100 കോടി ക്ലബ്ബിലെത്തിയ ചിത്രം. ഈ വർഷം 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ആർഡിഎക്സ്.
മോഹൻലാൽ ചിത്രം പുലിമുരുകനാണ് മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിലെത്തിയ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ, ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് എന്നിവയും നൂറുകോടി ക്ലബ്ബിലെത്തിയിരുന്നു. 2018 ആണ് ഏറ്റവും വേഗത്തിൽ നൂറുകോടി ക്ലബ്ബിലെത്തിയ മലയാളചിത്രം. 2018ൽ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി വന്ന ചിത്രം 11 ദിവസം കൊണ്ടായിരുന്നു ക്ലബ്ബിലെത്തിയത്.
മുൻപ് മലയാളത്തിലിറങ്ങിയ അജഗജാന്തരം, തല്ലുമാല പോലുള്ള ആക്ഷൻ ചിത്രങ്ങളേക്കാൾ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ് ആർഡിഎക്സ്. ലിയോ, വിക്രം പോലെയുള്ള വമ്പൻ സിനിമകൾക്ക് ആക്ഷൻ കൊറിയോഗ്രഫി ചെയ്ത അൻപ്, അറിവ് മാസ്റ്റേഴ്സ് ആയിരുന്നു ആർ ഡി എക്‌സിലെ സ്റ്റണ്ട് രംഗങ്ങൾക്ക് പിന്നിൽ.
ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങളായി അണിനിരന്നത്.