'നീല നിലവേ'യ്ക്ക് പിന്നാലെ എത്തിയ ഭാഗ്യം; കമൽഹാസന്റെ ഷങ്കർ ചിത്രം ഇന്ത്യൻ 2 വിന് പാട്ടെഴുതി മനു മഞ്ജിത്ത്
ലൗ ആക്ഷൻ ഡ്രാമയിലെ 'കുടുക്കു പൊട്ടിയ കുപ്പായം', ജേക്കബിൻ്റെ സ്വർഗരാജ്യത്തിലെ 'തിരുവാവണി രാവ്', മോഹൻലാലിലെ 'ലാലേട്ടാ', മിന്നൽ മുരളിയിലെ 'ഉയിരേ ഒരു ജന്മം നിന്നെ', ഈ ഗാനങ്ങളെല്ലാം മലയാളികൾ ഏറ്റു പാടിയപ്പോൾ അടുത്തിടെ ഇറങ്ങിയ ആർഡിഎക്സിലെ 'നീല നിലവേ' സംഗീതലോകം ഒന്നായി ഏറ്റെടുത്തു. ഗാനരചയിതാവായ മനു മഞ്ജിത്താണ് ഈ ഗാനങ്ങൾക്കെല്ലാം വരികൾ എഴുതിയത്.
നീല നിലവേ നൽകിയ നേട്ടത്തിനൊടുവിൽ ഷങ്കർ - കമൽഹാസൻ ചിത്രം ഇന്ത്യൻ 2 വിനുവേണ്ടി പാട്ടെഴുതാനായതിൻ്റെ സന്തോഷത്തിലാണ് മനു. ഇന്നലെ ഇറങ്ങിയ ഇന്ത്യൻ 2 ഇൻട്രോയുടെ മലയാളം പതിപ്പിൽ കം ബാക്ക് ഇന്ത്യൻ എന്ന് തുടങ്ങുന്ന ഗാനം കേൾക്കാം.
ഈ അവസരം വിലമതിക്കാനാകാത്തത്
ഷങ്കർ സാറിൻ്റെ സിനിമകൾ കണ്ടാണ് നമ്മൾ ബ്രഹ്മാണ്ഡം എന്ന വാക്കിൻ്റെ അർത്ഥം തന്നെ മനസിലാക്കിയത് അല്ലേ? അപ്പോൾ അങ്ങനെയൊരു സംവിധായകൻ്റെ ചിത്രത്തിനുവേണ്ടി പാട്ടെഴുതാൻ അവസരം ലഭിക്കുമ്പോൾ ഭാഗ്യമെന്നല്ലാതെ മറ്റെന്ത് പറയാൻ. ഇന്ത്യൻ 2 വിൻ്റെ മലയാളം വേർഷനുവേണ്ടിയാണ് പാട്ടെഴുതിയിരിക്കുന്നത്. ഇന്ത്യനിലെ 'പച്ചൈക്കിളികൾ', 'ടെലഫോൺ മണി പോൽ' ഒക്കെ എവർഗ്രീൻ അല്ലേ? മാത്രമല്ല എടുത്ത എല്ലാ സിനിമകളിലും ഹിറ്റ് പാട്ടുകളുള്ള ഷങ്കർ സാറിന്റെ പടത്തിലെ അവസരം, അതിന്റെ സന്തോഷം വാക്കുകളിൽ ഒതുക്കാവുന്നതല്ല.
നീല നിലവേ ലക്ക് ആയി
നീല നിലവേ കേട്ടിട്ടാണ് ഷങ്കർ സാറിൻ്റെ അസിസ്റ്റൻ്റ് വിളിക്കുന്നത് . മലയാളം വേർഷനുവേണ്ടി ഒരു പാട്ടെഴുതാമോ എന്ന് ചോദിച്ചു. അഞ്ച് ഭാഷകളിൽ ഇറങ്ങുന്ന ഇന്ത്യൻ 2 വിൻ്റെ എല്ലാ വേർഷൻസിനും ഷങ്കർ സാർ നേരിട്ടാണ് നേതൃത്വം വഹിക്കുന്നത്. ഒറ്റ ഡിമാൻഡേ ഉണ്ടായിരുന്നുള്ളൂ. തമിഴ് പതിപ്പിൻ്റെ ട്രാൻസലേഷനായി തോന്നരുത്. എന്നാൽ അർത്ഥം ഏതാണ്ട് അതുതന്നെ ആവുകയും വേണം. എല്ലാ ഭാഷകളിലും ഒരേ ട്രാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനോട് ചേരുന്നവിധത്തിലും ആവണം വരികൾ. അങ്ങനെ കുറച്ച് പരിമിതികളൊക്കെ ഉണ്ടായിരുന്നെങ്കിലും രണ്ടു മൂന്ന് മണിക്കൂറിൽ തന്നെ പാട്ടെഴുതിക്കഴിഞ്ഞു.
ഷങ്കർ സാർ താങ്ക്സ് പറയാൻ കാരണം
ആദ്യം വരികളെഴുതി കഴിഞ്ഞപ്പോൾ തന്നെ 85 ശതമാനം ഓക്കെ പറഞ്ഞു. ചെറിയ തിരുത്തുകളുണ്ടായിരുന്നു. അതും വേഗത്തിൽ ചെയ്യാനായി. പാട്ട് കേട്ടിട്ട് ഷങ്കർ സാർ താങ്ക്സ് പറയാൻ പറഞ്ഞെന്ന് അസ്റ്റിസ്റ്റന്റ് പറഞ്ഞു. ഷങ്കർ സാറിനോട് നേരിട്ട് സംസാരിക്കാൻ സാധിച്ചിട്ടില്ല. അദ്ദേഹം രാം ചരൺ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലായിരുന്നു.
അനിരുദ്ധ് മാജിക്ക്
അനിരുദ്ധിൻ്റെ പാട്ടിൻ്റെ ഫൈനൽ ഔട്ടായിട്ടാണല്ലോ ഇതുവരെ കേട്ടിട്ടുള്ളത് . ഇതു പക്ഷേ scratch ലെവൽ മുതൽ സഞ്ചരിച്ചപ്പോഴാണ് അനിരുദ്ധ് മാജിക്ക് ശരിക്കും ബോധ്യപ്പെട്ടത്. എന്തുകൊണ്ടാണ് അദ്ദേഹം എക്സൽ (മികവ് പുലർത്തുക) ചെയ്യുന്നതെന്ന് മനസിലായത്. വരികൾ എഴുതുന്നതിന് മുൻപ് ഫോണിൽ ട്രാക്ക് കേൾപ്പിച്ച് തരികയായിരുന്നു. ഫൈനൽ മിക്സ് കഴിഞ്ഞ് പാട്ട് കേട്ടപ്പോൾ വേറെ ലെവലായെന്ന് തോന്നി.
നീല നിലവേ സർപ്രൈസ് ഹിറ്റ്
ആർഡിഎക്സിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് പരീക്ഷണം പോലെ ചെയ്തത് ഹല ബല്ലൂ ആയിരുന്നു. നീല നിലവേ ഒരു റൊമാൻ്റിക് സൈഡ് ട്രാക്കായി മാത്രമേ കണ്ടിരുന്നുള്ളൂ. പക്ഷേ ഹലബല്ലൂ സമയ പരിമിതി മൂലം സിനിമയിൽ വേണ്ട രീതിയിൽ ഉൾപ്പെടുത്താനായില്ല. നീല നിലവേ ടോട്ടാലിറ്റിയിൽ നന്നായി വരികയും ചെയ്തു. മൊത്തതിൽ ഒരു ഫ്രെഷ് നെസ് ഫീൽ കിട്ടി നീല നിലവിന്. അതാകാം ഹിറ്റ് അടിക്കാൻ കാരണം.
അടുത്ത പാട്ടുകൾ
വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ ചിത്രം വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ടെഴുതിയിട്ടുണ്ട്. നന്നായി ആസ്വദിച്ച് ചെയ്ത ഒരു പാട്ടാണ്. വിനീതേട്ടനുവേണ്ടി കുറേ പാട്ടുകൾ ചെയ്തെങ്കിലും ഒരുമിച്ചിരുന്ന് എഴുതിയത് ആദ്യമായിട്ടാണ്. നല്ല പ്രതീക്ഷയുള്ള പാട്ടാണത്. അജയൻ്റെ രണ്ടാം മോഷണത്തിലെ രണ്ടു പാട്ടുകളും നന്നായി വന്നിട്ടുണ്ടെന്നാണ് വിശ്വാസം.