അനശ്വരഗാനങ്ങൾ നാം കേട്ടത് ജോർജ് ചിത്രങ്ങളിൽ
കെ ജി ജോർജ്ജിന്റെ സിനിമാ സങ്കൽപ്പങ്ങളിൽ ഒരിക്കലുമുണ്ടായിരുന്നില്ല സിനിമാപ്പാട്ടിന് സ്ഥാനം. പശ്ചാത്തല സംഗീതമാണ് യഥാർത്ഥ ചലച്ചിത്ര സംഗീതം എന്ന് വിശ്വസിച്ചു അദ്ദേഹം. ദുഃഖം വരുമ്പോഴും സന്തോഷം വരുമ്പോഴും രോഷം വരുമ്പോഴും തെരുവിൽ ഇറങ്ങി ഉച്ചത്തിൽ പാടിനടക്കുന്ന കച്ചവട സിനിമയിലെ നായികാനായക കഥാപാത്രങ്ങളെ ചെറുപ്പം മുതലേ ഉൾക്കൊള്ളാൻ മടിച്ചു ജോർജിന്റെ മനസ്സ്. അസാരം പുച്ഛവും ഉണ്ടായിരുന്നു അത്തരം നാട്യങ്ങളോട്. എന്നിട്ടും, മലയാളത്തിലെ ക്ലാസിക് ഗാനങ്ങൾ പലതും നാം കണ്ടതും കേട്ടതും കെ ജി ജോർജ്ജ് ചിത്രങ്ങളിലാണെന്നത് വിധിനിയോഗമാകാം.
ആദ്യ ചിത്രമായ "സ്വപ്നാടന" (1976)ത്തിൽ തന്നെ സ്വന്തം നിലപാടിൽ മാറ്റം വരുത്തേണ്ടി വന്നേനെ ജോർജ്ജിന്. പാട്ടുകൾ ഇല്ലാത്ത സിനിമകൾക്ക് വിതരണക്കാരെ കിട്ടാത്ത കാലമായിരുന്നു അതെന്നോർക്കണം. അന്നത്തെ വാണിജ്യ സിനിമയുടെ സ്ഥിരം ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്നെ "സ്വപ്നാടന''ത്തിന് വേണ്ടി നാല് ഗാനങ്ങൾ റെക്കോർഡ് ചെയ്യാൻ നിർബന്ധിതനായി അദ്ദേഹം. പ്രണയം, വിഷാദം, വിരഹം തുടങ്ങിയ വികാരങ്ങൾ ആവിഷ്കരിക്കുന്ന പാട്ടുകൾ; ഒപ്പം പരമ്പരാഗത ശൈലിയിലുള്ള ഒരു കഥാഗാനവും. ബ്രഹ്മാനന്ദൻ (വേദന നിന്ന് വിതുമ്പുന്ന ഹൃത്തിൽ), പി ബി ശ്രീനിവാസ് (കണ്ണീർ കടലിൽ), എസ് ജാനകി (സ്വർഗ്ഗ ഗോപുര വാതിലിൽ), പി സുശീല (പണ്ടു പണ്ടൊരു പാലച്ചില്ലയിൽ) എന്നിവരായിരുന്നു ഗായകർ. പി ജെ ഈഴക്കടവ് എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ജോർജ്ജിന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കാലത്തെ സുഹൃത്ത് കൂടിയായിരുന്ന ഭാസ്കർ ചന്ദവർക്കർ.
"വളരെ പ്രതീക്ഷയോടെ ചെയ്ത ആദ്യ സിനിമയിൽ പാട്ടുകൾ ഉൾപ്പെടുത്തേണ്ടി വരുമോ എന്നോർത്ത് ഉറക്കം തന്നെ നഷ്ടപ്പെട്ട നാളുകളായിരുന്നു അത്. '' -- ആ കാലത്തെ കുറിച്ച് പിന്നീട് ജോർജ്ജ് പറഞ്ഞു. "ഗാനചിത്രീകരണം എന്നൊരു ഏർപ്പാടിനെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും വയ്യ. ഒടുവിൽ രണ്ടും കൽപ്പിച്ചു ഞാൻ ഒരു തീരുമാനമെടുത്തു. റെക്കോർഡ് ചെയ്ത പാട്ടുകൾ ഉപേക്ഷിച്ചുകളയുക. അതുകൊണ്ട് സിനിമയുടെ കച്ചവടം നടക്കാതെ പോകുകയാണെങ്കിൽ അതാണ് അതിന്റെ വിധി എന്ന് കരുതി സമാധാനിക്കുക.''
അങ്ങനെ പാട്ടുകൾ ഇല്ലാതെ തന്നെ "സ്വപ്നാടനം'' പുറത്തിറങ്ങുന്നു. മലയാള സിനിമയിൽ പുതിയൊരു ദൃശ്യ സംസ്കാരത്തിന് നാന്ദി കുറിച്ച ചിത്രം. "പാട്ടുകൾ ഉണ്ടായിരുന്നെങ്കിൽ സിനിമ എന്ന നിലയിൽ "സ്വപ്നാടനം'' ഒരു പരാജയമായേനെ എന്ന് തോന്നാറുണ്ട്.''- ജോർജ്ജ്.
പക്ഷേ, "സ്വപ്നാടന''ത്തിനു പിന്നാലെ വന്ന പല സിനിമകളിലും തന്റെ നിലപാടിൽ അയവ് വരുത്തേണ്ടിവന്നു ജോർജ്ജിന്. ശ്രീധർ സംവിധാനം ചെയ്ത "പോലീസുകാരൻ മകൾ'' എന്ന തമിഴ് ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്ന "വ്യാമോഹ'' (1978) ത്തിൽ ഇളയരാജയുടെ ഈണത്തിലുള്ള മൂന്ന് പാട്ടുകൾ ഉൾപ്പെടുത്താൻ തയ്യാറായി അദ്ദേഹം. യേശുദാസും ജാനകിയും പാടിയ "പൂവാടികളിൽ അലയും തേനിളം കാറ്റേ" (രചന: ഡോ പവിത്രൻ) എന്ന സുന്ദര പ്രണയഗാനത്തിന്റെ ശീലുകളേ ഇന്ന് ഈ സിനിമ ഓർമ്മയിൽ കൊണ്ടുവരുന്നുള്ളൂ. മലയാളത്തിൽ ഇളയരാജയുടെ അരങ്ങേറ്റ ചിത്രം എന്ന സവിശേഷതയുണ്ട് "വ്യാമോഹ"ത്തിന്. പൂവാടികളിൽ എന്ന ഗാനം വെള്ളിത്തിരയിൽ പാടി അഭിനയിച്ചത് പിൽക്കാലത്ത് വില്ലനും സ്വഭാവനടനുമായൊക്കെ ആയി തിളങ്ങിയ ജനാർദ്ദനൻ.
വികളും എഴുത്തുകാരുമൊക്കെയാണ് അന്നത്തെ കാമ്പസ്സുകളുടെ ആരാധനാപാത്രങ്ങൾ.
തുടർന്നു വന്ന സിനിമകളിലും ഉണ്ടായിരുന്നു ഗാനങ്ങൾ -- രാപ്പാടികളുടെ ഗാഥ, ഓണപ്പുടവ, ഇനിയവൾ ഉറങ്ങട്ടെ, മണ്ണ് എന്നിങ്ങനെ. അതു കഴിഞ്ഞാണ് ജോർജ്ജിന്റെ സിനിമാജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട "ഉൾക്കടലി''ന്റെയും "യവനിക''യുടെയും വരവ്. "ഉൾക്കടൽ പോലൊരു സിനിമ എടുക്കുമ്പോൾ അതൊരു മ്യൂസിക്കൽ ഹിറ്റ് ആകുമെന്ന പ്രതീക്ഷയൊന്നും ഇല്ല. ഒരു കാമ്പസ് കഥ. കവികളും എഴുത്തുകാരുമൊക്കെയാണ് അന്നത്തെ കാമ്പസ്സുകളുടെ ആരാധനാപാത്രങ്ങൾ. സ്വാഭാവികമായും ഉൾക്കടലിലെ നായകനും ഒരു കവിയാണ്. അയാൾക്ക് ഇണങ്ങുന്ന കുറച്ചു നല്ല കവിതകൾ വേണം. ഒ എൻ വി അതീവ ഹൃദ്യമായ കവികൾ എഴുതിത്തന്നു. വളരെ ലളിതമായി, അനാവശ്യമായ ആഡംബരങ്ങൾ ഒന്നും കൂടാതെ എം ബി എസ് അവയ്ക്ക് സംഗീതം നൽകുകയും ചെയ്തു. സാധാരണക്കാരായ പ്രേക്ഷകരെ സിനിമയുമായി അടുപ്പിക്കാൻ യേശുദാസ് പാടിയ ആ പാട്ടുകളും സഹായകമായിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ.''-- ജോർജ്ജ്.
യേശുദാസിന്റെ ആ ഗാനങ്ങളെ ഒഴിച്ചുനിർത്തി ഉൾക്കടൽ എങ്ങനെ ഓർത്തെടുക്കും നാം? - എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടി, നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ, കൃഷ്ണതുളസി കതിരുകൾ ചൂടിയ. ഗാനചിത്രീകരണത്തിലും ഉണ്ടായിരുന്നു ഒരു ജോർജ്ജിയൻ അലസത. അലക്ഷ്യമായി നടന്നു നീങ്ങുകയും ഇടയ്ക്കൊക്കെ ഏതെങ്കിലും മരച്ചുവട്ടിൽ പോയിരിക്കുകയും ചെയ്യുന്ന വേണു നാഗവള്ളിയാണ് എല്ലാ ഗാനങ്ങളുടെയും പശ്ചാത്തലത്തിൽ. വരികൾക്കൊത്ത് വേണുവും ശോഭയും ചുണ്ടനക്കുന്നത് ഒരേയൊരു പാട്ടിൽ മാത്രം -- ജയചന്ദ്രനും സൽമാ ജോർജ്ജും പാടിയ "ശരദിന്ദു മലർദീപ നാളം നീട്ടി.''
ഗാനങ്ങൾക്കും ഗാനരംഗങ്ങൾക്കും ധാരാളം സാദ്ധ്യതകൾ ഉണ്ടായിരുന്ന ചിത്രമാണ് "യവനിക''. നാടകാവതരണത്തിന്റെ ഭാഗമായാണ് യേശുദാസിന്റെ മൂന്ന് പാട്ടുകളും സിനിമയിൽ കടന്നുവരുന്നത്. മൂന്നും മലയാളികൾ എക്കാലവും ഓർമ്മയിൽ സൂക്ഷിക്കുന്ന പാട്ടുകൾ -- ഭരതമുനിയൊരു കളം വരച്ചു, ചെമ്പക പുഷ്പ സുവാസിത യാമം, മിഴികളിൽ നിറകതിരായി. (ഒ എൻ വി -- എം ബി ശ്രീനിവാസൻ). സന്ദർഭവുമായി ചേർന്നു നിൽക്കുന്നതിനാൽ കഥാഗതിയിൽ അനായാസം ലയിച്ചുചേരുന്നു ഈ ഗാനങ്ങളെല്ലാം.
മമ്മൂട്ടി പാടി അഭിനയിച്ച ആദ്യകാല യേശുദാസ് ഗാനങ്ങളിൽ ഒന്നായ "മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു'' (മുല്ലനേഴി -- എം ബി എസ്) നാം കേട്ടതും ജോർജ്ജിന്റെ സിനിമയിൽ തന്നെ -- മേള (1980). തുടർന്നുള്ള മിക്ക സിനിമകളിലും പാട്ടുകളിൽ നിന്ന് ബോധപൂർവമായ അകൽച്ച പാലിച്ച ജോർജ്ജ് "ഇലവങ്കോട് ദേശ''ത്തിലാണ് ആ പതിവ് തെറ്റിച്ചത്. ഒ എൻ വി എഴുതി വിദ്യാസാഗർ ഈണമിട്ട അഞ്ചു പാട്ടുകളുണ്ടായിരുന്നു ആ ചിത്രത്തിൽ. എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം (യേശുദാസ്), ചെമ്പക മലരൊളി (യേശുദാസ്, ചിത്ര) എന്നീ പാട്ടുകൾ മറക്കാനാവില്ല; സിനിമ എളുപ്പം തിയേറ്റർ വിട്ടൊഴിഞ്ഞെങ്കിലും.
"അവസരത്തിലും അനവസരത്തിലും പാട്ടുകൾ കുത്തിനിറച്ച സിനിമകളോട് പണ്ടേയില്ല കമ്പം. സിനിമാ സംഗീതം എന്നാൽ പശ്ചാത്തല സംഗീതം ആണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. പ്രമേയ സംഗീതം എന്ന ആശയം ആദാമിന്റെ വാരിയെല്ല് പോലുള്ള സിനിമകളിൽ ഔചിത്യപൂർവം ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. മൂന്ന് പ്രധാന സ്ത്രീ കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിന് ഇണങ്ങും വിധം മൂന്ന് വ്യത്യസ്ത മ്യൂസിക്കൽ തീമുകളാണ് അതിൽ എം ബി എസ് ഒരുക്കിയത്. അന്നത് ഒരു അപൂർവതയായിരുന്നു. എന്നാൽ എല്ലാ സിനിമകളിലും അതുപോലുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്നില്ല. ചിലപ്പോഴൊക്കെ ഒത്തുതീർപ്പുകൾക്ക് വഴങ്ങേണ്ടിവരും. എങ്കിലും എന്റെ സിനിമയിലെ പാട്ടുകൾ ഒന്നും മോശമായില്ല എന്ന് നിങ്ങൾ പറഞ്ഞുകേൾക്കുമ്പോൾ സന്തോഷം.'' -- ഭീംസെൻ ജോഷിയുടെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെയും പഴയ ഹിന്ദി പാട്ടുകളുടെയും വലിയൊരു ആരാധകനായ ജോർജ്ജിന്റെ വാക്കുകൾ.